തുനിസ്: തുനീഷ്യയിൽ ജനാധിപത്യത്തിനും സാമൂഹിക നീതിക്കും വേണ്ടി നിലകൊണ്ട പ്രമുഖ നേതാവും അന്നഹ്ദ പാർട്ടി അധ്യക്ഷനുമായ റാശിദ് ഗന്നൂശിക്ക് തുനീഷ്യൻ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. വിവിധ കേസുകളിലായി 106 വർഷത്തെ തടവുശിക്ഷക്ക് പുറമെയാണ് 85 വയസ്സുകാരനായ ഗന്നൂശിക്ക് ഇപ്പോൾ ജീവപര്യന്തം കൂടി വിധിച്ചിരിക്കുന്നത്. ഗന്നൂശിക്കൊപ്പം മുൻ പ്രധാനമന്ത്രി അലി ലാറയദിന് 42 വർഷവും മുസ്തഫ ഖാദിറിന് 96 വർഷവും തടവുശിക്ഷ വിധിച്ചു. കേസിൽ ഉൾപ്പെട്ട മറ്റ് ഏഴ് പ്രതികൾക്കും ജീവപര്യന്തം തടവാണ് കോടതി പ്രഖ്യാപിച്ചിരിക്കുന്നത്.
ഭരണകൂടത്തിന്റെ ക്രൂരമായ ഈ വിധിക്ക് പിന്നാലെ, ജയിലിൽ കഴിയുന്ന പിതാവിനെക്കുറിച്ച് റാശിദ് ഗന്നൂശിയുടെ മകൾ തസ്നീം ഗന്നൂശി എഴുതിയ വൈകാരികമായ കത്ത് ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയാവുകയാണ്. തുനീഷ്യയുടെ ചരിത്രത്തിലെ വിവിധ ഏകാധിപത്യ ഭരണകൂടങ്ങൾ തന്റെ പിതാവിനെതിരെ പ്രഖ്യാപിക്കുന്ന നാലാമത്തെ ജീവപര്യന്തമാണിതെന്ന് മകൾ കത്തിൽ ചൂണ്ടിക്കാണിക്കുന്നു.
തന്റെ പിതാവിനെ തടവിലിടുക എന്നതിലുപരി, അദ്ദേഹത്തിന്റെ ആശയങ്ങളെ ഇല്ലാതാക്കാനും തുനീഷ്യക്ക് മെച്ചപ്പെട്ട ഒരു ഭാവി അർഹതപ്പെട്ടിരിക്കുന്നു എന്ന് വിശ്വസിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകാനുമാണ് ഭരണകൂടം ശ്രമിക്കുന്നത്. പുറമെ ശക്തമെന്ന് തോന്നുമെങ്കിലും വാക്കുകളെയും ഓർമകളെയും നീതിക്ക് വേണ്ടി പോരാടുന്ന പ്രതീകങ്ങളെയും നിലവിലെ ഭരണകൂടം എത്രത്തോളം ഭയപ്പെടുന്നു എന്നതിന്റെ തെളിവാണ് ഈ ക്രൂരതയെന്നും തസ്നീം പറയുന്നു. 1987ൽ ഹബീബ് ബൂർഖിബയുടെ ഭരണകാലത്ത് പിതാവിന് ആദ്യമായി ജീവപര്യന്തം ശിക്ഷ ലഭിച്ച കാലത്തെ തസ്നീം കത്തിൽ ഓർക്കുന്നുണ്ട്. അന്ന് ഗന്നൂശിയെ ജീവനോടെ കൊല്ലാനായിരുന്നു ഭരണാധികാരിയുടെ ഉത്തരവ്.
ഒരു രാജ്യം നീതിക്ക് വേണ്ടി കൊതിക്കുമ്പോൾ, അവിടുത്തെ ജനങ്ങളെ അനീതിയുമായി പൊരുത്തപ്പെടാൻ ഭരണകൂടം നിർബന്ധിക്കുകയാണെന്ന് മകൾ കുറ്റപ്പെടുത്തി. ഏകാധിപത്യത്തിൽ തപ്പിത്തടയുന്ന അധികാരികൾക്ക് മുന്നിൽ ജയിലിന്റെ നാല് ചുവരുകൾക്കുള്ളിലും പുഞ്ചിരിയോടെ ദൂരേക്ക് നോക്കിനിൽക്കുന്ന തന്റെ പിതാവിന്റെ ചിത്രം കത്തിൽ മകൾ പങ്കുവെക്കുന്നുണ്ട്. ജയിൽ ഇടനാഴികളിൽ അഭിമാനത്തോടെ മുഴങ്ങിക്കേൾക്കുന്ന അദ്ദേഹത്തിന്റെ വാക്കുകൾ മകൾ കത്തിൽ കുറിച്ചിടുന്നു: “ഞങ്ങൾ ഉറച്ചുനിൽക്കും, ഞങ്ങൾ ഉറച്ചുനിൽക്കും, ഞങ്ങൾ ഉറച്ചുനിൽക്കും. എവിടെയൊക്കെ സത്യവും നീതിയും ഉണ്ടോ, അവിടെയെല്ലാം ഞങ്ങളുണ്ടാകും. മരണം ഞങ്ങൾ സ്വീകരിക്കും, പക്ഷേ അപമാനം ഒരിക്കലും അംഗീകരിക്കില്ല.”
തന്റെ പിതാവിന്റെ തളരാത്ത മനസ്സ് ദുഖത്തെ വലിയ അഭിമാനമാക്കി മാറ്റുന്നുവെന്ന് തസ്നീം പറയുന്നു. ജയിലിന് ഒരു മനുഷ്യന്റെ ഭൗതിക സ്വാതന്ത്ര്യം തടയാൻ കഴിഞ്ഞേക്കാം, എന്നാൽ ആത്മാവ് തൊട്ടറിഞ്ഞ ആശയങ്ങളെയും അഭിമാനത്തെയും തട്ടിയെടുക്കാൻ കഴിയില്ല. 85 വയസ്സിനോട് അടുക്കുന്ന ഈ പ്രായത്തിലും അഴിക്കുള്ളിൽ കിടന്ന് അദ്ദേഹം നടത്തുന്ന പോരാട്ടം ഒരു മുദ്രാവാക്യമല്ല, മറിച്ച് അദ്ദേഹത്തിന്റെ ജീവിതരീതിയാണെന്ന് തസ്നീം സാക്ഷ്യപ്പെടുത്തുന്നു.
‘‘ഭരണകൂടങ്ങൾ മാറാം, മുഖങ്ങൾ മാറാം, പക്ഷേ അനീതിക്കെതിരെ പോരാടാൻ തീരുമാനിച്ചവർ എന്നും ബാക്കിയുണ്ടാകും. എന്റെ പിതാവേ, എൺപത്തിയഞ്ച് വയസ്സിലും നിങ്ങൾ ഉയർത്തുന്ന ഈ ശബ്ദം ഒരു മുദ്രാവാക്യം മാത്രമല്ല, അതൊരു ജീവിതരീതിയാണ്.അനീതി എത്ര നീണ്ടുനിന്നാലും അതൊരിക്കലും സാധാരണമാകില്ല. ഞങ്ങൾ ഉറച്ചുനിൽക്കും, ഞങ്ങളുടെ പോരാട്ടം തുടരും’’- മകൾ കുറിച്ചു. തുനീഷ്യയിലെ തടവറകളിൽ കഴിയുന്ന എല്ലാ രാഷ്ട്രീയ തടവുകാർക്കും അവരുടെ കുടുംബങ്ങൾക്കും ക്ഷമ നേർന്നുകൊണ്ടാണ് റാഷിദ് ഗന്നൂശിയുടെ മകൾ തസ്നീം കത്ത് അവസാനിപ്പിക്കുന്നത്.
1941ൽ ജനിച്ച ഗന്നൂശി, അറബ് ലോകത്തെ ഏറ്റവും സ്വാധീനമുള്ള ചിന്തകരിൽ ഒരാളാണ്. അറബ് വസന്തത്തിന് ശേഷം അദ്ദേഹത്തിന്റെ പാർട്ടിയായ അന്നഹ്ദ, ജനാധിപത്യപരമായ തെരഞ്ഞെടുപ്പുകളിൽ വലിയ വിജയം നേടി. പിന്നീട് 2019ൽ നടന്ന തെരഞ്ഞെടുപ്പിൽ അന്നഹ്ദ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ഇതിനെത്തുടർന്ന് അദ്ദേഹം പാർലമെന്റ് സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തിന്റെ ഭരണഘടനയനുസരിച്ചുള്ള പ്രധാനപ്പെട്ട ചുമതലകളിൽ ഒന്നായിരുന്നു ഇത്.
നിലവിലെ തുനീഷ്യൻ ഭരണകൂടം ഗന്നൂശിക്കെതിരെ സ്വീകരിച്ചിരിക്കുന്ന നടപടികൾ മനുഷ്യാവകാശ സംഘടനകളും ജനാധിപത്യ നിരീക്ഷകരും ശക്തമായി വിമർശിക്കുന്നുണ്ട്. ഗന്നൂശിക്കെതിരായ മിക്ക കേസുകളും തെളിവുകളുടെ അടിസ്ഥാനത്തിലല്ല, മറിച്ച് അദ്ദേഹത്തിന്റെ രാഷ്ട്രീയ സ്വാധീനത്തെ ഇല്ലാതാക്കാൻ ഭരണകൂടം മെനഞ്ഞെടുത്തതാണെന്ന് ആരോപിക്കപ്പെടുന്നു. പ്രതിപക്ഷത്തിന്റെ ശബ്ദത്തെ പൂർണ്ണമായി അടിച്ചമർത്താനാണ് ഈ നീക്കങ്ങൾ.
തടവിലാക്കപ്പെട്ട സാഹചര്യത്തിലും, അദ്ദേഹത്തിന് മതിയായ നിയമസഹായമോ നീതിപൂർവ്വമായ വിചാരണയോ ലഭിക്കുന്നില്ലെന്ന് മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടിയിരുന്നു. കോടതി നടപടികൾ സുതാര്യമല്ലെന്നും പലപ്പോഴും രാഷ്ട്രീയ സമർദത്തിന് വഴങ്ങിയാണ് വിധികൾ പുറപ്പെടുവിക്കുന്നതെന്നും വിമർശനമുണ്ട്.
2011ൽ നേടിയെടുത്ത ജനാധിപത്യ മൂല്യങ്ങളെ തകർത്ത്, രാജ്യം വീണ്ടും പഴയ സ്വേച്ഛാധിപത്യ ശൈലിയിലേക്ക് മടങ്ങുന്നതിന്റെ അടയാളമായാണ് ഗന്നൂശിക്കെതിരായ ശിക്ഷകളെ പലരും കാണുന്നത്. ഒരു വയോധികനായ രാഷ്ട്രീയ നേതാവിനെതിരെ ജീവപര്യന്തം ശിക്ഷകൾ തുടർച്ചയായി ചുമത്തുന്നത് നീതിയുടെ ലംഘനമായാണ് അന്താരാഷ്ട്ര സമൂഹം വിലയിരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.