ഇസ്രായേലിൽ ‘അറബ് വസന്തം’?; അറബ് പാർട്ടികൾ നിർണായകമെന്ന് എക്സിറ്റ് പോൾ

ജറുസലേം: ഇസ്രായേൽ പാർലമെന്റായ നെസെറ്റിൽ അറബ് പാർട്ടികൾ റെക്കോർഡ് വിജയം നേടി 18 സീറ്റുകൾ വരെ സ്വന്തമാക്കിയേക്കുമെന്ന് എക്സിറ്റ് പോൾ സൂചനകൾ. ഇസ്രായേലിലെ ഫലസ്തീൻ പൗരന്മാർക്കിടയിൽ പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും ഉയർന്ന പോളിങ് ശതമാനം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഈ പ്രവചനം. ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പിന്റെ എക്സിറ്റ് പോൾ ഡാറ്റ പ്രകാരം, പ്രമുഖ അറബ് നേതൃത്വത്തിലുള്ള കക്ഷികളായ ജോയിന്റ് ലിസ്റ്റും റാമും 120 അംഗ നെസെറ്റിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സീറ്റ് നിലയിലേക്ക് എത്തുമെന്നാണ് കണക്കാക്കുന്നത്. മുൻ ഇസ്രായേലി മിലിട്ടറി ചീഫ് ഓഫ് സ്റ്റാഫ് ഗാഡി ഐസൻകോട്ടിന്റെ ‘യഷാർ' പാർട്ടി നയിക്കുന്ന പ്രതിപക്ഷ ബ്ലോക്കും, പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ ‘ലിക്കുഡ്’ പാർട്ടി നയിക്കുന്ന ബ്ലോക്കും ഒപ്പത്തിനൊപ്പമായിരിക്കുമെന്നാണ് പുറത്തുവന്നുകൊണ്ടിരിക്കുന്ന ഫലങ്ങൾ സൂചിപ്പിക്കുന്നത്.

ഇസ്രായേലിലെ ഫലസ്തീൻ പൗരന്മാർക്കിടയിലെ വോട്ടിങ് നിരക്ക് ഏകദേശം 80 ശതമാനമായി ഉയർന്നതായി ഇസ്രായേലിന്റെ ചാനൽ 12 റിപ്പോർട്ട് ചെയ്തു. 1999 ലെ റെക്കോർഡുകളെ തകിടം മറിക്കുന്നതാണ് ഈ കണക്കുകൾ.

നെതന്യാഹുവിനെതിരെയുള്ള ബ്ലോക്കിനെതിടെ സർക്കാർ രൂപവത്കരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ജോയിന്റ് ലിസ്റ്റും റാം നേതാവ് മൻസൂർ അബ്ബാസ് പ്രതികരിച്ചു. ‘ഞങ്ങളുടെ കൈവശമുള്ള കണക്കുകൾ വെച്ച് നോക്കിയാൽ, നിലവിൽ അവിടെ ഒരു സർക്കാറില്ല’- അദ്ദേഹം ചാനൽ 12-നോട് പറഞ്ഞു.

2021-2022 കാലഘട്ടത്തിൽ ഇസ്രായേൽ ഭരണസഖ്യത്തിന്റെ ഭാഗമായിരുന്ന റാം പാർട്ടിക്ക് നിലവിൽ അഞ്ച് നിയമസഭാ സീറ്റുകളുണ്ട്. തെരഞ്ഞെടുപ്പിന് മുൻപും ശേഷവും പ്രധാനപ്പെട്ട രണ്ട് ബ്ലോക്കുകളും തങ്ങളെ സമീപിച്ചിരുന്നുവെന്നും അബ്ബാസ് വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ അറബ് പാർട്ടികളുമായി സഖ്യമുണ്ടാക്കില്ലെന്ന് പ്രതിപക്ഷ കക്ഷികൾ വാഗ്ദാനം ചെയ്തിരുന്നതിനാൽ സർക്കാർ രൂപവത്കരണം പ്രയാസകരമാകുമെന്ന് മുൻ ഇസ്രായേൽ അംബാസഡർ അലോൺ പിൻകാസ് അൽ ജസീറയോട് പറഞ്ഞു. ‘അതിന് വലിയ വില നൽകേണ്ടി വരും’- അദ്ദേഹം വ്യക്തമാക്കി. വോട്ടുകൾ ആവശ്യമായി വരുമ്പോൾ മാത്രം അറബികളെ കൂടെക്കൂട്ടുകയും മറ്റെല്ലാ സമയത്തും അവരെ പുറത്തുനിർത്തുകയും ചെയ്യുന്ന ശൈലി അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജൂത നേതൃത്വത്തിലുള്ള സഖ്യസർക്കാരിന് അംഗീകരിക്കാൻ ബുദ്ധിമുട്ടായ പല ആവശ്യങ്ങളും അറബ് ലിസ്റ്റുകൾ ഉന്നയിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പോളിങ് ശതമാനം കുത്തനെ ഉയരുന്നത് തടയാൻ നെതന്യാഹുവും അദ്ദേഹത്തിന്റെ തീവ്രവലതുപക്ഷ സഖ്യവും അവസാന നിമിഷം വലിയ ശ്രമങ്ങളാണ് നടത്തിയത്. ഫലസ്തീൻ പൗരന്മാർക്കിടയിലെ വോട്ടിങ് വർധനവിനെതിരെ നെതന്യാഹു മുന്നറിയിപ്പ് നൽകിയത് വംശീയവും പ്രകോപനപരവുമാണെന്ന് അറബ് രാഷ്ട്രീയക്കാർ അപലപിച്ചു. നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി പതാകകളേന്തിയ കാറുകൾ ജറുസലേമിലൂടെ റാലി നടത്തുകയും, ‘അറബികൾ വോട്ട് ചെയ്യുകയാണ്’ എന്ന് ആക്രോശിച്ചുകൊണ്ട് വോട്ട് അഭ്യർഥിക്കുകയും ചെയ്തു.

സമൂഹമാധ്യമങ്ങളിലൂടെ അറബ് മേഖലകളിലെ പോളിങ് ബൂത്തുകളിലെ നീണ്ട നിരകളുടെ ചിത്രങ്ങളും, മുഖം മൂടിയ നിഖാബ് ധരിച്ച ഫലസ്തീൻ സ്ത്രീകളുടെ ചിത്രങ്ങളും പങ്കുവെച്ചുകൊണ്ട് നെതന്യാഹു ആശങ്ക പ്രകടിപ്പിച്ചു. ‘നാം ഇപ്പോൾ ഉണർന്നില്ലെങ്കിൽ, മൻസൂർ അബ്ബാസിന്റെയും അഹമ്മദ് തിബിയുടെയും സർക്കാർ വരുന്നത് നമുക്ക് കാണേണ്ടി വരും’- അദ്ദേഹം മുന്നറിയിപ്പ് നൽകി.

അധിനിവേശ വെസ്റ്റ് ബാങ്കിലെ റാമല്ലയിൽ നിന്നുള്ള അൽ ജസീറയുടെ പ്രതിനിധി നൂർ ഔദേ, ഈ തെരഞ്ഞെടുപ്പിനെ ഫലസ്തീൻ-ഇസ്രായേലികൾ സംബന്ധിച്ചിടത്തോളം ‘ഒരു നിലനിൽപ്പിന്റെ നിമിഷം’ എന്നാണ് വിശേഷിപ്പിച്ചത്. സാധാരണയായി തെരഞ്ഞെടുപ്പുകളെ ബഹിഷ്കരിക്കാറുള്ളവരും, തങ്ങളുടെ ജീവിത സാഹചര്യങ്ങളിൽ മാറ്റം വരുത്താൻ വോട്ടുകൾക്ക് കഴിയില്ലെന്ന് കരുതിയിരുന്നവരുമായ വലിയൊരു വിഭാഗം ജനങ്ങളാണ് ഇത്തവണ വോട്ട് ചെയ്യാനെത്തിയത്. ഫലസ്തീൻ പൗരന്മാർക്ക് നേരെ ഭരണകൂടം നടത്തുന്ന വ്യവസ്ഥാപിതമായ വിവേചനങ്ങളെ ചെറുക്കുന്നതിനാണ് ഈ വോട്ടിങ് എന്ന് അവർ നിരീക്ഷിച്ചു. ഫലസ്തീൻ പൗരന്മാർക്കെതിരെ 100ലധികം വിവേചനപരമായ നിയമങ്ങൾ നെസെറ്റ് പാസാക്കിയിട്ടുണ്ടെന്നും ഔദേ കൂട്ടിച്ചേർത്തു.

Tags:    
News Summary - rab Parties Set For Record Win In Israel; To Be Decisiv

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.