തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ബ്രസീൽ വിട്ട് ഫ്ലാവിയോ ബൊൾസൊനാരോ; യു.എസ് വിസ അനുവദിക്കും
ബ്രസീലിയ: ബ്രസീലിയൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സെനറ്റർ ഫ്ലാവിയോ ബൊൾസൊനാരോ രാജ്യം വിട്ട് അമേരിക്കയിലേക്ക് കടന്നു. പണമിടപാട് കേസിലെ അന്വേഷണത്തിന്റെ ഭാഗമായി 24 മണിക്കൂറിനകം പാസ്പോർട്ട് ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചിരുന്നെങ്കിലും ഇത് പാലിക്കാതെയാണ് മുൻ പ്രസിഡന്റ് ജെയർ ബൊൾസൊനാരോയുടെ മകനായ ഫ്ലാവിയോ ബ്രസീൽ വിട്ടത്. ഇതിനിടെ അമേരിക്കയിലേക്ക് കടന്ന ഫ്ലാവിയോ ബൊൾസൊനാരോക്കും കുടുംബത്തിനും ട്രംപ് ഭരണകൂടം വിസ അനുവദിക്കുമെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
അഴിമതി, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കേസുകളിൽ താൻ തെറ്റ് ചെയ്തിട്ടില്ലെന്നും രാജ്യം വിടാൻ ഉദ്ദേശിക്കുന്നില്ലെന്നും പ്രതിപക്ഷത്തെ നയിക്കാൻ ഇവിടെ കാണുമെന്നുമായിരുന്നു തിങ്കളാഴ്ച വരെ ബൊൾസൊനാരോ അവകാശപ്പെട്ടിരുന്നത്. ഇതിന് പിന്നാലെയാണ് ബോൾസൊനാരോ രാജ്യം വിട്ട് അമേരിക്കയിലേക്ക് പറന്നത്. നിലവിൽ ഫ്ലാവിയോ ബൊൾസൊനാരോയും കുടുംബവും ഫ്ലോറിഡയിലെ മയാമിയിൽ എത്തിയതായാണ് ബി.ബി.സി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കോടതി ഉത്തരവിട്ടിട്ടും പാസ്പോർട്ട് സമർപ്പിക്കാതിരുന്നതിനെ തുടർന്ന് ഇയാളുടെ പാസ്പോർട്ടുകൾ ബ്രസീൽ അധികൃതർ റദ്ദാക്കിയിരുന്നു. അതേസമയം, വിമാനത്താവളങ്ങളിലെ സാധാരണ ഇമിഗ്രേഷൻ വഴിയല്ല ബൊൾസൊനാരോ രാജ്യം വിട്ടതെന്ന് ബ്രസീൽ ഫെഡറൽ പൊലീസ് വ്യക്തമാക്കി.
ഇതിനിടെ ബൊൾസൊനാരോയുടെ രാജ്യം വിടൽ തികച്ചും ‘നാണംകെട്ട പ്രവൃത്തി’യാണെന്ന് ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ പ്രതികരിച്ചു. അഴിമതി കേസിൽ കുറ്റം ചെയ്തിട്ടില്ലെങ്കിൽ രാജ്യത്ത് തന്നെ നിന്ന് നിരപരാധിത്വം തെളിയിക്കുകയായിരുന്നു അദ്ദേഹം ചെയ്യേണ്ടിയിരുന്നത്. തെറ്റ് ചെയ്തവർ മാത്രമാണ് ഇത്തരത്തിൽ രഹസ്യമായി രാജ്യം വിടുന്നതെന്നും, ബൊൾസൊനാരോ കുടുംബത്തിന് ബ്രസീൽ രണ്ടാം രാജ്യവും അമേരിക്ക ഒന്നാം രാജ്യവുമാണെന്നും ലുല പരിഹസിച്ചു. ബൊൾസൊനാരോ കുടുംബത്തെ വീണ്ടും അധികാരത്തിലെത്തിക്കാൻ അമേരിക്ക ഗൂഢാലോചന നടത്തുകയാണെന്നും ലുല ആരോപിച്ചു.
നേരത്തേ ബ്രസീലിൽ നടന്ന തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നിട്ടുണ്ടെന്ന ആരോപണവുമായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു. മുൻ പ്രസിഡന്റ് ജെയർ ബൊൾസൊനാരോയും കുടുംബവും വേട്ടയാടപ്പെടുകയാണെന്ന് ട്രംപ് വാദിച്ചെങ്കിലും, തെരഞ്ഞെടുപ്പ് ക്രമക്കേടിന് തെളിവുകളൊന്നും പുറത്തുവന്നിട്ടില്ല. ട്രംപിന്റെ ഈ പ്രസ്താവനയും ബൊൾസൊനാരോക്ക് യു.എസ് നൽകുന്ന സംരക്ഷണവും ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വൻ വിള്ളലുണ്ടാക്കാൻ സാധ്യതയുണ്ട്.
ഒക്ടോബർ 25-ന് നടന്ന റൺ-ഓഫ് തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാൻ തുടക്കത്തിൽ ഫ്ലാവിയോ ബൊൾസൊനാരോ വിസമ്മതിച്ചിരുന്നു. എന്നാൽ 44 ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ലുല വിജയിച്ച തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നതായി ബൊൾസൊനാരോയുടെ പാർട്ടി തിങ്കളാഴ്ച ഔദ്യോഗികമായി വ്യക്തമാക്കിയിരുന്നു. ഫെബ്രുവരിയിൽ സെനറ്റർ സ്ഥാനത്തുനിന്നുള്ള കാലാവധി കഴിയുന്നതോടെ ഫ്ലാവിയോക്ക് നിയമപരിരക്ഷ നഷ്ടപ്പെടാനിരിക്കെയാണ് ഈ നിർണ്ണായക നീക്കം.
അതിനിടെ, ബൊൾസൊനാരോ രാജ്യം വിട്ട സംഭവത്തിൽ ട്രംപ് ഭരണകൂടത്തിന് പങ്കുണ്ടോ എന്ന് കോൺഗ്രസിനോട് വ്യക്തമാക്കണമെന്ന് ഡെമോക്രാറ്റിക് പ്രതിനിധി ജോക്വിൻ കാസ്ട്രോ ആവശ്യപ്പെട്ടു. തെഞ്ഞെടുപ്പിൽ തോൽക്കുന്നത് അഭയം നൽകാനുള്ള കാരണമല്ലെന്നും, നിയമനടപടി നേരിടുന്ന ഒരാൾക്ക് യു.എസ് സംരക്ഷണം നൽകുന്നത് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും കാസ്ട്രോ പറഞ്ഞു. കഴിഞ്ഞ ജൂണിൽ നിയമവിരുദ്ധമായ ലോബിയിങ് കേസിൽ ശിക്ഷിക്കപ്പെട്ട ഫ്ലാവിയോയുടെ സഹോദരൻ എഡ്വാർഡോ ബൊൾസൊനാരോ നിലവിൽ യു.എസിലാണ് താമസിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.