അറബ് പാർട്ടികളുടെ മുന്നേറ്റം; ഇസ്രായേലിലെ അറബ് നഗരങ്ങളിൽ ആഹ്ലാദപ്രകടനം

തെൽ അവീവ്: ഇസ്രായേൽ പാർലമെന്റായ നെസെറ്റിൽ ചരിത്രനേട്ടം കുറിച്ച് അറബ് പാർട്ടികൾ. ജോയിന്റ് അറബ് ലിസ്റ്റും യുണൈറ്റഡ് അറബ് ലിസ്റ്റും ചേർന്ന് സംയുക്തമായി 18 സീറ്റുകൾ നേടുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതോടെ ഇസ്രായേലിലെ അറബ് നഗരങ്ങളിൽ ആഹ്ലാദപ്രകടനങ്ങൾ അലയടിച്ചു.

ലോദ്, കഫർ മന്ദ, തയ്യിബ തുടങ്ങിയ അറബ് നഗരങ്ങളിലാണ് ജനങ്ങൾ പടക്കം പൊട്ടിച്ചും ആഹ്ലാദാരവങ്ങളോടെയും ഈ ചരിത്ര വിജയം ആഘോഷിച്ചത്. ഇസ്രായേൽ രാഷ്ട്രീയത്തിൽ അറബ് ജനതയുടെ പ്രാതിനിധ്യത്തിലും അവകാശപ്പോരാട്ടങ്ങളിലും ഇതൊരു വലിയ വഴിത്തിരിവായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. രാഷ്ട്രീയ ചരിത്രത്തിലെ നിർണായകമായ ഈ മുന്നേറ്റം രാജ്യത്തെ ന്യൂനപക്ഷ രാഷ്ട്രീയത്തിന് പുതിയ ദിശാബോധം നൽകുമെന്നാണ് നിരീക്ഷകർ കരുതുന്നത്.

ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പിന്റെ എക്സിറ്റ് പോൾ ഡാറ്റ പ്രകാരം, പ്രമുഖ അറബ് നേതൃത്വത്തിലുള്ള കക്ഷികളായ ജോയിന്റ് ലിസ്റ്റും റാമും 120 അംഗ നെസെറ്റിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സീറ്റ് നിലയിലേക്ക് എത്തുമെന്നാണ് കണക്കാക്കുന്നത്. മുൻ ഇസ്രായേലി മിലിട്ടറി ചീഫ് ഓഫ് സ്റ്റാഫ് ഗാഡി ഐസൻകോട്ടിന്റെ ‘യഷാർ' പാർട്ടി നയിക്കുന്ന പ്രതിപക്ഷ ബ്ലോക്കും, പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ ‘ലിക്കുഡ്’ പാർട്ടി നയിക്കുന്ന ബ്ലോക്കും ഒപ്പത്തിനൊപ്പമായിരിക്കുമെന്നാണ് പുറത്തുവന്നുകൊണ്ടിരിക്കുന്ന ഫലങ്ങൾ സൂചിപ്പിക്കുന്നത്.

ഇസ്രായേലിലെ ഫലസ്തീൻ പൗരന്മാർക്കിടയിലെ വോട്ടിങ് നിരക്ക് ഏകദേശം 80 ശതമാനമായി ഉയർന്നതായി ഇസ്രായേലിന്റെ ചാനൽ 12 റിപ്പോർട്ട് ചെയ്തു. 1999 ലെ റെക്കോർഡുകളെ തകിടം മറിക്കുന്നതാണ് ഈ കണക്കുകൾ. നെതന്യാഹുവിനെതിരെയുള്ള ബ്ലോക്കിനെതിടെ സർക്കാർ രൂപവത്കരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ജോയിന്റ് ലിസ്റ്റും റാം നേതാവ് മൻസൂർ അബ്ബാസ് പ്രതികരിച്ചു. ‘ഞങ്ങളുടെ കൈവശമുള്ള കണക്കുകൾ വെച്ച് നോക്കിയാൽ, നിലവിൽ അവിടെ ഒരു സർക്കാറില്ല’- അദ്ദേഹം ചാനൽ 12-നോട് പറഞ്ഞു.

 

2021-2022 കാലഘട്ടത്തിൽ ഇസ്രായേൽ ഭരണസഖ്യത്തിന്റെ ഭാഗമായിരുന്ന റാം പാർട്ടിക്ക് നിലവിൽ അഞ്ച് നിയമസഭാ സീറ്റുകളുണ്ട്. തെരഞ്ഞെടുപ്പിന് മുൻപും ശേഷവും പ്രധാനപ്പെട്ട രണ്ട് ബ്ലോക്കുകളും തങ്ങളെ സമീപിച്ചിരുന്നുവെന്നും അബ്ബാസ് വ്യക്തമാക്കി.

അറബ് പാർട്ടികളുടെ മേഖലയിൽ പോളിങ് ശതമാനം കുത്തനെ ഉയർന്നതോടെ കടുത്ത വി​ദ്വേഷ പരാമർശവുമായി നെതന്യാഹു എത്തിയിരുന്നു. ഫലസ്തീൻ പൗരന്മാർക്കിടയിലെ വോട്ടിങ് വർധനവിനെതിരെ നെതന്യാഹു മുന്നറിയിപ്പ് നൽകിയത് വംശീയവും പ്രകോപനപരവുമാണെന്നാണ് നിരീക്ഷകർ ചൂണ്ടികാണിക്കുന്നത്. ലിക്കുഡ് പാർട്ടി പതാകകളേന്തിയ കാറുകൾ ജറുസലേമിലൂടെ റാലി നടത്തുകയും, ‘അറബികൾ വോട്ട് ചെയ്യുകയാണ്’ എന്ന് ആക്രോശിച്ചുകൊണ്ട് നെതന്യാഹു വോട്ട് അഭ്യർഥിക്കുകയും ചെയ്തു.

സമൂഹമാധ്യമങ്ങളിലൂടെ അറബ് മേഖലകളിലെ പോളിങ് ബൂത്തുകളിലെ നീണ്ട നിരകളുടെ ചിത്രങ്ങളും, മുഖം മൂടിയ നിഖാബ് ധരിച്ച ഫലസ്തീൻ സ്ത്രീകളുടെ ചിത്രങ്ങളും പങ്കുവെച്ചുകൊണ്ട് നെതന്യാഹു ആശങ്ക പ്രകടിപ്പിച്ചു. ‘നാം ഇപ്പോൾ ഉണർന്നില്ലെങ്കിൽ, മൻസൂർ അബ്ബാസിന്റെയും അഹമ്മദ് തിബിയുടെയും സർക്കാർ വരുന്നത് നമുക്ക് കാണേണ്ടി വരും’- അദ്ദേഹം മുന്നറിയിപ്പ് നൽകുകയുണ്ടായി. 

Tags:    
News Summary - Historic Gain For Arab Parties; Celebrations In Arab Cities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.