സിഡ്നി: ആസ്ത്രേലിയയിലെ സിഡ്നിയിൽ എലിസബത്ത് രാജ്ഞിയുടെ രഹസ്യകത്ത് സൂക്ഷിച്ചിരിക്കുന്നുവെന്ന് ആസ്ത്രേലിയൻ മാധ്യമമായ 7 ന്യൂസ് ആസ്ത്രലിയ പറയുന്നു. സിഡ്‍നിയിലെ ഒരു നിലവറക്കുള്ളിൽ ഗ്ലാസ് കേസിൽ സൂക്ഷിച്ചിരിക്കുന്ന കത്ത് ഇതുവരെ തുറന്നിട്ടില്ല. അടുത്ത 63 വർഷങ്ങൾക്ക് ശേഷം 2085ൽ മാത്രമേ കത്ത് തുറക്കൂവെന്നും ന്യൂസ് റിപ്പോർട്ട് പറയുന്നു.
സിഡ്നിയിലെ ജനങ്ങളെ അഭിസംബോധന ചെയ്താണ് കത്ത് എഴുതിയത്. 1986 നവംബറിൽ ആസ്ത്രേലിയയിലെ സിഡ്നിയിൽ എത്തിയപ്പോഴാണ് രാജ്ഞി കത്തെഴുതിയത്. എന്നാൽ ഈ കത്ത് കൈമാറിക്കൊണ്ട് അവർ അന്നത്തെ മേയറോട് പറഞ്ഞത്, എഡി 2085-ൽ നിങ്ങൾ തിരഞ്ഞെടുക്കുന്ന അനുയോജ്യമായ ഒരു ദിവസം, ദയവായി ഈ കവർ തുറന്ന് സിഡ്‌നിയിലെ പൗരന്മാർക്ക് എന്റെ സന്ദേശം അറിയിക്കുമോ എന്നായിരുന്നു. അതു പ്രകാരം കത്ത് സൂക്ഷിച്ചുവെച്ചിരിക്കുകയാണ്. എലിസബത്ത് ആർ എന്ന് ലളിതമായി ഒപ്പിട്ട കത്താണ് അതെന്നും എന്നാൽ ഉള്ളടക്കം എന്താണെന്ന് രാജ്ഞിയുടെ പേഴ്സണൽ സ്റ്റാഫിനു പോലും അറിയില്ലെന്നും 7 ന്യൂസ് റിപ്പോർട്ടിൽ പറയുന്നു.
ആസ്ത്രേയലിയയുടെ രാഷ്ട്രത്തലവനായി എലിസബത്ത് രാജ്ഞി 16 തവണ രാജ്യം സന്ദർശിച്ചു. ഇതുവരെ ആസ്ത്രേലിയ സന്ദർശിച്ച ഏക പരമാധികാരിയും എലിസബത്ത് രാജ്ഞിയാണ്.
രാജ്ഞിയുടെ ഹൃദയത്തിൽ ആസ്ത്രേലിയക്ക് പ്രത്യേക സ്ഥാനമുണ്ടായിരുന്നെന്ന് ആസ്‌ത്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് വെള്ളിയാഴ്ച പ്രസ്താവനയിൽ പറഞ്ഞു.
1999-ൽ രാഷ്ട്രത്തലവന്റെ സ്ഥാനത്തുനിന്ന് രാജ്ഞിയെ മാറ്റണമോ എന്നതിനെക്കുറിച്ച് ആസ്ത്രേലിയ റഫറണ്ടം നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. സിഡ്‌നി ഓപ്പറ ഹൗസ് രാജ്ഞിക്ക് ആദരാഞ്ജലി അർപ്പിച്ചു.
ആസ്ത്രേലിയയും ന്യൂസിലൻഡും ഞായറാഴ്ച ചാൾസ് മൂന്നാമനെ രാഷ്ട്രത്തലവനായി ഔദ്യോഗികമായി പ്രഖ്യാപിച്ചതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.