ഇറാന് പൂർണ പിന്തുണയുമായി പുടിൻ; നന്ദി അറിയിച്ച് തെഹ്റാൻ

മോസ്കോ: പശ്ചിമേഷ്യയിൽ സംഘർഷം പുകയുന്നതിനിടെ, ഇറാന് പൂർണ പിന്തുണ പ്രഖ്യാപിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. റഷ്യൻ സന്ദർശനത്തിനെത്തിയ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരക്ചിയുമായി മോസ്കോയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് പുടിൻ നിലപാട് വ്യക്തമാക്കിയത്. റഷ്യയുടെ ഉറച്ചതും അചഞ്ചലവുമായനിലപാടിന് ഇറാൻ വിദേശകാര്യ മന്ത്രി നന്ദി അറിയിച്ചു.

മേഖലയിൽ എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കുന്നതിനായി റഷ്യ സാധ്യമായതെല്ലാം ചെയ്യുമെന്ന് പുടിൻ ഉറപ്പുനൽകി. ‘ഞങ്ങളുടെ നിലപാട് വ്യക്തമാണ്. നിങ്ങളുടെയും മേഖലയിലെ ജനങ്ങളുടയും താൽപ്പര്യങ്ങൾ സംരക്ഷിച്ച് സമാധാനം കൊണ്ടുവരാൻ ഞങ്ങൾ ശ്രമിക്കും’- എന്ന് പുടിൻ പറഞ്ഞതായി റഷ്യൻ സ്റ്റേറ്റ് മാധ്യമമായ ടാസ് റിപ്പോർട്ട് ചെയ്തു. ഇറാൻ ഇപ്പോൾ കടന്നുപോകുന്ന പരീക്ഷണ കാലഘട്ടത്തെ അതിജീവിക്കുമെന്ന ശുഭാപ്തിവിശ്വാസവും അദ്ദേഹം പങ്കുവെച്ചു.

അമേരിക്കയുടെ ഭാഗത്തുനിന്നുള്ള ഭീഷണികളെയും സമ്മർദ്ദങ്ങളെയും ഇറാൻ ജനത തങ്ങളുടെ ധൈര്യം കൊണ്ട് നേരിടുമെന്ന് അബ്ബാസ് അരാക്ച്ചി വ്യക്തമാക്കി. ‘അമേരിക്കൻ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഇറാൻ ജനതക്ക് കഴിയുമെന്ന് ലോകം കണ്ടതാണ്. ഒരു പുതിയ നേതാവിന് കീഴിൽ ഈ പ്രതിസന്ധിയെയും ഞങ്ങൾ മറികടക്കും’ അരാക്ചി കൂട്ടിച്ചേർത്തു.

അമേരിക്കക്കെതിരായ പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ച അരാക്ച്ചി, റഷ്യയും ഇറാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വരുംദിവസങ്ങളിൽ കൂടുതൽ കരുത്താർജ്ജിക്കുമെന്നും സൂചിപ്പിച്ചു.

ഒമാൻ, പാകിസ്താൻ സന്ദർശനങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് അബ്ബാസ് അരക്ചി മോസ്‌കോയിലെത്തിയത്

നിലവിലെ വെടിനിർത്തൽ സാധ്യതകളും നയതന്ത്ര ചർച്ചകളുടെ ഏറ്റവും പുതിയ സ്ഥിതിഗതികളും ഇരുനേതാക്കളും വിലയിരുത്തി.ഇറാന്റെ മോസ്‌കോ സന്ദർശനത്തിന് അതീവ പ്രാധാന്യമുണ്ടെന്ന് വിദഗ്ധർ ചൂണ്ടി കാട്ടുന്നു. മധ്യസ്ഥ ശ്രമങ്ങൾക്ക് റഷ്യയുടെ കൂടി പിന്തുണ ഉറപ്പാക്കാനാണ് ഇറാൻ ലക്ഷ്യമിടുന്നത്. ഇതിനോടകം തന്നെ ഈജിപ്ത്, ഖത്തർ, തുർക്കിയ തുടങ്ങിയ രാജ്യങ്ങളുമായി ഇറാൻ ആശയവിനിമയം നടത്തിയിട്ടുണ്ട്.

Tags:    
News Summary - Putin fully supports Iran; Tehran expresses gratitud

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.