മുസഫറാബാദ്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അവാമി ആക്ഷൻ കമ്മിറ്റി (എ.എ.സി) ഒരാഴ്ചയായി പാക് അധീന കശ്മീരിൽ നടത്തുന്ന പ്രക്ഷോഭം കൂടുതൽ ശക്തമാകുന്നു. സമരത്തെ അടച്ചമർത്താൻ പാക് ഭരണകൂടം സൈന്യത്തെ ഇറക്കിയതോടെ പ്രക്ഷോഭം പലയിടത്തും കലാപമായി മാറി.
തിങ്കളാഴ്ച നടന്ന സംഘർഷത്തിൽ രണ്ട് പ്രക്ഷോഭകർ കൊല്ലപ്പെട്ടു. 22പേർക്ക് പരിക്കേറ്റു. സമീപകാല ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ സമരങ്ങൾക്കും സംഘർഷങ്ങൾക്കുമാണ് പാക് അധീന കശ്മീരും തലസ്ഥാനമായ മുസഫറാബാദും സാക്ഷിയായിക്കൊണ്ടിരിക്കുന്നത്. മേഖലയിൽ ആയിരം സുരക്ഷാ സൈനികരെ അധികമായി വിന്യസിച്ച സർക്കാർ, പാക് അധീന കശ്മീരിൽ ഇന്റർനെറ്റ് പൂർണമായും വിച്ഛേദിച്ചു. മേഖലയിലെ സിവിൽ പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയാണ് എ.എ.സി.
പാക് അധീന കശ്മീരിലെ ജനങ്ങൾ ഭരണകൂടത്തിൽനിന്ന് നേരിടുന്ന അവഗണനക്കെതിരെയാണ് സമരം. 38 ആവശ്യങ്ങളും എ.എ.സി മുന്നോട്ടുവെച്ചിട്ടുണ്ട്. പാക് അധീന കശ്മീർ അസംബ്ലിയിൽ 12 സീറ്റ് കശ്മീർ അഭയാർഥികൾക്കായി സംവരണം ചെയ്തത് റദ്ദാക്കുക, ഭക്ഷ്യധാന്യങ്ങൾക്ക് ന്യായമായ സബ്സിഡി നൽകുക, വൈദ്യുതി ചാർജ് കുറക്കുക തുടങ്ങിയവയാണ് സമരക്കാരുടെ പ്രധാന ആവശ്യങ്ങൾ.
പാക് അധീന കശ്മീരിൽ 70 വർഷമായി അവഗണിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ജനങ്ങളുടെ മൗലികാവശ്യങ്ങൾക്കുവേണ്ടിയാണ് പ്രക്ഷോഭമെന്ന് എ.എ.സി നേതാവ് ശൗകത്ത് നവാസ് മിർ പറഞ്ഞു.
അതേസമയം, പ്രക്ഷോഭത്തോട് ശഹ്ബാസ് ശരീഫിന്റെ നേതൃത്വത്തിലുള്ള പാക് സർക്കാർ അനുകൂല സമീപനമല്ല സ്വീകരിക്കുന്നത്. ഒരു മാസത്തിലധികമായി തുടരുന്ന സമരത്തെ തുടക്കം മുതലേ അടിച്ചമർത്താനാണ് സർക്കാർ ശ്രമം. കഴിഞ്ഞ ദിവസങ്ങളിൽ മേഖലയിലെ പ്രധാന നഗരങ്ങളിലേക്കുള്ള പ്രവേശന കേന്ദ്രങ്ങളെല്ലാം സൈന്യം അടച്ചു. ഇതിനിടെ, സമരക്കാർ ഫെഡറൽ മന്ത്രിമാരുൾപ്പെട്ട പ്രതിനിധികളുമായി 13 മണിക്കൂർ ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. ഇതോടെയാണ്, സമരം കൂടുതൽ ശക്തമാക്കാൻ എ.എ.സി തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.