ട്രംപ് ഭരണത്തിനെതിരെ അമേരിക്കയിലെങ്ങും പ്രക്ഷോഭം: ദശലക്ഷങ്ങൾ തെരുവിലേക്ക്

വാഷിങ്ടൺ: ട്രംപ് ഭരണകൂടത്തിന്റെ അപകടകരമായ നയങ്ങളെ ചെറുക്കാൻ രാജ്യത്തുടനീളം ദശലക്ഷക്കണക്കിന് ആളുകൾ തെരുവിലേക്ക്. ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങൾക്കുമെതിരായ ആക്രമണങ്ങൾ മുതൽ യുദ്ധക്കൊതി, കോർപറേറ്റ് അത്യാഗ്രഹം, സ്വേച്ഛാധിപത്യം തുടങ്ങിയ നിർത്തണമെന്നാവശ്യപ്പെട്ട് എല്ലാ സംസ്ഥാനങ്ങളിലും തെരുവിലിറങ്ങുകയാണ്.
പ്രതിഷേധം എന്നതിലുപരി ട്രംപ് വിരുദ്ധ പ്രസ്ഥാനമായി മാറുകയാണെന്ന് സമൂഹ മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. BuildTheResistance എന്ന ഹാഷ്ടാഗിനു കീഴിൽ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച റാലികൾ 50 സംസ്ഥാനങ്ങളിലും വ്യാപിച്ചു. കുടിയേറ്റം, എൽ.ജി.ബി.ടി.ക്യു നയങ്ങൾ, സർക്കാറിന്റെ പുനഃസംഘാടനം, യുദ്ധക്കൊതി എന്നിവക്കെതിരെ പൗരൻമാർ ശബ്ദമുയർത്തി. ഗസ്സ മുനമ്പിൽനിന്ന് ഫലസ്തീനികളെ നിർബന്ധിതമായി മാറ്റിപ്പാർപ്പിക്കുന്നതിനുള്ള നിർദേശത്തിനെതിരിലും അവർ രംഗത്തുവന്നു.


ഫിലാഡൽഫിയ, കാലിഫോർണിയ, മിനസോട്ട, മിഷിഗൺ, ടെക്‌സസ്, വിസ്കോൺസിൻ, ഇന്ത്യാന എന്നിവിടങ്ങളിലും മറ്റ് സ്ഥലങ്ങളിലും പ്രതിഷേധക്കാർ ട്രംപിനെയും പുതിയ ഗവൺമെന്റിലെ കാര്യക്ഷമതാ വകുപ്പിന്റെ (DOGE) തലവനായ ശതകോടീശ്വരൻ ഇലോൺ മസ്‌കിനെയും അമേരിക്കൻ ഗവൺമെന്റിന്റെ ‘പ്രോജക്ട് 2025’നെയും അപലപിച്ചു.

യു.എസ് ഗവൺമെന്റ് പേയ്‌മെന്റ് സിസ്റ്റത്തിൽ DOGEന്റെ ഇടപെടൽ സുരക്ഷാ അപായം സൃഷ്‌ടിച്ചേക്കാമെന്നും മെഡികെയർ പോലുള്ള പ്രോഗ്രാമുകൾക്കുള്ള പേയ്‌മെന്റുകൾ തടസ്സപ്പെടുത്തുമെന്നും കോൺഗ്രസിലെ ചില അംഗങ്ങൾ മുന്നറിയിപ്പ് നൽകി. ഡസൻ കണക്കിന് പ്രതിഷേധക്കാർ ഒത്തുകൂടിയ മിസോറിയിലെ ജെഫേഴ്സൺ സിറ്റിയിൽ ‘ഡോഗ് ഈസ് നോട്ട് ലെജിറ്റ്’ എന്ന സന്ദേശം ഉയർത്തി.


buildtheresistance, 50501എന്നീ ഹാഷ്‌ടാഗുകൾ ഉപയോഗിച്ച് ഓൺലൈനിൽ സംഘടിപ്പിച്ച ഒരു പ്രസ്ഥാനമാണ് പ്രതിഷേധങ്ങൾക്ക് ആക്കം കൂട്ടിയത്. ഒരൊറ്റ ദിവസം 50 സംസ്ഥാനങ്ങളിലായി 50 പ്രതിഷേധങ്ങൾ നടന്നതായി റിപ്പോർട്ടുകൾ പറയുന്നു. സോഷ്യൽ മീഡിയ അക്കൗണ്ടുകളും വെബ്‌സൈറ്റുകളും ‘ഫാസിസത്തെ തള്ളിക്കളയുക’, ‘നമ്മുടെ ജനാധിപത്യത്തെ സംരക്ഷിക്കുക’ തുടങ്ങിയ മുദ്രാവാക്യങ്ങളുമായി പൗരൻമാരോട് പ്രവർത്തിക്കാനുള്ള ആഹ്വാനങ്ങൾ നടത്തി.


തന്റെ പുതിയ ചുമതലയുടെ ആദ്യ ആഴ്ചകളിൽ തന്നെ വ്യാപാരം, കുടിയേറ്റം മുതൽ കാലാവസ്ഥാ വ്യതിയാനം വരെയുള്ള പ്രശ്നങ്ങൾ ഉൾക്കൊള്ളുന്ന എക്സിക്യൂട്ടിവ് ഉത്തരവുകളുടെ ഒരു പരമ്പരയിൽ ട്രംപ് ഒപ്പുവെച്ചു. ഡെമോക്രാറ്റുകൾ അദ്ദേഹത്തിന്റെ അജണ്ടക്കെതിരെ സംസാരിക്കാൻ തുടങ്ങിയതോടെ പ്രതിഷേധം എണ്ണത്തിലും തീവ്രതയിലും വർധിച്ചു.
അനീതിയും നിരുത്തരവാദിത്തവും അഴിമതിയും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന ജനീകയ പ്രസ്ഥാനങ്ങൾ, വിയോജിപ്പുകളെ നിശബ്ദരാക്കാമെന്ന് ട്രംപും കൂട്ടരും കരുതിയേക്കാമെന്നും എന്നാൽ തങ്ങൾ പിന്നോട്ട് പോകില്ലെന്നും മുന്നറിയിപ്പു നൽകി.


Tags:    
News Summary - Protests erupt nationwide over Trump’s policies, Project 2025 and Elon Musk’s new govt role

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.