ഇറാന് പകരം ഇസ്രയേലിലെ ആണവ കേന്ദ്രത്തിലായിരുന്നു ആക്രമണം നടക്കേണ്ടിയിരുന്നതെന്ന് അൽഫൈസൽ രാജകുമാരൻ

റിയാദ്: ഇറാന് പകരം ഇസ്രായേലിലെ ആണവ കേന്ദ്രത്തിലായിരുന്നു ആക്രമണം നടക്കേണ്ടിയിരുന്നതെന്ന് സൗദിയിലെ തുർക്കി അൽഫൈസൽ രാജകുമാരൻ. നീതിയുക്തമായ ലോകമായിരുന്നെങ്കിൽ അങ്ങനെ സംഭവിക്കുമായിരുന്നു. ഇറാഖിനെതിരായ യുദ്ധത്തെ വിമർശിച്ച ട്രംപിന്റെ ഇരട്ടമുഖം ഇറാനിലെ ആക്രമണത്തിലൂടെ വ്യക്തമായിയെന്നും അദ്ദേഹം പറഞ്ഞു. അറബ് മാധ്യമത്തിൽ എഴുതിയ ലേഖനത്തിലാണ് ഇസ്രായേലിന്റേയും യു.എസിന്റേയും ഇരട്ട നിലപാടിനെതിരെ രാജകുമാരൻ ആഞ്ഞടിച്ചത്.

അഫ്ഗാനിലും ഇറാഖിലും അനുഭവിച്ച അതേ പ്രശ്‌നം ഇറാനിലും നേരിടേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ട്രംപ് അധികാരമൊഴിയും വരെ താൻ യു.എസ് സന്ദർശിക്കില്ലെന്നും ഫൈസൽ രാജാവിന്റെ മകൻ വ്യക്തമാക്കി. സൗദി ഭരണാധികാരിയായിരുന്ന ഫൈസൽ രാജാവിന്റെ മകനാണ് തുർക്കി അൽഫൈസൽ രാജകുമാരൻ. സൗദി ഇന്റലിജൻസ് വിഭാഗം മുൻ മേധാവിയും യു.എസിലേക്കുള്ള അംബാസിഡറുമായിരുന്നു.

ഇറാനെ ആക്രമിക്കാനും ഭരണം അട്ടിമറിക്കാനും പറയുന്ന ഇസ്രായേലിനെതിരെ1996 ൽ നെതന്യാഹു പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്തതിനു ശേഷം യു.എസ് മിണ്ടുന്നില്ല. മറ്റു നേതാക്കളെ പോലെ സമാധാനത്തിന് വേണ്ടി വാദിക്കുന്ന ട്രംപ്, ഇരട്ട നിലപാട് എടുക്കരുത്. ഇറാഖിനെതിരായ യു.എസ് നീക്കത്തിനെതിരെ സംസാരിച്ച ആളാണ് ട്രംപ്. അതിന്റെ പ്രത്യാഘാതങ്ങളും ട്രംപ് വിശദീകരിച്ചിരുന്നു. അത് ഇറാന്റെ കാര്യത്തിലും അനുഭവിക്കേണ്ടി വരുമെന്നും നയതന്ത്രമാണ് ശരിയായ വഴിയെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

യു.എസ് പ്രസിഡന്‍റ് ഹാരി എസ് ട്രൂമാൻ ഇസ്രായേലിനെ അംഗീകരിച്ചതോടെ അദ്ദേഹം അധികാരമൊഴിയും വരെ ഫൈസൽ രാജാവ് യുഎസ് സന്ദർശിച്ചിട്ടില്ല. ഇരട്ട നിലപാടുള്ള ട്രംപ് അധികാരമൊഴിയും വരെ താനും യുഎസ് സന്ദർശിക്കില്ലെന്നും തുർക്കി അൽ ഫൈസൽ രാജകുമാരൻ നിലപാട് വ്യക്തമാക്കി.

Tags:    
News Summary - Prince Turki Al-Faisal: In a Fairer World, U.S. Bombers Would Target Israel's Nuclear Arsenal Instead of Iran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.