ലണ്ടൻ: 2016ലാണ് ഹാരി രാജകുമാരനും മേഗൻ മാർക്കിളും തമ്മിൽ ആദ്യമായി കണ്ടുമുട്ടിയത്. പിന്നീടവർ സന്ദേശങ്ങൾ കൈമാറാൻ തുടങ്ങി. ഒരു വൈകുന്നേരം ലണ്ടനിലെ സൊഹോ ഹൗസിൽ ആദ്യമായി ഡേറ്റിങ് നടത്താൻ തീരുമാനിക്കുകയും ചെയ്തു.
അന്ന് ഹാരിക്കായി ബിയറും മേഗനായി മാർട്ടീനിയുമാണ് ഓർഡർ ചെയ്തത്. സംഭാഷണത്തിൽ മുഴുകിയ ഇരുവരും ഭക്ഷണം കഴിക്കാൻ പോലും മറന്നു. ഹാരിയെയും മേഗനെയും കുറിച്ചുള്ള ഫൈൻഡിങ് ഫ്രീഡം എന്ന പുസ്തകത്തിലാണ് ഈ വിവരങ്ങളുള്ളത്. അന്ന് ഒരുമണിക്കൂറോളമാണ് അവർ ഒരുമിച്ച് ചെലവഴിച്ചത്. അതിനു ശേഷം അടുത്ത ദിവസം ഒരുമിച്ച് ഡിന്നർ കഴിച്ചാലോ എന്ന് മേഗൻ ചോദിക്കുകയുണ്ടായി.
മേഗനുമായുള്ള കൂടിക്കാഴ്ച എങ്ങനെയുണ്ടായിരുന്നുവെന്ന സുഹൃത്തിന്റെ ചോദ്യത്തിന് ഹാരി വളരെ കുറിച്ചു മാത്രം പറഞ്ഞു. വൗ...ഞാൻ എന്റെ ജീവിതത്തിൽ കണ്ടതിൽ വെച്ച് ഏറ്റവും സുന്ദരിയായ സ്ത്രീയെന്നായിരുന്നു ആ മറുപടി. മേഗനെ കുറിച്ചുള്ള മറുപടി വെറും 10 വാക്കുകളിൽ ഒതുക്കിയതിൽ പിന്നീട് ഹാരി ക്ഷമാപണം നടത്തുകയും ചെയ്തു. അതിനു ശേഷം ഇരുവരും സന്ദേശങ്ങൾ അയക്കുന്നത് തുടർന്നു. പലപ്പോഴും ഇമോജികൾ മാത്രമായിരിക്കും ഹാരി സന്ദേശമായി അയക്കുക. പ്രത്യേകിച്ച് ഒരു പ്രേത ഇമോജി. ചിരിക്കുന്ന ഇമോജിക്കു പകരം പതിവായി ഹാരി ഉപയോഗിച്ചിരുന്നത് ഇതായിരുന്നു. അതിന്റെ കാരണമൊന്നും ആർക്കും അറിയില്ല. എന്നാൽ മേഗന് അത് ഒരു രാജകുമാരന് ചേരുന്ന മര്യാദയായി തോന്നി.
ഒന്നും ഒളിച്ചുവെക്കുന്ന സ്വഭാവം ഹാരിക്കില്ലായെന്ന് മേഗൻ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. തന്നെ മേഗന് ഇഷ്ടമായോ എന്ന് ഹാരിക്ക് അറിയാൻ ആഗ്രഹമുണ്ടായിരുന്നു. ''ഈ സ്ത്രീ എന്നെ അദ്ഭുതപ്പെടുത്തുന്നു. ഞാൻ ആഗ്രഹിച്ച എല്ലാ ഗുണങ്ങളും ഇവരിലുണ്ട്. എന്റെ സാന്നിധ്യം അവർക്ക് ആശ്വാസമായി തോന്നുന്നു.-ഹാരി ഒരിക്കൽ പറഞ്ഞു.
വളരെ സന്തോഷത്തോടെയാണ് മേഗൻ ഹാരിയെ കണ്ടതിനു ശേഷം മടങ്ങിയെത്തിയത് എന്ന് സുഹൃത്തുക്കളും പറയുന്നു. ''ചിരിയോടെയാണ് അവൾ എത്തിയത്. ഹാരി പ്രിയപ്പെട്ട ഒരാളായി മാറിക്കഴിഞ്ഞു എന്ന് നമുക്ക് മനസിലാക്കാം. അവളുടെ മൊബൈലിൽ അവർ ഒരുമിച്ചു കണ്ട കാഴ്ചകളും ഹാരിയുമായുള്ള സെൽഫികളും സ്വന്തം കാൻഡിഡ് ചിത്രങ്ങളും നിറഞ്ഞിരുന്നു.''-സുഹൃത്ത് പറയുന്നു.
ഹാരിയും മേഗനും ഒരുപാട് കാര്യങ്ങൾ സംസാരിച്ചിരുന്നു. എന്നാൽ അതിൽ പലതും അവർ ആരോടും പങ്കുവെച്ചില്ല. മേഗന് ജോലിക്കായി കാനഡയിലേക്കും ഹാരി ലണ്ടനിലേക്കും മടങ്ങേണ്ടി വന്നില്ലായിരുന്നുവെങ്കിൽ അവർ ആ വേനൽക്കാലം മുഴുവൻ അവിടെ സന്തോഷത്തോടെ ചെലവഴിക്കുമായിരുന്നുവെന്നും സുഹൃത്തുക്കൾ സാക്ഷ്യപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.