ലണ്ടൻ: ‘‘വില്യം എന്റെ കോളറിൽ കുത്തിപ്പിടിച്ചു, മാല വലിച്ചുപൊട്ടിച്ചു, തറയിലേക്കു തള്ളിയിട്ടു. പട്ടിക്ക് ആഹാരം കൊടുക്കുന്ന പാത്രത്തിനുമുകളിലേക്ക് ഞാൻ വീണു. അതു പൊട്ടി, ആ കഷണങ്ങൾകൊണ്ട് എന്റെ ദേഹം മുറിഞ്ഞു. ആദ്യം പരിഭ്രമിച്ച് അവിടെ കിടന്നെങ്കിലും പിന്നെ എഴുന്നേറ്റ് അയാളോട് ഇറങ്ങിപ്പോകാൻ പറഞ്ഞു’’ -ചൊവ്വാഴ്ച പുറത്തിറങ്ങുന്ന ഹാരി രാജകുമാരന്റെ ‘സ്പെയർ’ ആത്മകഥയിലാണ് ബ്രിട്ടീഷ് രാജകുടുംബത്തിലെ ഉള്ളറക്കഥകളുടെ തുറന്നെഴുത്ത്.
കുട്ടിക്കാലം മുതൽ കുടുംബത്തിൽ നേരിട്ട വിവേചനവും അവഗണനയും പുസ്തകത്തിൽ വിവരിക്കുന്നതായി പകർപ്പ് ലഭിച്ചെന്ന് അവകാശപ്പെട്ട ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അമേരിക്കൻ നടിയും വിവാഹമോചിതയുമായ മേഗൻ മാർക്കലിനെ ഹാരി വിവാഹം കഴിച്ചശേഷമാണ് സഹോദരങ്ങൾ തമ്മിലുള്ള ബന്ധം മുറിഞ്ഞത്. എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങിലാണ് ഇരുവരും വീണ്ടും ഒന്നിച്ചത്. പിതാവും ഇപ്പോൾ രാജാവുമായ ചാൾസ് കാമിലയെ വിവാഹം കഴിക്കുന്നതിലുള്ള എതിർപ്പ്, കൗമാരകാലത്തെ മയക്കുമരുന്ന് ഉപയോഗം, പ്രായമായ സ്ത്രീയുമായുള്ള ലൈംഗിക ബന്ധം, അഫ്ഗാനിസ്താനിൽ 25 പേരെ വധിച്ചതായ അവകാശവാദം തുടങ്ങി നിരവധി കാര്യങ്ങൾ പുസ്തകത്തിൽ തുറന്നെഴുതിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ചാൾസ് രാജാവിന്റെയും അന്തരിച്ച ഡയാന രാജകുമാരിയുടെയും മക്കളാണ് വില്യമും ഹാരിയും. ഇരുവരും തമ്മിലുള്ള അസ്വാരസ്യത്തിന്റെ കഥകൾ നേരത്തേ പുറത്തുവന്നതാണെങ്കിലും രൂക്ഷതയും വിശദാംശങ്ങളും ശ്രദ്ധിക്കപ്പെടുമെന്നുറപ്പാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.