എക്വഡോറിലെ ടെലിവിഷൻ സ്റ്റുഡിയോയിൽ നടന്ന ആക്രമണം

എക്വഡോറിൽ മാഫിയകൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് പ്രസിഡന്‍റ്

ക്വിറ്റോ: ടെലിവിഷൻ സ്റ്റുഡിയോ ആക്രമണത്തിനു പിന്നാലെ രാജ്യത്തെ ക്രിമിനൽ സംഘങ്ങൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് എക്വഡോർ പ്രസിഡന്റ്. മാഫിയ സംഘങ്ങൾ അതിക്രമങ്ങൾ തുടരുന്ന രാജ്യത്ത് സംഘാംഗങ്ങളെ വെടിവെച്ചുകൊല്ലാൻ പ്രസിഡന്റ് ഡാനിയൽ നൊബോവ ഉത്തരവിട്ടു.

ചാനൽ ടി.സി സ്റ്റുഡിയോയിൽ ലൈവ് പരിപാടിക്കിടെ കഴിഞ്ഞ ദിവസമാണ് കഴിഞ്ഞ ദിവസം അക്രമിസംഘം എത്തിയത്. പ്രതികളെ കീഴടക്കിയ പൊലീസ് 13 പേരെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. അഡോൾഫോ മക്ലാസ് വില്ലാമർ അഥവാ, ഫിറ്റോ എന്ന കുപ്രസിദ്ധ മയക്കുമരുന്ന് മാഫിയ തലവൻ ജയിൽ ചാടിയതിനു പിന്നാലെ തിങ്കളാഴ്ച രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഇത് അവസരമാക്കി നിരവധി ഗുണ്ടസംഘങ്ങൾ തെരുവിലിറങ്ങിയത് രാജ്യത്ത് കടുത്ത അരക്ഷിതത്വം സൃഷ്ടിച്ചിട്ടുണ്ട്. ആക്രമണങ്ങളിൽ ഇതുവരെ 10 പേർ കൊല്ലപ്പെട്ടു.

സംഘട്ടനം പടരുമെന്നു കണ്ടാണ് കടുത്ത നടപടിയുമായി പ്രസിഡന്റ് രംഗത്തെത്തിയത്. സ്ഥിതി ഗുരുതരമായി തുടരുന്ന രാജ്യത്തുനിന്ന് പലായന സാധ്യത കണക്കിലെടുത്ത് അയൽരാജ്യമായ പെറു അതിർത്തിയിൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ പഴം കയറ്റുമതി രാജ്യമാണ് എക്വഡോർ. ലോകത്തെ ഏറ്റവും വലിയ കൊക്കെയ്ൻ ഉൽപാദകരായ കൊളംബിയയും പെറുവും അടുത്തായതിനാൽ ഇവിടെയും മാഫിയ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. 

Tags:    
News Summary - President declares war on mafias in Ecuador

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.