പോപ്പ് ലിയോക്ക് ലെബനാനിൽ ഉജ്ജ്വല വരവേൽപ്​: ക്രിസ്ത്യൻ-മുസ്‍ലിം നേതാക്കൾക്കൊപ്പം ഒലീവ് മരത്തൈ നട്ടു

ബെയ്റൂത്ത്: സംഘർഷഭരിതമായ ഒരു നാടിന് പ്രത്യാശയുടെ ദീപസ്തംഭമായി ലെബനാന്റെ മണ്ണിൽ ലിയോ പതിനാലാമൻ മാർപ്പാപ്പ. ലെബനാന്റെ മതാന്തര സഹവർത്തിത്ത പാരമ്പര്യത്തെ പ്രകീർത്തിച്ച അദ്ദേഹം രാജ്യത്തെ ക്രിസ്ത്യൻ-മുസ്‍ലിം മതനേതാക്കളോടൊപ്പം സമാധാനത്തിന്റെ പ്രതീകമായ ഒലീവ് മരത്തൈ നട്ടു.

ജനക്കൂട്ടത്തിൽ നിന്ന് ആവേശഭരിതമായ സ്വീകരണവും ആത്മീയ നേതാക്കളിൽ നിന്ന് ഹൃദ്യമായ വരവേൽപ്പും ലിയോക്ക് ലഭിച്ചു. തലസ്ഥാനത്തിന് ചുറ്റുമുള്ള ഹൈവേകളിൽ അദ്ദേഹത്തിന്റെ ചിത്രമുള്ള ബിൽബോർഡുകൾ ഉയർന്നിരുന്നു. തുടർച്ചയായ മഴയെ വകവെക്കാതെ സാധാരണക്കാരായ ആയിരക്കണക്കിന് ലെബനീസുകാർ അദ്ദേഹത്തിന്റെ യാത്രാവഴിയിൽ അണിനിരന്നു. ചിലർ സ്വാഗത പ്രകടനമായി അദ്ദേഹത്തിന്റെ കാറിനുമേൽ പുഷ്പദളങ്ങളെറിഞ്ഞു.

ചരിത്രത്തിലെ ആദ്യത്തെ അമേരിക്കൻ പോപ്പായ ലിയോ, മാർപ്പാപ്പ എന്ന നിലയിൽ തന്റെ കന്നി യാത്രയിലാണ്. ആദ്യം തുർക്കിയിലേക്കും ശേഷം ലെബനാനിലേക്കും. അറബ് ലോകത്ത് മതപരമായ സഹിഷ്ണുതക്ക് സവിശേഷമായ സ്ഥാനമുള്ള ലെബനാനിലെ പുരാതന ക്രിസ്തീയ സമൂഹത്തെ പ്രോത്സാഹിപ്പിക്കാൻ കൂടിയായിരുന്നു ഇത്.

നിരവധി ക്രിസ്ത്യാനികളും മുസ്‍ലിംകളും ബഹുമാനിക്കുന്ന ലെബനീസ് വിശുദ്ധനായ സെന്റ് ചാർബൽ മഖ്‌ലൂഫിന്റെ ശവകുടീരത്തിൽ പ്രാർഥിച്ചുകൊണ്ടാണ് ലിയോ തന്റെ ദിവസം ആരംഭിച്ചത്. എല്ലാ വർഷവും, ലക്ഷക്കണക്കിന് ക്രിസ്ത്യാനികളും മുസ്‍ലിംകളും ഉൾപ്പെടുന്ന തീർത്ഥാടകർ ബെയ്റൂത്തിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള അന്നയയിലെ കടലിനെ അഭിമുഖീകരിക്കുന്ന സെന്റ് മറൂണിന്റെ കുന്നിൻ മുകളിലുള്ള ആശ്രമത്തിലെ ശവകുടീരം സന്ദർശിക്കുന്നു.

ബെയ്‌റൂത്തിലെ മാർട്ടിയേഴ്‌സ് സ്‌ക്വയറിൽ നടന്ന ഒരു സർവമത സമ്മേളനമായിരുന്നു അദ്ദേഹത്തിന്റെ ദിവസത്തിലെ ഏറ്റവും ശ്രദ്ധേയമായ ചടങ്ങ്. രാജ്യത്തെ ക്രിസ്ത്യൻ ഗോത്രപിതാക്കന്മാരും സുന്നി, ഷിയ, ഡ്രൂസ് ആത്മീയ നേതാക്കളും ഒരു കൂടാരത്തിനു കീഴിൽ ഒത്തുകൂടി. ബൈബിളിൽ നിന്നും ഖുർആനിൽ നിന്നുമുള്ള സ്തുതിഗീതങ്ങളും വായനകളും കേട്ട ശേഷം ലെബനാന്റെ മതപരമായ സഹിഷ്ണുതയുടെ പാരമ്പര്യത്തെ മേഖലയിലെ ‘സമാധാന ദിവ്യ ദാനത്തിന്റെ’ ദീപസ്തംഭമായി ലിയോ പ്രശംസിച്ചു.

‘സഹവർത്തിത്വം ഒരു വിദൂര സ്വപ്നം പോലെ തോന്നുന്ന ഒരു യുഗത്തിൽ, ലെബനാനിലെ ജനങ്ങൾ വ്യത്യസ്ത മതങ്ങളെ സ്വീകരിക്കുമ്പോൾ തന്നെ ഐക്യം, അനുരഞ്ജനം, സമാധാനം എന്നിവ സാധ്യമാണെന്നും ശക്തമായ ഓർമപ്പെടുത്തലായി നിലകൊള്ളുന്നു’വെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്കാ സഭയിൽ ലെബനാനിനും അതിന്റെ ക്രിസ്ത്യൻ സമൂഹത്തിനും ഉള്ള പ്രാധാന്യം ലിയോയുടെ പരാമർശങ്ങൾ അടിവരയിട്ടു. പരിപാടിയുടെ അവസാനം ആത്മീയ നേതാക്കൾ സമാധാനത്തിന്റെ പ്രതീകമായി ഒരു ഒലിവ് തൈ നട്ടു.

ഗസ്സയിലെ വംശഹ്യയുടെയും ലെബനാനിലെ രാഷ്ട്രീയ സംഘർഷങ്ങളുടെയും പശ്ചാത്തലത്തിൽ ലിയോയുടെ സന്ദർശനത്തെ ലെബനാൻകാർ പ്രതീക്ഷയുടെ അടയാളമായി സ്വാഗതം ചെയ്തു.

ലെബനനിലെ ഗ്രാൻഡ് മുഫ്തി അബ്ദുൽ ലത്തീഫ് ഡെറിയൻ, ലിയോയെ മതാന്തര പരിപാടിയിൽ സ്വാഗതം ചെയ്യുകയും തന്റെ മുൻഗാമിയായ ഫ്രാൻസിസ് മാർപാപ്പ സ്ഥാപിച്ച നല്ല ബന്ധങ്ങളെ അനുസ്മരിക്കുകയും ചെയ്തു. ഫ്രാൻസിസ് മാർപാപ്പയും കെയ്‌റോയിലെ അൽ അസ്ഹറിന്റെ ഗ്രാൻഡ് ഇമാമുമായ ഷെയ്ഖ് അഹമ്മദ് അൽ തയേബും ഒപ്പിട്ട മനുഷ്യ സാഹോദര്യത്തെക്കുറിച്ചുള്ള 2019ലെ സംയുക്ത പ്രസ്താവനയും അദ്ദേഹം ഉദ്ധരിച്ചു.

മെഡിറ്ററേനിയൻ രാജ്യത്ത് ഇസ്രായേലി ആക്രമണങ്ങൾ വ്യാപകമാകുന്ന ആശങ്കകൾക്കിടെ, ഇസ്രായേലിന്റെ ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ലെബനാനെ സഹായിക്കണമെന്ന് ഒരു ഉന്നത ലെബനാൻ ശിയാ പുരോഹിതനും സുപ്രീം ഇസ്‍ലാമിക് ഷിയാ കൗൺസിലിന്റെ ഡെപ്യൂട്ടി തലവനുമായ അലി അൽ ഖത്തീബ് ലിയോ മാർപാപ്പയോട് അഭ്യർഥിച്ചു. ‘ലോകം ഞങ്ങളെ സഹായിക്കുന്നതിന് ഞങ്ങൾ ലെബനാനെ നിങ്ങളുടെ കൈകളിൽ ഏൽപ്പിക്കുന്നു’വെന്ന് ഖത്തീബ് പറഞ്ഞു.

‘നമ്മൾ അനുഭവിച്ച എല്ലാ യുദ്ധങ്ങൾക്കും പ്രതിസന്ധികൾക്കും നിരാശകൾക്കും ശേഷം ലെബനാൻ എന്ന നിലയിൽ ഞങ്ങൾക്ക് ഈ സന്ദർശനം അനിവാര്യമാണ്’ എന്ന് ലെബനാനിലെ കാത്തലിക് സ്‌കൂളുകളുടെ സെക്രട്ടറി ജനറൽ റവ. യൂസഫ് നാസർ പറഞ്ഞു.

കഴിഞ്ഞ വർഷം ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ രാജ്യത്തിന് വലിയ നാശനഷ്ടമുണ്ടായതിനെത്തുടർന്ന് ലെബനാനിലെ രാഷ്ട്രീയ പാർട്ടിയുമായ ഹിസ്ബുല്ലയെ നിരായുധീകരിക്കണമെന്ന ആഹ്വാനത്തെച്ചൊല്ലി ലെബനാൻ ആഴത്തിൽ ഭിന്നിച്ചിരുന്നു. വെടിനിർത്തൽ ഉണ്ടായിരുന്നിട്ടും ഹിസ്ബുല്ല അംഗങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ വ്യോമാക്രമണങ്ങൾ നിരന്തരം നടത്തി.

Tags:    
News Summary - Pope Leo receives warm welcome in Lebanon: Planted an olive tree with Christian and Muslim leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.