പാക്  അധീന കശ്മീരിലെ പ്രക്ഷോഭകർ

പാക് അധീന കശ്മീരിൽ പ്രക്ഷോഭം, ലോങ് മാർച്ചിന് നേരെ വെടിവെപ്പ്; 12 പേർ കൊല്ലപ്പെട്ടു, സേന തടസംതീർത്ത കണ്ടെയ്നറുകൾ നദിയിലെറിഞ്ഞ് പ്രക്ഷോഭകർ

ന്യൂഡൽഹി: പാകിസ്താൻ ഭരണകൂടത്തിനെതിരെ പാക് അധീക കശ്മീരിൽ തുടരുന്ന സംഘർഷം മൂന്നാം ദിവസത്തിലേക്ക്. മുസാഫറാബാദിലേക്ക് ലോങ് മാർച്ച് നടത്തുന്ന പ്രക്ഷോഭകരും പാക് സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടി. സുരക്ഷാസേന നടത്തിയ വെടിവെപ്പിൽ 12 പേർ കൊല്ലപ്പെട്ടു. ദദ്യാലിലാണ് പ്രക്ഷോഭകരും സുരക്ഷാസേനയും തമ്മിൽ ഇന്ന് ഏറ്റുമുട്ടിയത്.

മുസാഫറാബാദിലും ദീർകോട്ടിലും അഞ്ച് വീതവും ദദ്യാലിൽ രണ്ടു പേരുമാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിൽ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. 200 പേർക്ക് പരിക്കേറ്റു. വെടിവെപ്പിൽ പരിക്കേറ്റവരുടെ നില ഗുരുതരമാണ്. മുസാഫറാബാദിലെ പാലത്തിൽ ലോങ് മാർച്ച് തടയാനായി സ്ഥാപിച്ച കൂറ്റൻ കണ്ടെയ്നറുകൾ പ്രതിഷേധക്കാർ നദിയിലെറിഞ്ഞു.

'ഭരണാധികാരികളേ, സൂക്ഷിക്കുക, ഞങ്ങൾ നിങ്ങളുടെ വിധിയാണ്', 'കശ്മീർ ഞങ്ങളുടേതാണ്, അതിന്റെ വിധി ഞങ്ങൾ തീരുമാനിക്കും' തുടങ്ങിയ മുദ്രാവാക്യങ്ങൾ പ്രക്ഷോഭകർ വിളിച്ചു. പ്രക്ഷോഭകർ കല്ലെറിയുന്നതിന്‍റെയും സുരക്ഷാസേന വെടിവെക്കുന്നതിന്‍റെയും വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

റാവൽകോട്ട്, നീലം താഴ്വര, കോട്ട്ലി എന്നിവിടങ്ങളിൽ നിന്ന് മുസാഫറാബാദിലേക്കാണ് പ്രക്ഷോഭകർ ലോങ് മാർച്ച് സംഘടിപ്പിച്ചത്. പ്രക്ഷോഭകർ പ്രധാന പാതകൾ ഉപരോധിച്ചതോടെ ജനജീവിതം സ്തംഭിച്ചു. ഇന്ന് സംഘർഷമുണ്ടായ ദദ്യാലിൽ പ്രക്ഷോഭകരെ നേരിടാൻ കൂടുതൽ സൈന്യത്തെ ഭരണകൂടം വിന്യസിച്ചു. കൂടാതെ, മേഖലയിൽ മൊബൈൽ, ഇന്‍റർനെറ്റ്, ലാൻഡ് ഫോൺ സൗകര്യങ്ങൾ വിലക്കിയിട്ടുണ്ട്.

പാക് അധീന കശ്മീരിലെ ജനങ്ങളോട് കാണിക്കുന്ന പാക് ഭരണകൂടത്തിന്‍റെ അവഗണനക്കെതിരെയാണ് കുറച്ചുനാളുകളായി പ്രതിഷേധം ശക്തമാണ്. 38 പ്രധാന ആവശ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഭരണകൂടത്തിനെതിരെ ജനം തെരുവിലിറങ്ങിയത്. പാകിസ്ഥാനിൽ താമസിക്കുന്ന കശ്മീരി അഭയാർഥികൾക്കായി നീക്കിവെച്ചിരിക്കുന്ന പാക് അധീന കശ്മീരിലെ 12 നിയമസഭ സീറ്റുകൾ നിർത്തലാക്കണമെന്നതാണ് പ്രധാന ആവശ്യം. നികുതി ഇളവ്, മാവിനും വൈദ്യുതിക്കും സബ്‌സിഡികൾ, വികസന പദ്ധതികൾ പൂർത്തീകരിക്കൽ എന്നീ ആവശ്യങ്ങളും പ്രക്ഷോഭകർ ഉയർത്തുന്നുണ്ട്.

ജമ്മു ആൻഡ് കശ്മീർ അവാമി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം തുടങ്ങിയത്. പ്രതിഷേധത്തെ ശക്തമായി അടിച്ചമർത്താൻ പാക് സൈന്യം നിരവധി തവണ നടത്തിയ ശ്രമങ്ങളെ അതിജീവിച്ചാണ് പ്രക്ഷോഭകരുടെ സമരം. ആദ്യമായാണ് പാക് അധീക കശ്മീരിലെ ജനങ്ങൾ പാക് ഭരണകൂടത്തെയും സൈന്യത്തെയും ലക്ഷ്യമിട്ട് പ്രതിഷേധം സംഘടിപ്പിക്കുന്നത്. പാക് അധീന കശ്മീരിൽ ഈ വർഷം നടക്കുന്ന പ്രക്ഷോഭങ്ങളിൽ വലുതാണ് ഇത്തവണത്തേത്.

Tags:    
News Summary - POK turns battlefield as protesters clash with army, 12 dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.