ഗസ്സ സിറ്റി: കനത്ത വ്യോമാക്രമണങ്ങൾ മഹാദുരന്തം തീർക്കുന്ന ഗസ്സയിൽ ആകാശത്തുനിന്ന് ബോംബറുകൾ തീമഴ പെയ്യാത്തിടത്ത് നേരിട്ടെത്തിയും ഇസ്രായേൽ സൈനിക അറുകൊല. ജബലിയ അഭയാർഥി ക്യാമ്പിലെ ഷാദിയ അബൂഗസാല സ്കൂളിലാണ് കുട്ടികളും സ്ത്രീകളുമടക്കം സിവിലിയന്മാരെ പോയിന്റ് ബ്ലാങ്കിൽ ഇസ്രായേൽ സൈന്യം വെടിവെച്ചുകൊന്നത്. മേഖലയൊന്നാകെ വ്യോമാക്രമണം ശക്തമായതോടെ പരിസരങ്ങളിൽനിന്നുള്ളവർ ഈ സ്കൂളിലായിരുന്നു അഭയം തേടിയത്. ഇവിടെയാണ് സൈന്യമിറങ്ങി നിരവധി പേരെ വെടിവെച്ചുകൊന്നത്.
കെട്ടിടങ്ങൾക്ക് കാര്യമായ കേടുപാടുകൾ പറ്റിയിട്ടില്ലെങ്കിലും അകത്ത് മൃതദേഹങ്ങൾ കുന്നുകൂടിക്കിടക്കുകയാണെന്ന് അൽജസീറ റിപ്പോർട്ട് പറയുന്നു. പുരുഷന്മാരെ പിടിച്ചുകൊണ്ടുപോയ ശേഷമാണ് കുട്ടികൾക്കും സ്ത്രീകൾക്കും നേരെ സൈന്യം വെടിവെപ്പ് നടത്തിയത്. അതേ സമയം, ഗസ്സയെ മരുപ്പറമ്പാക്കി മാറ്റി ഇസ്രായേൽ കൂട്ടക്കുരുതി തുടരുമ്പോൾ മൃതദേഹങ്ങൾ ഖബറടക്കാൻ സ്ഥലമില്ലാതെ നിസ്സഹായരാവുകയാണ് ഫലസ്തീനികളെന്നും റിപ്പോർട്ട് പറയുന്നു.
ഒക്ടോബർ ഏഴിന് ഇസ്രായേൽ ആക്രമണം തുടങ്ങിയതു മുതൽ വടക്കൻ ഗസ്സയിൽ നിന്ന് പലായനം ചെയ്തവരിൽ ഭൂരിഭാഗവും ജബലിയ അഭയാർഥി ക്യാമ്പിലാണ് അഭയം തേടിയത്. ഇതിനടുത്തുള്ള മാർക്കറ്റ് കൂട്ടക്കുഴിമാടമാക്കിയിരിക്കുകയാണ് ഗസ്സവാസികൾ.
വാഷിങ്ടൺ: യു.എന്നിൽ ഒറ്റപ്പെട്ടതിനു പിന്നാലെ ഇസ്രായേലിനെ അനുനയിപ്പിക്കാനും ഭാവികാര്യങ്ങൾ ചർച്ചചെയ്യാനുമായി ബൈഡൻ ഭരണകൂടത്തിലെ പ്രമുഖർ വീണ്ടും ഇസ്രായേലിലേക്ക്. വൈറ്റ്ഹൗസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജെയ്ക് സുള്ളിവൻ വരുംദിവസം തെൽ അവീവിലെത്തി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെ കാണും. രണ്ടു ദിവസം രാജ്യത്ത് തങ്ങുന്ന സുള്ളിവൻ പ്രസിഡന്റ് ഹെർസോഗ് അടക്കം മറ്റു പ്രമുഖരുമായും ചർച്ച നടത്തും. ഒരാഴ്ച കഴിഞ്ഞ് യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും തെൽഅവീവിലേക്ക് വരും.
ഇസ്രായേലിന് നിരുപാധിക പിന്തുണ പ്രഖ്യാപിക്കുന്നതിനൊപ്പം നിരപരാധികൾക്കുനേരെ തുടരുന്ന വംശഹത്യക്ക് താൽക്കാലിക വിരാമം വരുത്തൽകൂടി ഇതിന്റെ ലക്ഷ്യമാണെന്നാണ് സൂചന. ഇസ്രായേലിനെതിരെ ആഗോള വ്യാപകമായി രോഷം ശക്തമാകുകയും യു.എന്നിലടക്കം ഒറ്റപ്പെടുകയും ചെയ്യുന്നതിനിടെയാണ് യു.എസ് ഇസ്രായേലിനുമേൽ സമ്മർദവുമായി ഇറങ്ങുന്നത്. ചൊവ്വാഴ്ച യു.എൻ പൊതുസഭയിൽ വെടിനിർത്തൽ പ്രമേയം ചർച്ചക്കു വന്നപ്പോൾ ഇസ്രായേലിനെതിരെയെന്നപോലെ അമേരിക്കക്കെതിരെയും രൂക്ഷമായ പ്രതികരണമാണ് ഉയർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.