കൊളംബോ: ശ്രീലങ്കയിൽ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ ഇടക്കാല പ്രസിഡന്റായി അധികാരമേറ്റു. ഗോടബയ രാജപക്സയുടെ രാജിക്കത്ത് ലഭിച്ചതായി സ്പീക്കർ മഹിന്ദ യപ അഭയവർദനെ അറിയിച്ചതിനു പിന്നാലെയാണ് ഔദ്യോഗികമായി ചുമതലയേറ്റെടുത്തത്. പുതിയ പ്രസിഡന്റ് അധികാരമേൽക്കുന്നതു വരെ റനിൽ തുടരും. രാജ്യത്ത് ഏഴു ദിവസത്തിനകം പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുമെന്നും സ്പീക്കർ വ്യക്തമാക്കി.
ജൂലൈ 20 ന് ശ്രീലങ്കൻ പാർലമെന്റ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുമെന്നാണ് റിപ്പോർട്ട് ജനകീയ പ്രക്ഷോഭം ശക്തമായതോടെയാണ് ഗോടബയക്ക് പ്രസിഡന്റ് സ്ഥാനം രാജിവെക്കേണ്ടി വന്നത്. പ്രക്ഷോഭകാരികൾ ഓഫിസും വസതിയും കൈയേറിയതിനുപിന്നാലെ രാജ്യത്തുനിന്ന് പലായനം ചെയ്യുകയായിരുന്നു ഗോടബയ.
യുദ്ധ വീരനെന്നറിയപ്പെടുന്ന ഗോടബയയുടെയും സഹോദരനും മുൻ പ്രധാനമന്ത്രിയുമായ മഹിന്ദ രാജപക്സയുടെയും കെടുകാര്യസ്ഥതയാണ് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയതെന്നാണ് ജനങ്ങളുടെ ആരോപണം. തുടർന്ന് ഇവരുടെ രാജിയാവശ്യപ്പെട്ട് ജനം രംഗത്തിറങ്ങുകയായിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക അനുഭവിക്കുന്നത്.
പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് ആയിരങ്ങളാണ് തെരുവിൽ പ്രതിഷേധത്തിനിറങ്ങിയത്. പ്രസിഡന്റിന്റെ ഔദ്യോഗിക വസതി ഉൾപ്പെടെ പ്രക്ഷോഭകർ കൈയേറിയിരുന്നു.കുടുംബത്തോടൊപ്പം മാലദ്വീപിലേക്ക് കടന്ന ഗോടബയ പിന്നീട് സിംഗപ്പൂരിലെത്തിയിരുന്നു. അതേസമയം, ഗോടബയ അഭയം ആവശ്യപ്പെടുകയോ തങ്ങൾ അഭയം നല്കുകയോ ചെയ്തിട്ടില്ലെന്ന് സിംഗപ്പൂര് അധികൃതർ വ്യക്തമാക്കി. സിംഗപ്പൂർ വഴി സൗദിയിലെത്താനാണ് ഗോടബയയുടെ ശ്രമമെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
കൊളംബോ: ശ്രീലങ്കയിൽ ക്രമസമാധാനം കർശനമായി പരിപാലിക്കുമെന്നും പ്രസിഡന്റിനേക്കാൾ അധികാരം പാർലമെന്റിന് നൽകുന്ന ഭരണഘടനയുടെ 19-ാം ഭേദഗതി പുനരുജ്ജീവിപ്പിക്കുമെന്നും റനിൽ വിക്രമസിംഗെ പറഞ്ഞു. ചീഫ് ജസ്റ്റിസ് ജയന്ത ജയസൂര്യക്ക് മുമ്പാകെ ഇടക്കാല പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത ശേഷം പാർലമെന്റിനെ അഭിസംബോധന ചെയ്യവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ എം.പിമാർക്ക് പൂർണ സംരക്ഷണം നൽകും. ആക്ടിങ് പ്രസിഡന്റ് എന്ന നിലയിൽ തന്റെ ആദ്യ ദൗത്യം ഭരണഘടനയുടെ 19-ാം ഭേദഗതി പുനരുജ്ജീവിപ്പിക്കുകയാണ്. ഇത് പുനഃസ്ഥാപിക്കാനുള്ള കരട് ഉടൻ തയാറാക്കും.
പാർലമെന്റിന് പ്രസിഡന്റിനേക്കാൾ അധികാരം നൽകുന്ന 2015ലെ 19എ ഭരണഘടനാ ഭേദഗതിയിലൂടെ പ്രസിഡന്റിന്റെ അധികാരങ്ങൾ വെട്ടിക്കുറച്ചിരുന്നു. 2019 നവംബറിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഗോടബായ രാജപക്സ വിജയിച്ചതിനെത്തുടർന്ന് 19 എ ഭേദഗതി റദ്ദാക്കി.
കൊളംബോ: 1978നുശേഷം ആദ്യമായി ശ്രീലങ്ക പ്രസിഡന്റിനെ എം.പിമാരുടെ രഹസ്യ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കും. 225 അംഗ പാർലമെന്റ് ജൂലൈ 20ന് രഹസ്യവോട്ടിലൂടെ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുമെന്ന് സ്പീക്കർ മഹിന്ദ യാപ അബേവർധന വെള്ളിയാഴ്ച അറിയിച്ചു. 1978നുശേഷം പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ പാർലമെന്റ് വോട്ട് ചെയ്തിട്ടില്ല. 1982, 1988, 1994, 1999, 2005, 2010, 2015, 2019 എന്നീ വർഷങ്ങളിൽ ജനകീയ വോട്ടിലൂടെയാണ് തെരഞ്ഞെടുത്തത്. അടുത്ത ആഴ്ച നടക്കുന്ന മത്സരത്തിൽ റനിൽ വിക്രമസിംഗെക്കാണ് സാധ്യത കൂടുതൽ. പ്രസിഡന്റാകാൻ ആഗ്രഹിച്ചിരുന്ന വിക്രമസിംഗെ 1999ലും 2005ലും രണ്ടു പ്രസിഡന്റ് തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടു.
പ്രധാനമന്ത്രി, ധനമന്ത്രി എന്ന നിലയിലുള്ള പരിചയ സമ്പത്ത് വിക്രമസിംഗെക്ക് തുണയാകുമെന്നാണ് വിലയിരുത്തൽ. ആറു തവണയാണ് റനിൽ പ്രധാനമന്ത്രിപദത്തിലിരുന്നത്. അതേസമയം, വിക്രമസിംഗെയുടെ യുനൈറ്റഡ് നാഷനൽ പാർട്ടിക്ക് പാർലമെന്റിൽ ഒരു സീറ്റ് മാത്രമേയുള്ളൂ. ഭരണസഖ്യത്തിലെ ശ്രീലങ്ക പൊതുജന പെരമുനയും മുൻ പ്രസിഡന്റിന്റെ സഹോദരൻ ബാസിൽ രാജപക്സയും റനിലിനെ പിന്തുണക്കുമെന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ, പ്രക്ഷോഭകർക്ക് അനഭിമതനാണ് ഈ 73കാരൻ. മുഖ്യപ്രതിപക്ഷമായ സമാഗി ജന ബലവേഗയയുടെ നേതാവ് സജിത് പ്രേമദാസ, ഭരണകക്ഷിയായ എസ്.എൽ.പി.പിയിൽനിന്ന് വേർപിരിഞ്ഞ സംഘത്തിലെ ഡല്ലാസ് അലഹപ്പെരുമ (63), എൽ.ടി.ടി.ഇയുമായുള്ള സൈനികപോരാട്ടത്തിൽ വിജയിച്ച ആർമി കമാൻഡർ ഫീൽഡ് മാർഷൽ ശരത് ഫൊൻസേക (71) എന്നിവരുടെ പേരുകളും ഉയർന്നുകേൾക്കുന്നുണ്ട്. സജിത് പ്രേമദാസ (55)യുടെ എസ്.ജെ.ബിക്ക് പാർലമെന്റിൽ 50 അംഗങ്ങൾ മാത്രമേയുള്ളൂ. മുൻ ഇൻഫർമേഷൻ ആൻഡ് മാസ് മീഡിയ മന്ത്രിയും പത്ര കോളമിസ്റ്റുമായ ഡല്ലാസ് അലഹപ്പെരുമ ഇടതുപക്ഷ ചായ്വുള്ള രാഷ്ട്രീയ സൈദ്ധാന്തികനാണ്. സിംഹള ബുദ്ധഭൂരിപക്ഷത്തിന്റെ പിന്തുണ ഫൊൻസേകക്കുണ്ട്. എന്നാൽ, സജിത് പ്രേമദാസ വിട്ടുനിന്നാൽ മാത്രമേ അദ്ദേഹം മത്സരിക്കാൻ സാധ്യതയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.