ഗുസ്താവോ പെട്രോ, ഡോണൾഡ് ട്രംപ്
കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയെ സമൂഹമാധ്യമ പോസ്റ്റിലൂടെ ആക്രമിച്ച് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പെട്രോയെ നിയമവിരുദ്ധ മയക്കുമരുന്ന് വ്യാപാരി എന്ന് വിളിക്കുകയും കൊളംബിയക്കുള്ള യു.എസ് സഹായം നിർത്തുമെന്ന് പറയുകയും ചെയ്തു. രാജ്യത്ത് മയക്കുമരുന്ന് ഉൽപാദനം തടയാൻ ഒന്നും ചെയ്യുന്നില്ലാത്ത, ജനപ്രീതിയില്ലാത്ത, ദുർബലനായ നേതാവാണ് പെട്രോയെന്നും ട്രംപ് പോസ്റ്റിൽ എഴുതി.
പെട്രോ മയക്കുമരുന്ന് വ്യാപാരം നിർത്തിയില്ലെങ്കിൽ, അമേരിക്ക തന്നെ അത് അടച്ചുപൂട്ടുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. രാജ്യത്ത് മയക്കുമരുന്ന് ഉൽപാദനം പെട്രോ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും ട്രംപ് എഴുതി. യു.എസ് ഇതിനകം കൊളംബിയക്ക് വലിയ തുകകളും സബ്‌സിഡികളും നൽകിയിട്ടുണ്ട് പെട്രോ ഒന്നും ചെയ്യുന്നില്ലെന്നും ഇന്ന് മുതൽ, സഹായങ്ങളും സബ്‌സിഡികളും കൊളംബിയക്ക് നൽകില്ലെന്നും ട്രംപ് പറഞ്ഞു.
യു.എസും കൊളംബിയയും തമ്മിലുള്ള സംഘർഷങ്ങൾ വർധിച്ചുവരുന്ന സമയത്താണ് അദ്ദേഹത്തിന്റെ പ്രസ്താവന. എന്നിരുന്നാലും, ഇരുവരും അടുത്ത സഖ്യകക്ഷികളായി കണക്കാക്കപ്പെടുന്നു. മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ കൊളംബിയ സഹകരിക്കുന്നില്ലെന്ന് കഴിഞ്ഞ മാസം യു.എസ് ആരോപിച്ചു, എന്നിരുന്നാലും സഹായം തുടരുകയും ഉപരോധങ്ങൾ താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തിരുന്നു.
നേരത്തേ, യു.എസ് കൊളംബിയയിൽ ഡ്രോൺ ആക്രമണം നടത്തിയതായും അതെന്തിനായിരുന്നെന്നും പെേട്രാ ചോദിച്ചിരുന്നു.യു.എസ് ആക്രമണത്തിൽ നിരപരാധിയായ ഒരു മത്സ്യത്തൊഴിലാളിയുടെ കൊലപാതകമായാണ് പെട്രോ ഇതിനെ വിശേഷിപ്പിച്ചത്. കൊളംബിയൻ സമുദ്രാതിർത്തിയിലേക്ക് യു.എസ് മിസൈലുകൾ വിക്ഷേപിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര കോടതികളിലും യു.എസ് കോടതിയിലും നിയമനടപടി സ്വീകരിക്കണമെന്ന് പെട്രോ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.