ഇറാൻ യുദ്ധത്തിൽ കൊല്ലപ്പെട്ട യു.എസ് സൈനികരുടെ എണ്ണം കുറച്ചുകാണിച്ച് പെന്റഗൺ

വാഷിങ്ടൺ: യു.എസ്-ഇസ്രായേൽ സംയുക്തമായി ഇറാനുമായി നടത്തുന്ന യുദ്ധത്തിൽ കൊല്ലപ്പെട്ട അമേരിക്കൻ സൈനികരുടെ എണ്ണം പെന്റഗൺ ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകളേക്കാൾ കൂടുതലാണെന്ന് റിപ്പോർട്ട്. അമേരിക്കൻ മാധ്യമമായ 'വാഷിങ്ടൺ പോസ്റ്റ്' ആണ് വെള്ളിയാഴ്ച ഈ വാർത്ത പുറത്തുവിട്ടത്. എന്നാൽ, റിപ്പോർട്ടിലെ വിവരങ്ങൾ യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് തള്ളി.

പേര് വെളിപ്പെടുത്താത്ത അഞ്ച് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് വാഷിങ്ടൺ പോസ്റ്റ് വാർത്ത നൽകിയിരിക്കുന്നത്. പെന്റഗണിന്റെ ഔദ്യോഗിക ഡാറ്റാബേസിൽ പറയുന്നതിനേക്കാൾ നാല് മരണങ്ങൾ കൂടുതലായി നടന്നിട്ടുണ്ടെന്നും, കുറഞ്ഞത് 22 സൈനികർക്കെങ്കിലും ജീവൻ നഷ്ടപ്പെട്ടിട്ടുണ്ടെന്നുമാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

അതേസമയം, പുറത്തുവരാത്ത മരണങ്ങളെല്ലാം നേരിട്ട് യുദ്ധവുമായി ബന്ധപ്പെട്ടതല്ലെന്നും റിപ്പോർട്ടിലുണ്ട്. പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷസാഹചര്യങ്ങൾക്കിടയിൽ അവിടെയുണ്ടായിരുന്ന യു.എസ് സൈനികരുടെ മരണങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ടെന്ന് മറ്റൊരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പത്രം റിപ്പോർട്ട് ചെയ്തു.

ഈ വാർത്ത 'പൂർണ്ണമായും നുണ'യാണെന്നാണ് യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് എക്സിലൂടെ പ്രതികരിച്ചത്. സൈനികരുടെ എണ്ണത്തിലെ ഈ പൊരുത്തക്കേടുകളെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാൻ പെന്റഗൺ തയ്യാറായിട്ടില്ലെന്ന് വാഷിങ്ടൺ പോസ്റ്റ് വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പ്രതികരണങ്ങൾ നടത്താൻ വാഷിങ്ടൺ പോസ്റ്റും ഇതുവരെ തയ്യാറായിട്ടില്ല.

Tags:    
News Summary - Pentagon Undercounting US Casualties in Iran Conflict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.