വാക്സിനെടുക്കാത്തയാൾക്ക് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നിഷേധിച്ച് യു.എസ് ആശുപത്രി

വാഷിങ്ടൺ ഡി.സി: കോവിഡ് പ്രതിരോധ വാക്സിനെടുത്തില്ലെന്ന കാരണത്താൽ രോഗിക്ക് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നിഷേധിച്ച് യു.എസിലെ ആശുപത്രി. ബോസ്റ്റണിലെ ബ്രിഗാം ആൻഡ് വുമൻസ് ആശുപത്രിയാണ് 31കാരനായ ഡി.ജെ. ഫെർഗൂസൺ എന്ന രോഗിക്ക് ഹൃദയം മാറ്റിവെക്കൽ നിഷേധിച്ചത്. അടിയന്തരമായി ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയരാകാനുള്ളവരുടെ പട്ടികയിൽ നിന്ന് ഇയാളുടെ പേര് നീക്കം ചെയ്യുകയായിരുന്നു. അതേസമയം, ഇത്തരം ശസ്ത്രക്രിയകൾക്ക് വിധേയരാകുന്നവർ വാക്സിൻ എടുത്തിരിക്കണമെന്നതാണ് നയമെന്ന് ആശുപത്രി അധികൃതർ ചൂണ്ടിക്കാട്ടുന്നു.

രണ്ട് കുട്ടികളുടെ പിതാവ് കൂടിയായ ഫെർഗൂസൻ വാക്സിന്‍റെ പാർശ്വഫലങ്ങൾ ശസ്ത്രക്രിയയെ ബാധിക്കുമോയെന്ന ഭയം കാരണമാണ് കുത്തിവെപ്പെടുക്കാതിരുന്നത്. തന്‍റെ മകൻ ഒരിക്കലും ഒരു വാക്സിൻ വിരോധിയല്ലെന്ന് ഫെർഗൂസന്‍റെ മാതാവ് ട്രേസി പറഞ്ഞു. മുൻപ് എല്ലാ വാക്സിനുകളും സ്വീകരിച്ചിട്ടുണ്ട്. ആട്രിയൽ ഫൈബ്രിലേഷൻ എന്ന അസുഖം മകന് ഉള്ളതിനാലാണ് പാർശ്വഫലങ്ങൾ ഭയന്ന് വാക്സിൻ സ്വീകരിക്കാതിരുന്നത്. വാക്സിൻ എടുത്താൽ പാർശ്വഫലങ്ങളുണ്ടാവില്ലെന്ന് ആശുപത്രി അധികൃതർ ഉറപ്പുനൽകണമെന്നും അവർ ആവശ്യപ്പെട്ടു. അതേസമയം, കോവിഡ് വാക്സിനിൽ മകന് വിശ്വാസമില്ലെന്നും അത് അവന്‍റെ നിലപാടുകൾക്ക് വിരുദ്ധമായതുകൊണ്ടാണ് സ്വീകരിക്കാത്തതെന്നും ഫെർഗൂസന്‍റെ പിതാവ് ഡേവിഡ് പറഞ്ഞു.

അവയവമാറ്റ ശസ്ത്രക്രിയക്ക് ഏറ്റവും അനുകൂലമായ ആളുകളെയാണ് തങ്ങൾ തിരഞ്ഞെടുക്കാറെന്ന് ആശുപത്രി അധികൃതർ പറയുന്നു. ആ നയം തുടരുക മാത്രമാണ് ചെയ്തത്. അവയവം ആവശ്യമായ രോഗികളിൽ, ശസ്ത്രക്രിയക്ക് ശേഷം ജീവിതത്തിലേക്ക് തിരിച്ചുവരാൻ ഏറ്റവും കൂടുതൽ സാധ്യതയുണ്ടെന്ന് കാണുന്നവർക്കാണ് ശസ്ത്രക്രിയ നടത്താറ്. അവയവങ്ങളുടെ ലഭ്യതക്കുറവ് പരിഗണിക്കുമ്പോൾ, കോവിഡ് വാക്സിൻ സ്വീകരിക്കാത്ത ഒരാൾക്ക് മുൻഗണന നൽകാനാവില്ല -ആശുപത്രി അധികൃതർ പറയുന്നു.

ലക്ഷത്തോളം രോഗികൾക്കാണ് അവയവങ്ങൾ ആവശ്യമായിട്ടുള്ളതെന്നും അടുത്ത അഞ്ച് വർഷം ഇവർ കാത്തിരിക്കേണ്ട സാഹചര്യമാണെന്നും ആശുപത്രി പറയുന്നു.

ഫെർഗൂസന്‍റെ ശസ്ത്രക്രിയക്കായി സംഘടനകളുടെ നേതൃത്വത്തിൽ ധനസമാഹരണം നടത്തിയിരുന്നു. വാക്സിനെടുത്താൽ കാർഡിയാക് ഇൻഫ്ലമേഷൻ സംഭവിക്കുമോയെന്ന ഭയം ഫെർഗൂസനുണ്ടെന്ന് ഇവർ പറയുന്നു. അപൂർവമായും താൽക്കാലികമായും കാർഡിയാക് ഇൻഫ്ലമേഷൻ കോവിഡ് വാക്സിന്‍റെ പാർശ്വഫലമായി സംഭവിച്ചേക്കാമെന്ന് യു.എസ് ആരോഗ്യ ഏജൻസിയായ സി.ഡി.സി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

എന്നാൽ, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞയാളുടെ രോഗപ്രതിരോധം വളരെ താഴ്ന്ന നിലയിലായിരിക്കുമെന്നും സാധാരണ ജലദോഷം പോലും ഭീഷണിയാകുമെന്നും ഡോ. ആർതർ കാപ്ലാൻ പറയുന്നു. വാക്സിൻ സ്വീകരിച്ചയാളുകൾ നിരവധിയുള്ളപ്പോൾ വാക്സിൻ സ്വീകരിക്കാത്ത ഒരാൾക്ക് ഏറെ ദൗർലഭ്യമുള്ള അവയവം നൽകുന്നതിന് മുൻഗണന കൊടുക്കാനാവില്ലെന്നും അദ്ദേഹം പറയുന്നു.

കഴിഞ്ഞ നവംബറിലാണ് ഫെർഗൂസനെ അസുഖബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ ആശുപത്രിയിൽ തുടരുകയാണ് ഇദ്ദേഹം. വാക്സിനെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഒരു വ്യക്തിക്ക് നൽകണമെന്ന് കുടുംബാംഗങ്ങൾ ആവശ്യപ്പെടുന്നു.

വാക്സിനെടുക്കാത്തയാൾക്ക് ആരോഗ്യ സേവനം നിഷേധിക്കപ്പെടുന്നത് യു.എസിൽ ഇതാദ്യമല്ല. കഴിഞ്ഞ മാസം വെന്‍റിലേറ്ററിലായിരുന്ന ഒരു രോഗിയെ വാക്സിൻ എടുത്തില്ലെന്ന കാരണത്താൽ വെന്‍റിലേറ്ററിൽ നിന്ന് നീക്കാൻ ശ്രമം നടന്നിരുന്നു. യു.എസിൽ 63 ശതമാനം ജനങ്ങളും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചുകഴിഞ്ഞു. 40 ശതമാനം പേർ ബൂസ്റ്റർ ഡോസും സ്വീകരിച്ചിട്ടുണ്ട്. 

Tags:    
News Summary - Patient who refused COVID vaccine was denied a heart transplant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.