ഓക്‍ലാൻഡ്: 16 മണിക്കൂറിന്റെ പറക്കലിനൊടുവിൽ യാത്ര തുടങ്ങിയിടത്ത് തന്നെ തിരിച്ചിറങ്ങി ന്യൂസിലാൻഡ് വിമാനം. എയർ ന്യൂസിലാൻഡിന്റെ NZ2 വിമാനമാണ് തുടങ്ങിയിടത്ത് തന്നെ യാത്ര അവസാനിപ്പിച്ചത്. വ്യാഴാഴ്ചയാണ് വിമാനം ന്യൂയോർക്കിലെ ജോൺ എഫ് കെന്നഡി വിമാനത്താവളം ലക്ഷ്യമാക്കി ഓക്‍ലാൻഡ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നത്. എട്ട് മണിക്കൂർ പറന്ന ശേഷം ജോൺ എഫ് കെന്നഡി വിമാനത്താവളത്തിൽ ഇറങ്ങാൻ തടസമുണ്ടായതിനെ തുടർന്ന് തിരികെ ഓക്‍ലാൻഡിലേക്ക് തന്നെ പറക്കുകയായിരുന്നു.
16 മണിക്കൂർ വിമാനത്തിൽ ചെലവഴിച്ച ശേഷമാണ് യാത്രക്കാർക്ക് തുടങ്ങിയിടത്ത് തന്നെ യാത്ര അവസാനിപ്പിക്കേണ്ടി വന്നത്. സാങ്കേതിക തകരാർ മൂലം ന്യൂയോർക്കിലെ ജോൺ എഫ് കെന്നഡി വിമാനത്താവളത്തിലെ ടെർമിനൽ ഒന്ന് അടച്ചിടേണ്ടി വന്നതാണ് ന്യൂസിലാൻഡ് വിമാനത്തിന് വിനയായത്.
ഫ്ലൈറ്റ്റഡാർ 24 വെബ്സൈറ്റിലെ ഡാറ്റ പ്രകാരം ബോയിങ് 787 വിമാനം ഏകദേശം 14,000 കിലോ മീറ്റർ പറന്ന് പസഫിക് സമുദ്രത്തിന് മുകളിൽ ഹവായിക്ക് സമീപം എത്തിയിരുന്നു. പിന്നീട് ന്യൂയോർക്ക് വിമാനത്താവളത്തിൽ ഇറങ്ങാൻ കഴിയില്ലെന്ന് മനസിലാക്കിയതോടെ തിരികെ പറക്കുകയായിരുന്നു. വിമാനം മറ്റൊരു വിമാനത്താവളത്തിലേക്ക് വഴിതിരിച്ച് വിട്ടിരുന്നുവെങ്കിൽ നിരവധി ഷെഡ്യൂളുകളെ അത് ബാധിക്കുമായിരുന്നെന്ന് എയർ ന്യൂസിലാൻഡ് അറിയിച്ചു. യാത്രക്കാരെ മറ്റ് വിമാനങ്ങളിൽ ന്യൂയോർക്കിൽ എത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയെന്ന് ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിക്കുകയാണെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.
നേരത്തെ സമാനമായ രീതിയിൽ ദുബൈയിൽ നിന്ന് ന്യൂസിലാന്റിലേക്ക് യാത്ര പുറപ്പെട്ട എമിറേറ്റ്സ് വിമാനം യാത്ര തുടങ്ങിയിടത്തു തന്നെ തിരിച്ചിറങ്ങിയിരുന്നു. 13 മണിക്കൂർ നീണ്ട യാത്രക്ക് ശേഷമാണ് വിമാനം ലക്ഷ്യസ്ഥാനത്തെത്താതെ തുടങ്ങിയിടത്തു തന്നെ തിരിച്ചെത്തിയത്.
EK 448 വിമാനം പ്രാദേശിക സമയം രാവിലെ 10.30 നാണ് ദുബൈയിൽ നിന്ന് ന്യൂസിലാന്റിലേക്ക് യാത്ര പുറപ്പെട്ടത്. 9,000 കിലോമീറ്റർ (പകുതി വഴി) യാത്ര ചെയ്തതിനു ശേഷം യു ടേണെടുത്ത് വിമാനം ദുബൈയിൽ തന്നെ ഇറങ്ങുകയായിരുന്നു. ന്യൂസിലാന്റിലെ പ്രളയം മൂലം ഓക്‍ലാന്റ് വിമാനത്താവളം അടച്ചുപൂട്ടിയതാണ് വിമാനം തിരിച്ചുപോകാൻ ഇടയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.