മാക്സി അലനും റോസലിൻഡ് ലെവിനും പെൺമക്കളോടൊപ്പം 

സ്കൂൾ വാട്സപ്പ് ഗ്രൂപ്പിൽ അഭിപ്രായമെഴുതിയതിന് കേസ്; അറസ്റ്റിലായ മാതാപിതാക്കൾക്ക് 23 ലക്ഷം രൂപ നഷ്ടപരിഹാരം നൽകി ഒത്തുതീർപ്പ്

ഹെർട്​ഫോർഡ്ഷയർ(യു.കെ): മകൾ പഠിക്കുന്ന പ്രൈമറി സ്കൂളിനെ കുറിച്ച് വാട്സപ്പ് ​ഗ്രൂപ്പിൽ കമന്റെഴുതിയതിന്റെ പേരിൽ മാതാപിതാക്കളെ അറസ്റ്റ് ചെയ്ത് പൊലീസ്. പിന്നാലെ ആളുമാറി അറസ്റ്റ് ചെയ്തതിന് വൻതുക നഷ്ടപരിഹാരം നൽകി ഒത്തുതീർപ്പ്.

കഴിഞ്ഞ ജനുവരിയിലാണ് സംഭവം. ബ്രിട്ടണിലെ ഹെർട്​ഫോർഡ്ഷയറിലെ കൗലി പ്രൈമറി സ്കൂളിലെ മാതാപിതാക്കൾ തമ്മിലാണ് വാട്സാപ്പ് ഗ്രൂപ്പിൽ വാക്കേറ്റമുണ്ടായത്. ഇതിന് പിന്നാലെ, ബോറെഹാംവുഡ് സ്വദേശി മാക്സി അലൻ, പങ്കാളി റോസലിൻഡ് ലെവിൻ എന്നിവരെ പൊലീസ് അറസ്റ്റ്​ ചെയ്യുകയായിരുന്നു. കുട്ടിയുടെ സ്കൂളിനെച്ചൊല്ലി നിസ്സാരമായ തർക്കത്തിന് പിന്നാലെയായിരുന്നു പൊലീസ് നടപടിയെന്ന് ഇരുവരും പറഞ്ഞു. പീഡനവും ദുരുദ്ദേശ്യപരമായ ആശയവിനിമയവും നടത്തിയെന്ന സംശയത്തിന്റെ പേരിലായിരുന്നു അറസ്റ്റ്.

പിന്നാലെ, ദമ്പതികളെ 11 മണിക്കൂർ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കുകയായിരുന്നു. ഇതിനിടെ, അറസ്റ്റിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഹെർട്ട്‌ഫോർഡ്‌ഷയറിലെ ബോറെഹാംവുഡിലുള്ള വീട്ടിൽ ഇരച്ചുകയറിയ ആറോളം പൊലീസുകാർ ദമ്പതികളെ പിടിച്ചുകൊണ്ടുപോകുന്നത് ദൃശ്യങ്ങളിലുണ്ട്. മാതാപിതാക്കളെ കൊണ്ടുപോവുന്നത് കണ്ട് ഭയന്ന് കരയുന്ന കുഞ്ഞിനെയും ദൃശ്യങ്ങളിൽ കാണാം.

Full View


അഞ്ച് ആഴ്ചകൾക്ക് ശേഷം പരാതിയിൽ കഴമ്പില്ലെന്നും തുടർനടപടികൾ ആവശ്യമില്ലെന്നും കണ്ട് പൊലീസ് കേസവസാനിപ്പിക്കാൻ തീരുമാനിച്ചു. ഇതിനിടെ, ദമ്പതികൾക്കെതിരെയുണ്ടായ നടപടികളിൽ പിഴവ് സമ്മതിച്ച പൊലീസ് അഭിഭാഷകർ മുഖേന ഒത്തുതീർപ്പിന് ശ്രമിക്കുകയായിരുന്നു. 20,000 പൗണ്ട് (23,35,832 രൂപ) നഷ്ടപരിഹാരം നൽകിയാണ് പൊലീസ് കേസ് ഒത്തുതീർപ്പാക്കിയത്. തങ്ങളുടെ പേരിൽ കേസില്ലെന്നും ​പൊലീസിന് പിഴവ് സംഭവിച്ചതാണെന്നുമുള്ള അറിയിപ്പ് ലഭിച്ചപ്പോൾ കരഞ്ഞുപോയെന്ന് മാക്സി അലൻ മാധ്യമങ്ങളോട് പറഞ്ഞു.

‘പൊലീസ് തെറ്റായ അറസ്റ്റ് സമ്മതിച്ചു, നിയമവിരുദ്ധമായ നടപടിയാ​യിരുന്നുവെന്ന് ഏറ്റുപറഞ്ഞു, ഞങ്ങൾക്ക് നഷ്ടപരിഹാരവും അവർ വാഗ്ദാനം ചെയ്തു. തങ്ങളുടെ ഭാഗത്തുനിന്നുണ്ടായത് തെറ്റായ കാര്യമാണെന്ന് അവർ തിരിച്ചറിഞ്ഞതിൽ സന്തോഷമുണ്ട്. ഗുരുതരമായ പിഴവായിരുന്നു അത്. മൂന്നുവയസുകാരി മകളുടെ മുന്നിലൂടെയാണ് ഞങ്ങളെ ബലംപ്രയോഗിച്ച് കൊണ്ടുപോയത്,’ മാക്സി അലനെ ഉദ്ധരിച്ച് ഡെയ്‍ലി മെയിൽ റിപ്പോർട്ട് ചെയ്തു.   

Tags:    
News Summary - Parents wrongly arrested school WhatsApp group message

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.