റുഖയ്യ (ഇടത്ത്) സഹോദരി ഗസ്‍ലാൻ ജാഹിലിനൊപ്പം

‘എന്റെ സുന്ദരിമോളായിരുന്നു അവൾ’ -നാലു വയസ്സുകാരിയുടെ മരണത്തിൽ തോരാകണ്ണീരുമായി പിതാവ് അഹ്മദ്

ഗസ്സ: ‘എന്റെ സുന്ദരിമോളായിരുന്നു അവൾ. എന്റെ ഹൃദയത്തോട് ഏറ്റവും അടുത്തുനിന്നവൾ’-അഹ്മദ് ജാഹിലിന് കരച്ചിലടക്കാനാവുന്നില്ല. വീട്ടിലെത്തുമ്പോൾ വാതിൽ തുറന്ന് ‘ഉപ്പ വന്നേ’ എന്ന് സന്തോഷത്തോടെ തുള്ളിച്ചാടുന്ന പൊന്നുമകൾ ഇനിയില്ലെന്നത് 38കാരനായ അഹ്മദിന് ഉൾക്കൊള്ളാനാവുന്നില്ല. അടുത്ത മാസം അഞ്ചാം പിറന്നാൾ ആഘോഷിക്കാനിരുന്ന റുഖയ്യയെ ഇ​സ്രായേൽ സേന വെടിവെച്ചുകൊന്നതിന്റെ സങ്കടം തോരാകണ്ണീരായി മാറിയിരിക്കുകയാണ് ഈ പിതാവിൽ.

വെസ്റ്റ് ബാങ്കിൽ ജറൂസലേമിന് വടക്കുപടിഞ്ഞാറു​ള്ള ബൈത്ത് ഇക്സ ഗ്രാമത്തിലാണ് റുഖയ്യയും മാതാപിതാക്കളും സഹോദരങ്ങളും താമസം. വീടിനടുത്തുള്ള ചെക്പോസ്റ്റിൽനിന്നാണ് ആ നാലു വയസ്സുകാരിക്കുനേരെ ഇസ്രായേൽ സൈന്യം നിറയൊഴിച്ചത്. ഉമ്മ ആയിഷയോടൊപ്പം ബന്ധുവീട്ടിൽപോയി ബൈത്ത് ഇക്സയിലേക്ക് തിരിച്ചുവരുന്നതിനിടക്കാണ് ആ കുരുന്നിന് ജീവൻ നഷ്ടമായത്.

ഒരു മിനിവാനിൽ സഞ്ചരിക്കുകയായിരുന്നു അവർ. ബൈത്ത് ഇക്സയിലേക്കുള്ള പ്രവേശന കവാടമായ റാസ് ബെദു ചെക്പോസ്റ്റ് കടക്കുമ്പോൾ മറ്റൊരു വാഹനം അവർ സഞ്ചരിച്ച മിനിവാനിന് തൊട്ടുപിന്നിലുണ്ടായിരുന്നു. ചെക്പോസ്റ്റിൽ പരിശോധനക്കായി ആ വാഹനം നിർത്താതെ പോയെന്ന് കുറ്റപ്പെടുത്തി ഇസ്രായേൽ സൈനികൻ ഉടൻ വെടിയുതിർത്തു. എന്നാൽ, വെടിയുണ്ട ലക്ഷ്യംതെറ്റി മിനിവാനിൽ പതിക്കുകയായിരുന്നു. വണ്ടിയിലിരിക്കുകയായിരുന്ന റുഖയ്യയു​ടെ പു​റംഭാഗത്താണ് വെടി കൊണ്ടത്.

റുഖയ്യ 

പരിക്കേറ്റ് ചോരവാർന്ന് 18 മിനിറ്റ് കിടന്ന റുഖയ്യയെ ഒരു ഇസ്രായേലി ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചതായി അഹ്മദ് പറഞ്ഞു. വെടിവെപ്പിൽ ആയിഷ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. ഭാര്യ വിളിച്ചറിയിച്ചതിനെ തുടർന്ന് അഹ്മദ് സംഭവസ്ഥലത്തേക്ക് ഓടിയെത്തിയെങ്കിലും പ്രിയപ്പെട്ട മകൾ അതിനകം മരണത്തിന് കീഴടങ്ങിയിരുന്നു.

വെടിവെപ്പ് നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും റുഖയ്യയുടെ മൃതദേഹം കുടുംബത്തിന് വിട്ടുനൽകിയിട്ടി​ല്ലെന്ന് അഹ്മദും സഹോദരൻ മുഹമ്മദ് ജാഹിലിനും പറയുന്നു. തങ്ങളുടെ കുസൃതിക്കുടുക്കയായിരുന്ന അവളുടെ ആകസ്മിക വേർപാട് ജാഹിലിൻ കുടുംബത്തെ ആകെ തളർത്തിയിരിക്കുന്നു. റാസ് ബെദു ചെക് പോയന്റിലെ അധികൃതരുടെ മനുഷ്യത്വരഹിതമായ പ്രവൃത്തിയിൽ പ്രതിഷേധിക്കുകയാണ് കുടുംബം. റുഖയ്യയുടെ മയ്യത്ത് വിട്ടുനൽകാത്തത് എന്തുകൊണ്ടാണെന്ന അവരുടെ ചോദ്യത്തിന് ഇസ്രായൽ അധികൃതർ വ്യക്തമായ മറുപടി നൽകുന്നില്ല. റുഖയ്യയില്ലാത്ത വീട്ടിലേക്ക് പോകാനാവി​​ല്ലെന്നു പറയുന്ന അഹ്മദ് സഹോദരങ്ങൾക്കൊപ്പം തറവാട് വീട്ടിലാണ് ഇപ്പോൾ കഴിയുന്നത്.

ഇസ്രായേൽ ഫലസ്തീനിൽ ആക്രമണം അഴിച്ചുവിട്ടശേഷം പതിനായിരത്തിലേറെ കുഞ്ഞുങ്ങൾക്കാണ് ജീവഹാനി സംഭവിച്ചത്. വെസ്റ്റ്ബാങ്കിലും കിഴക്കൻ ജറൂസലേമിലുമായി 85 കുഞ്ഞുങ്ങൾ ഇതിനകം കൊല്ല​പ്പെട്ടുവെന്ന് ഐക്യരാഷ്ട്ര സഭയുടെ കണക്കുകൾ വ്യക്തമാക്കുന്നു.

Tags:    
News Summary - Palestinian father mourns four-year-old daughter killed at Israeli checkpoint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.