കൊല്ലപ്പെട്ട മുഹമ്മദ് അബു ഹതാബ്
ഗസ്സ: ഇസ്രായേൽ ആക്രമണത്തിൽ ഫലസ്തീൻ ടിവിയിലെ മാധ്യമപ്രവർത്തകൻ മുഹമ്മദ് അബു ഹതാബും കുടുംബവും കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച് ഫലസ്തീൻ വാർത്ത ഏജൻസിയായ വഫ. അബു ഹതാബിന്‍റെയും കുടുംബത്തിന്‍റെയും കൊലപാതകം ബോധപൂർവമെന്ന് വഫ ആരോപിച്ചു. ഫലസ്തീൻ അതോറിറ്റിയുടെ ടെലിവിഷൻ ചാനൽ ആണ് ഫലസ്തീൻ ടിവി.
ഖാൻ യൂനിസിലെ അബു ഹതാബിന്റെ അപ്പാർട്ട്‌മെന്‍റിൽ അദ്ദേഹം എത്തിയതിന് തൊട്ടുപിന്നാലെയാണ് വ്യോമാക്രമണം ഉണ്ടായത്. ആക്രമണത്തിൽ അബു ഹതാബും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു. ഫലസ്തീൻ ജനതയുടെ ദുരിതങ്ങൾ അറിയിക്കുന്നതിൽ നിന്നും അധിനിവേശ കുറ്റകൃത്യങ്ങൾ തുറന്നു കാട്ടുന്നതിൽ നിന്നും തടയാനുമാണ് ഇസ്രായേൽ ആക്രമണമെന്നും ഫലസ്തീൻ ടിവി ചൂണ്ടിക്കാട്ടി.
ഫലസ്തീൻ പത്രപ്രവർത്തകരെ ഭയപ്പെടുത്തുന്നതിനുള്ള രക്തരൂക്ഷിത സന്ദേശമാണിത്. അധിനിവേശ ഭരണകൂടം മാധ്യമപ്രവർത്തകർക്കെതിരെ എത്ര ക്രൂരത കാട്ടിയാലും അവർ കടമയിൽ നിന്ന് പിന്നോട്ടു പോകില്ലെന്നും ഫലസ്തീൻ ടിവി വ്യക്തമാക്കി.
അബു ഹതാബ് ഉൾപ്പെടെ 11 പേരാണ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഒക്‌ടോബർ ഏഴിന് ഇസ്രായേൽ ആക്രമണം ആരംഭിച്ചത് മുതൽ 27 ഫലസ്തീൻ മാധ്യമപ്രവർത്തകരും മാധ്യമ ജീവനക്കാരും കൊല്ലപ്പെട്ടതായി പലസ്തീൻ പത്രപ്രവർത്തക യൂണിയൻ അറിയിച്ചു.
അതേസമയം, ഇസ്രായേൽ കൂട്ടക്കുരുതിയിൽ ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 9,061 ആയി. കൊല്ലപ്പെട്ടതിൽ 3,760 പേർ കുട്ടികളും 2326 പേർ സ്ത്രീകളുമാണ്. 6360 കുട്ടികളും 4891 സ്ത്രീകളും ഉൾപ്പെടെ 32,000 പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച മാത്രം 256 പേർ കൊല്ലപ്പെട്ടു.
ഇസ്രായേൽ ആക്രമണത്തിന് പിന്നാലെ ഗസ്സയിൽ 1020 കുട്ടികൾ ഉൾപ്പെടെ 2030 പേരെ കാണാതായി. 4000 പേർ ഇസ്രായേലിന്‍റെ തടങ്കലിലാണ്. ഇസ്രായേൽ ആക്രമണം ആരംഭിച്ചത് മുതൽ 10 മിനിട്ടിൽ ഒരു കുട്ടി വീതം കൊല്ലപ്പെടുന്നു ഇസ്രായേൽ അധിനിവേശ വെസ്റ്റ് ബാങ്കിൽ 132 പേർ കൊല്ലപ്പെട്ടു. 2000 പേർക്ക് പരിക്കേറ്റു. 1900 പേരെ ഇസ്രായേൽ തടങ്കലിലാണ്. രണ്ടു തടവുകാർ ഇസ്രായേൽ കസ്റ്റഡിയിൽ കൊല്ലപ്പെട്ടു.
1150 കുട്ടികൾ ഉൾപ്പെടെ 2600 പേരെ കാണാനില്ല. ഇസ്രായേൽ തകർത്ത കെട്ടിടങ്ങൾക്ക് അടിയിൽ കുടുങ്ങിയവരും കാണാതായവരിൽ ഉൾപ്പെട്ടേക്കും. നിലവിൽ 135 ആരോഗ്യ പ്രവർത്തകർ കൊല്ലപ്പെട്ടു. 25 ആംബുലൻസുകളും തകർത്തിട്ടുണ്ട്. കൂടാതെ, ഗസ്സയിലെ 16 ആശുപത്രികളും 32 മെഡിക്കൽ കെയർ സംവിധാനങ്ങളും പ്രവർത്തനരഹിതമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.