വജ്രം തേടി 13 വർഷങ്ങൾ; ഒടുവിൽ കണ്ടെത്തിയത് 9.6 കോടി രൂപ വിലമതിക്കുന്ന അപൂർവ രത്നം
വജ്രങ്ങൾ തേടിയുളള, 13 വർഷത്തിലേറെ നീണ്ട യാത്രക്കൊടുവിൽ അപൂർവമായ 6.03 കാരറ്റ് മഞ്ഞ വജ്രം കണ്ടെത്തി യുവാവ്. അമേരിക്കയിലെ അർക്കൻസാസിലുള്ള ക്രേറ്റർ ഓഫ് ഡയമണ്ട്സ് സ്റ്റേറ്റ് പാർക്കിൽ വജ്രം തെരയുകയായിരുന്ന ജാക്ക് പിയറാഡിൻ എന്നയാളാണ് അപൂർവ രത്നം കണ്ടെത്തിയത്. ടിക്‌ടോക്കിൽ ലൈവ് സ്ട്രീമിങ് നടത്തുന്നതിനിടെയായിരുന്നു നിർണായക കണ്ടെത്തൽ.
2013 മുതൽ പാർക്കിൽ വജ്രങ്ങൾ തെരയുന്ന ജാക്ക് പിയറാഡിൻ നാവികസേനയിലെ റിസർവിസ്റ്റ് കൂടിയാണ്. 13 വർഷത്തിനിടെ 300-ലധികം വജ്രങ്ങൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇത്തവണ ലഭിച്ചത് അസാധാരണമായൊരു രത്നമാണ്. സുഹൃത്ത് മൈക്കൽ ഷൂമാക്കറിനൊപ്പം ചരൽ അരിച്ചുപരിശോധിക്കുന്നതിനിടെയാണ് കൂമ്പാരത്തിൽ സ്വർണനിറത്തിലുള്ള തിളക്കം ജാക്കിന്റെ ശ്രദ്ധയിൽപ്പെട്ടത്. അടുത്തുനിന്ന് പരിശോധിച്ചപ്പോഴാണ് അത് അപൂർവ വജ്രമാണെന്ന് തിരിച്ചറിഞ്ഞത്. ഒരു വിരലിലെ നഖത്തോളം വലുപ്പമുള്ളതായിരുന്നു വജ്രം.
ജാക്കും സുഹൃത്തും ചേർന്ന് വജ്രത്തിന് ‘അമേരിക്കൻ ഡ്രീം ഡയമണ്ട്’ എന്ന് പേരിട്ടു. ഇതുവരെ പാർക്കിൽ കണ്ടെത്തിയതിൽ ഏറ്റവും വലിയ വജ്രമാണിത്. തിളക്കമുള്ള മഞ്ഞനിറവും 48 മുഖങ്ങളുള്ള സവിശേഷമായ ക്രിസ്റ്റൽ ഘടനയുമാണ് വജ്രത്തെ അപൂർവമാക്കുന്നത്.
വജ്രത്തിന് 10 ലക്ഷം ഡോളർ വരെ (ഏകദേശം 9.6 കോടി രൂപ) വില ലഭിച്ചേക്കാമെന്നാണ് കരുതുന്നത്. എന്നാൽ, പാർക്കിൽനിന്ന് ലഭിക്കുന്ന ഈ വലുപ്പത്തിലുള്ള ഉയർന്ന ഗുണനിലവാരമുള്ള വജ്രത്തിന് ഏകദേശം 2.5 ലക്ഷം ഡോളർ (ഏകദേശം 2.4 കോടി രൂപ) ലഭിക്കാമെന്നാണ് സർട്ടിഫൈഡ് രത്നമൂല്യനിർണയ വിദഗ്ധന്റെ വിലയിരുത്തൽ.
സന്ദർശകർക്ക് വജ്രങ്ങൾ തെരയാനും കണ്ടെത്തുന്നവ നിയമപരമായി സ്വന്തമാക്കാനും കഴിയുന്ന ലോകത്തിലെ ചുരുക്കം ചില സ്ഥലങ്ങളിൽ ഒന്നാണ് ക്രേറ്റർ ഓഫ് ഡയമണ്ട്സ് സ്റ്റേറ്റ് പാർക്ക്. 1972ൽ സ്റ്റേറ്റ് പാർക്കായി മാറിയതിനുശേഷം ഇവിടെനിന്ന് 37,000ത്തിലധികം വജ്രങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
വജ്രം വിറ്റുകിട്ടുന്ന തുക സുഹൃത്ത് മൈക്കൽ ഷൂമാക്കറുമായി പങ്കിടാനാണ് ജാക്കിന്റെ തീരുമാനം. ചരൽ ശേഖരിക്കാൻ സഹായിച്ചത് ഷൂമാക്കറായിരുന്നു. ലഭിക്കുന്ന പണം ഉപയോഗിച്ച് സ്വന്തമായി ഒരു ക്രിസ്റ്റൽ ഖനി ആരംഭിക്കാനും ജാക്ക് ആഗ്രഹിക്കുന്നു.ഒരു പതിറ്റാണ്ടിലേറെ നീണ്ട തെരച്ചിലിനൊടുവിൽ അപ്രതീക്ഷിതമായി ലഭിച്ച ഈ കണ്ടെത്തൽ ജാക്കിന്റെ ജീവിതം തന്നെ മാറ്റിമറിച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.