പ്രതീകാത്മക ചിത്രം

വീണ്ടും ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണം; കടലിലേക്ക് വിക്ഷേപിച്ചത് നിരവധി ബാലിസ്റ്റിക് മിസൈലുകൾ

സോൾ: കൊറിയൻ ഉപദ്വീപിൽ വീണ്ടും സംഘർഷാവസ്ഥ ശക്തമാകുന്നതിനിടെ, കിഴക്കൻ തീരത്തോട് ചേർന്ന കടൽമേഖലയിലേക്ക് ഉത്തരകൊറിയ നിരവധി ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതായി ദക്ഷിണകൊറിയൻ സൈന്യം അറിയിച്ചു. തിങ്കളാഴ്ച പ്യോങ്‌യാങ് മേഖലയിൽനിന്ന് വിക്ഷേപിച്ച മിസൈലുകളിലൊന്ന് 900 കിലോമീറ്ററിലധികം സഞ്ചരിച്ചതായി ദക്ഷിണകൊറിയയുടെ ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് (ജെ.സി.എസ്) വ്യക്തമാക്കി. എന്നാൽ എത്ര മിസൈലുകളാണ് കണ്ടെത്തിയതെന്ന് സൈന്യം കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല.

ജപ്പാന്റെ പ്രതിരോധ ഉപമന്ത്രി തകാഷി കോയാരിയുടെ വിശദീകരണമനുസരിച്ച്, 17 മിനിറ്റ് ഇടവേളയിൽ കുറഞ്ഞത് രണ്ട് മിസൈലുകളെങ്കിലും വിക്ഷേപിച്ചിട്ടുണ്ട്. ഇവ ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖലക്ക് പുറത്തുള്ള സമുദ്രഭാഗത്താണ് പതിച്ചത്. ആദ്യ മിസൈൽ ഏകദേശം 220 കിലോമീറ്റർ സഞ്ചരിച്ചപ്പോൾ രണ്ടാമത്തേത് 910 കിലോമീറ്ററിലധികം ദൂരം പിന്നിട്ടു. രണ്ടാമത്തെ മിസൈൽ സാധാരണയിൽനിന്ന് വ്യത്യസ്തമായ പാതയിലൂടെ സഞ്ചരിച്ചതായും ഇത് ഹൈപ്പർസോണിക് ആയുധമായിരിക്കാമെന്നും കോയാരി പറഞ്ഞു.

ഉത്തരകൊറിയയുടെ തുടർച്ചയായ മിസൈൽ വിക്ഷേപണങ്ങൾ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതി പ്രമേയങ്ങളുടെ ലംഘനമാണെന്ന് ദക്ഷിണകൊറിയൻ പ്രസിഡന്റിന്റെ ഓഫീസ് പ്രതികരിച്ചു. ഇത്തരം പരീക്ഷണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും പ്യോങ്‌യാങ് പ്രകോപനപരമായ നടപടികളിൽനിന്ന് പിന്മാറണമെന്നും ദക്ഷിണകൊറിയ ആവശ്യപ്പെട്ടു. 

കൊറിയൻ ഉപദ്വീപിലെ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാക്കുന്നതാണ് ഈ പുതിയ സംഭവവികാസങ്ങൾ. ദക്ഷിണ കൊറിയ തങ്ങളുടെ സ്വന്തം ഹൈപ്പർസോണിക് മിസൈൽ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി ദിവസങ്ങൾക്കകമാണ് ഉത്തര കൊറിയയുടെ ഈ നടപടി. കഴിഞ്ഞ വ്യാഴാഴ്ച ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജേ മ്യുങ്ങിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലാണ് രാജ്യത്തിന്റെ ആദ്യ ഹൈപ്പർസോണിക് മിസൈൽ പരീക്ഷണം നടന്നത്. കൊറിയൻ മേഖലയിൽ നിർണായക ലക്ഷ്യങ്ങളിൽ പെട്ടെന്ന് മിന്നലാക്രമണം നടത്താൻ ഈ ആയുധം സഹായിക്കുമെന്നാണ് സോളിന്റെ വിലയിരുത്തൽ. ഇതിന് തൊട്ടുമുമ്പ് ഒക്ടോബർ 3ന് ജപ്പാനെയും ദക്ഷിണ കൊറിയയെയും ലക്ഷ്യമിട്ടുള്ള ഹൈപ്പർസോണിക് ഇടത്തരം മിസൈലും ഉത്തര കൊറിയ പരീക്ഷിച്ചിരുന്നു.

അതിർത്തിയിലെ സംഘർഷങ്ങൾ ഇതിനോടകം തന്നെ ഇരു രാജ്യങ്ങൾക്കുമിടയിൽ വലിയ രാഷ്‌ട്രീയ പോരിന് കാരണമായിട്ടുണ്ട്. ഡീമിലിട്ടറൈസ്ഡ് സോണിൽ ഉണ്ടായ ലാൻഡ്‌മൈൻ സ്ഫോടനത്തിൽ മൂന്ന് സൈനികർക്ക് പരിക്കേറ്റ സംഭവത്തിൽ സോൾ ഉത്തര കൊറിയയോട് ഔദ്യോഗികമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആരോപണം പൂർണമായും തള്ളിക്കളഞ്ഞ പ്യോങ്യാങ്, ദക്ഷിണ കൊറിയയാണ് പ്രകോപനങ്ങൾക്ക് പിന്നിലെന്ന് തിരിച്ചടിച്ചു. അതിർത്തിയിലെ ഈ സ്ഫോടനത്തിന് തൊട്ടുമുമ്പ് വാഷിങ്ടണും പ്യോങ്യാങ്ങും തമ്മിലുള്ള ചർച്ചകൾ പുനരാരംഭിക്കാൻ സോൾ മുൻകൈയെടുത്തിരുന്നുവെങ്കിലും അതെല്ലാം നിലവിൽ പ്രതിസന്ധിയിലാണ്.

2025ൽ അധികാരമേറ്റെടുത്തതിന് ശേഷം ഉത്തര കൊറിയയുമായുള്ള ചർച്ചകൾ പുനരാരംഭിക്കുമെന്ന് പ്രസിഡന്റ് ലീ ജേ മ്യുങ് വ്യക്തമാക്കിയെങ്കിലും, അമേരിക്കയുടെയും ദക്ഷിണ കൊറിയയുടെയും ഓഫറുകൾ കിം ജോങ് ഉൻ ഇതുവരെ അംഗീകരിച്ചിട്ടില്ല. 2019ൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും കിം ജോങ് ഉന്നും തമ്മിലുള്ള ചർച്ചകൾ പരാജയപ്പെട്ടതുമുതൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായ നിലയിലാണ്. ഉത്തര കൊറിയയുടെ ആണവ നിരായുധീകരണ ആവശ്യം ഉപേക്ഷിക്കണമെന്നും പ്യോങ്യാങ്ങിനെതിരായ 'ശത്രുതാപരമായ' നയങ്ങൾ അമേരിക്ക അവസാനിപ്പിക്കണമെന്നുമാണ് കിം ജോങ് ഉൻ സർക്കാരിന്റെ പ്രധാന ആവശ്യം. 

Tags:    
News Summary - North Korea fires multiple ballistic missiles towards the sea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.