ഇന്ത്യയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് ചർച്ചകളിലൂടെ -പാക് സൈനിക മേധാവി

ഇസ്‍ലാമാബാദ്: ഇന്ത്യയുമായുള്ള പ്രശ്നങ്ങളെല്ലാം സമാധാനപരമായി, ചർച്ചകളിലൂടെയാണ് പരിഹരിക്കേണ്ടതെന്ന് പാകിസ്താൻ സൈനിക മേധാവി ജനറൽ ഖമർ ബജ്‍വ പറഞ്ഞു. കശ്മീർ ഉൾപ്പെടെ വിഷയങ്ങളിൽ നയതന്ത്ര മാർഗമാണ് സ്വീകരിക്കേണ്ടതെന്നാണ് പാകിസ്താൻ വിശ്വസിക്കുന്നത്. ഇത് മേഖലയിൽനിന്ന് 'തീജ്വാലകൾ അകറ്റിനിർത്താൻ' സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ഇസ്‍ലാമാബാദ് സുരക്ഷ സമ്മേളന'ത്തിന്റെ സമാപനദിവസം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗൾഫ് മേഖലയിലും മറ്റുമുള്ള മൊത്തം രാജ്യങ്ങളുടെ മൂന്നിലൊന്നും ഏതെങ്കിലും തരത്തിലുള്ള സംഘർഷത്തിലോ യുദ്ധത്തിലോ ആണ്. ഈ അവസ്ഥ നമ്മുടെ മേഖലയിൽ ഇല്ലാതിരിക്കേണ്ടതുണ്ട്. വൈകാരികമായി, മുൻധാരണയോടെ കാര്യങ്ങളെ സമീപിക്കുന്നതിൽനിന്ന് മേഖലയിലെ രാഷ്ട്രീയ നേതൃത്വം മുന്നോട്ടുപോകണം. ചരിത്രത്തിന്റെ ബന്ധനങ്ങൾ പൊട്ടിച്ചെറിഞ്ഞ് മേഖലയിലെ മുന്നൂറു കോടി വരുന്ന ജനങ്ങൾക്ക് സമാധാനവും സമൃദ്ധിയും ഉറപ്പാക്കാനാകണം -ബജ്‍വ പറഞ്ഞു.

എന്നാൽ, ഇന്ത്യൻ നേതൃത്വത്തിന്റെ കടുത്ത നിലപാടാണ് ഇതിനുള്ള തടസ്സമെന്ന് അദ്ദേഹം തുടർന്നു. കഴിഞ്ഞമാസം 'ആകസ്മികമായി' ഇന്ത്യയിൽനിന്ന് മിസൈൽ പതിച്ച സംഭവം, അത്യാധുനിക ആയുധങ്ങൾ കൈകാര്യം ചെയ്യാനുള്ള ഇന്ത്യയുടെ ശേഷിയെക്കുറിച്ചുള്ള സംശയങ്ങളുണ്ടാക്കുന്നുണ്ട്.

ഇതിന്റെയൊന്നും വിശദാംശങ്ങൾ പങ്കുവെക്കാനും അവർ തയാറല്ല. നിലവിൽ നിയന്ത്രണരേഖയിൽ പ്രശ്നങ്ങളില്ലെന്നും ബജ്‍വ കൂട്ടിച്ചേർത്തു. ചൈനയും അമേരിക്കയും പാകിസ്താന് ഒരുപോലെ സൗഹൃദമുള്ള രാജ്യങ്ങളാണെന്നും ബജ്‍വ വ്യക്തമാക്കി.

Tags:    
News Summary - Pakistan ready to move forward on Kashmir if India agrees, says General Bajwa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.