സിന്ധ് മേഖല ഇന്ത്യയിലേക്ക് മടങ്ങിയെത്തും; പ്രതിരോധ മന്ത്രിയുടെ പ്രസ്താവനയിൽ ആശങ്കയുമായി പാകിസ്താൻ

ന്യൂഡൽഹി: സിന്ധ് പ്രവിശ്യ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയേക്കുമെന്ന പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ പ്രസ്താവ​ന​യിൽ ആശങ്കയുമായി പാകിസ്‍താൻ വിദേശകാര്യ മന്ത്രാലയം. രാജ്നാഥ് സിങ്ങിന്റേത് അപകടകരമായ ​പ്രസ്താവനയാണെന്ന് വിശേഷിപ്പിച്ച പാകിസ്താൻ, സിന്ധ് പ്രവിശ്യ​യെക്കുറിച്ചുള്ള മന്ത്രിയുടെ പരമാർശങ്ങളെ അപലപിക്കുന്നതായും വ്യക്തമാക്കി.

‘പാകിസ്താന്റെ സിന്ധ് പ്രവിശ്യയെക്കുറിച്ചുള്ള ഇന്ത്യൻ പ്രതിരോധ മന്ത്രിയുടെ തെറ്റിദ്ധാരണജനകവും അപകടകരമായതുമായ പരാമർശങ്ങളെ പാകിസ്താൻ ശക്തമായി അപലപിക്കുന്നു. ഇത്തരം പ്രസ്താവനകൾ സ്ഥാപിത യാഥാർത്ഥ്യങ്ങളെ വെല്ലുവിളിക്കാൻ ശ്രമിക്കുന്ന ഹിന്ദുത്വ മാനസികാവസ്ഥയെ വെളിപ്പെടുത്തുന്നതാണ്. അത് അന്താരാഷ്ട്ര നിയമങ്ങളുടെയും അംഗീകൃത അതിർത്തികളുടെയും ലംഘനമാണ്,’ -പാകിസ്താൻ വിദേശകാര്യമന്ത്രാലയം പറഞ്ഞു.

സംഘർഷങ്ങൾക്ക് കാരണമായേക്കാവുന്ന വാചാടോപങ്ങൾ ഒഴിവാക്കാൻ പാകിസ്താൻ ഇന്ത്യൻ നേതാക്കളോട് അഭ്യർത്ഥിച്ചു. ‘പ്രാദേശിക സമാധാനത്തിനും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന പ്രകോപനപരമായ വാചാടോപങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ഞങ്ങൾ രാജ്‌നാഥ് സിങ്ങിനോടും മറ്റ് ഇന്ത്യൻ നേതാക്കളോടും അഭ്യർത്ഥിക്കുന്നു. സ്വന്തം പൗരന്മാരുടെ, പ്രത്യേകിച്ച് ദുർബലരായ ന്യൂനപക്ഷ സമുദായങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഇന്ത്യൻ സർക്കാരിന് കൂടുതൽ ക്രിയാത്മകമായിരിക്കും,’ പാകിസ്താൻ വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

നിലവിൽ ഇന്ത്യയുടെ ഭാഗമല്ലെങ്കിലും സിന്ധ് പ്രദേശം രാജ്യത്തേക്ക് തിരികെ വന്നേക്കാമെന്നായിരുന്നു പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞത്. സിന്ധി സമൂഹത്തിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയായിരുന്നു പ്രതിരോധ മ​ന്ത്രിയുടെ പരാമർശം. അതിർത്തികൾ സ്ഥിരമല്ലെന്നും എപ്പോൾ വേണമെങ്കിലും മാറാമെന്നും രാജ്നാഥ് പറഞ്ഞു.

മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ അദ്വാനിയെ ഉദ്ധരിച്ചായിരുന്നു രാജ്നാഥ് സിങ്ങിന്റെ വാക്കുകൾ. സിന്ധി ഹിന്ദുക്കൾക്ക്, പ്രത്യേകിച്ച് അദ്ദേഹത്തിന്റെ തലമുറയിലുള്ളവർക്ക് വിഭജനത്തോട് പൊരുത്തപ്പെടാൻ ബുദ്ധിമുട്ടായിരുന്നുവെന്ന് അദ്വാനി പുസ്തകങ്ങളിലൊന്നിൽ എഴുതിയിരുന്നുവെന്നും രാജ്നാഥ് സിങ് പറഞ്ഞു.

ഇന്ന് സിന്ധ് ഇന്ത്യയുടെ ഭാഗമല്ലായിരിക്കാം. എന്നാല്‍ സാംസ്‌കാരികമായി സിന്ധ് എല്ലാക്കാലവും ഇന്ത്യയുടെ ഭാഗമായിരിക്കും. മാത്രമല്ല, ഭൂമിയെ സംബന്ധിച്ചിടത്തോളം അതിര്‍ത്തികള്‍ വ്യത്യാസം വരാം. ആര്‍ക്കറിയാം, നാളെ സിന്ധ് ഇന്ത്യയിലേക്ക് തിരികെ വീണ്ടും വന്നേക്കാം. സിന്ധുനദിയെ പവിത്രമായി കരുതുന്ന നമ്മുടെ സിന്ധിലെ ജനങ്ങള്‍ എല്ലായ്‌പ്പോഴും നമ്മുടേത് തന്നെയായിരിക്കും. അവര്‍ എവിടെയായിരുന്നാലും എല്ലായ്‌പ്പോഴും അവര്‍ നമ്മുടേതായിരിക്കും, രാജ്‌നാഥ് സിങ് പറഞ്ഞു.

ഇന്നും ​ഇന്ത്യൻ ജനത ‘പഞ്ചാബ്, സിന്ധ്, ഗുജറാത്ത്, മറാത്ത’ എന്ന് അഭിമാനത്തോടെ ദേശീയ ഗാനത്തിൽ ആലപിക്കുന്നു. അതങ്ങിനെ തന്നെയായിരിക്കും, നമ്മളുള്ള കാലത്തോ​ളം അതങ്ങിനെ തന്നെയാവുമെന്നും രാജ്നാഥ് സിങ് പറഞ്ഞു.

ഇതാദ്യമായല്ല, പാകിസ്താന്റെ നിയന്ത്രണത്തിലുള്ള പ്രദേശം ഇന്ത്യയിലേക്ക് തിരികെയെത്തുമെന്ന ആത്മവിശ്വാസം രാജ്‌നാഥ് സിങ് പ്രകടിപ്പിക്കുന്നത്. സായുധ സംഘര്‍ഷമില്ലാതെ തന്നെ പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമായിത്തീരുമെന്ന് സെപ്റ്റംബര്‍ മാസത്തില്‍ മൊറോക്കയില്‍ ഇന്ത്യന്‍സമൂഹത്തെ അഭിസംബോധന ചെയ്യവേ അദ്ദേഹം പറഞ്ഞിരുന്നു.

Tags:    
News Summary - Pakistan reacts strongly to Rajnath Singhs remark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.