യു.എസ്-ഇറാൻ ചർച്ചക്ക് വീണ്ടും നീക്കം; വ്യാഴാഴ്ച നടന്നേക്കും

ഇസ്ലാമാബാദ്: പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തിയ അമേരിക്ക-ഇറാൻ തർക്കത്തിൽ നിർണ്ണായകമായ രണ്ടാംഘട്ട ചർച്ചകൾ വ്യാഴാഴ്ച നടന്നേക്കുമെന്ന് റിപ്പോർട്ട്. വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ്സാണ് ഇക്കാര്യം പുറത്തുവിട്ടത്. ശനിയാഴ്ച നടന്ന ഒന്നാംഘട്ട ചർച്ചകൾക്ക് വേദിയായ പാകിസ്താനിൽ തന്നെ രണ്ടാംവട്ട ചർച്ചകളും നടന്നേക്കുമെന്നാണ് സൂചന. അതേസമയം സ്വിറ്റ്സർലൻഡിലെ ജനീവയും പരിഗണനയിലുണ്ട്. എന്നാൽ ചർച്ചകൾ സംബന്ധിച്ച് ഇറാനും അമേരിക്കയും പ്രതികരിച്ചിട്ടില്ല. 

 നിലവിലുള്ള താൽക്കാലിക വെടിനിർത്തൽ കാലാവധി ഏപ്രിൽ 22-ന് അവസാനിക്കാനിരിക്കെ എത്രയും പെട്ടന്ന് തന്നെ നയതന്ത്ര പരിഹാരമുണ്ടാക്കാനുള്ള തീവ്രശ്രമത്തിലാണ് മധ്യസ്ഥ രാജ്യങ്ങൾ. ഹുർമുസ് കടലിടുക്കിലെ യു.എസ് ഉപരോധവും തുർക്കിയുടെയും ചൈനയുടെയും മുന്നറിയിപ്പുകളും നിലനിൽക്കുന്ന പശ്ചാത്തലത്തിൽ വ്യാഴാഴ്ച നടക്കാനിരിക്കുന്ന ഈ ചർച്ചകൾ അന്താരാഷ്ട്ര തലത്തിൽ അതീവ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്. 

പാകിസ്താനിൽ നടന്ന യു.എസ്-ഇറാൻ ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിൽ ഇസ്രായേലിനെതിരെ സൈനിക ഭീഷണിയുമായി തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ രംഗത്തു വന്നിരുന്നു. രക്തദാഹിയായ നെതന്യാഹു സമാധാന ചർച്ചകളെ അട്ടിമറിക്കുകയാണെന്നും, ലബനാനിലെ നിരപരാധികളെ കൊന്നൊടുക്കുന്നത് ഇസ്രായേൽ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചൈനയും അമേരിക്കക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. അമേരിക്ക പ്രഖ്യാപിച്ച നാവിക ഉപരോധത്തിനെതിരെ കടുത്ത ഭാഷയിയാണ് ചൈന പ്രതികരിച്ചത്. ഹുർമുസ് കടലിടുക്കിലെ തങ്ങളുടെ നീക്കങ്ങളിൽ ഇടപെടരുതെന്നാണ് ചൈനയുടെ മുന്നറിയിപ്പ്. 

ഇറാനിയൻ തുറമുഖങ്ങൾ ഉപരോധിക്കാനുള്ള ട്രംപിന്റെ നീക്കത്തെ വിമർശിച്ചു കൊണ്ട് നാറ്റോ സഖ്യത്തിലെ നിരവധി രാജ്യങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ലോകത്തെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന ഹുർമുസ് കടലിടുക്ക് നയതന്ത്ര ചർച്ചകളിലൂടെ തുറന്നുകൊടുക്കാനാണ് മുൻഗണന നൽകേണ്ടതെന്ന് ബ്രിട്ടൻ പറഞ്ഞു. കടലിടുക്ക് തുറക്കുന്നത് സംബന്ധിച്ച് നയതന്ത്ര ചർച്ചകളാണ് വേണ്ടതെന്നും അന്താരാഷ്ട്ര സൈന്യത്തെ വിന്യസിക്കുന്നത് കാര്യങ്ങൾ സങ്കീർണ്ണമാക്കുമെന്നും തുർക്കി വിദേശകാര്യ മന്ത്രി ഹക്കാൻ ഫിദാൻ പ്രതികരിച്ചു.   

Tags:    
News Summary - Pakistan offers to host a second round of US-Iran talks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.