'തിരിച്ചടിയായത് ഇറാൻ യുദ്ധവും ഇസ്രായേൽ നയങ്ങളും': തോൽവി ഉൾക്കൊള്ളാൻ പാർട്ടി തയ്യാറാകണം; ജെ.ഡി. വാൻസ്

വാഷിങ്ടൺ: അമേരിക്കൻ ഇടക്കാല (മിഡ്‌ടേം) തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി നേരിട്ട നാണംകെട്ട തോൽവിക്ക് കാരണം ഇറാനുമായുള്ള യുദ്ധവും ഇസ്രായേലുമായുള്ള അന്താരാഷ്ട്ര ബന്ധങ്ങളുമാണെന്ന് വെളിപ്പെടുത്തി യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'എക്‌സി'ലൂടെയാണ് വാൻസ് സ്വന്തം ഭരണകൂടത്തിന്റെ നയങ്ങൾക്കെതിരെ പരസ്യമായി പ്രതികരിച്ചത്. 2024-ൽ ഡൊണാൾഡ് ട്രംപിനെയും റിപ്പബ്ലിക്കൻ പാർട്ടിയെയും പിന്തുണച്ച വലിയൊരു വിഭാഗം വോട്ടർമാർ ഇത്തവണ ഡെമോക്രാറ്റിക് പാർട്ടിയിലേക്ക് മാറിയതാണ് പാർട്ടിക്ക് വൻ തിരിച്ചടിയായതെന്ന് വാൻസ് വ്യക്തമാക്കി.

സെനറ്റിന്റെ നിയന്ത്രണം അടുത്ത ആറ് വർഷത്തേക്ക് നഷ്ടപ്പെട്ടതിനെ വിമർശിച്ച അദ്ദേഹം, യാഥാർത്ഥ്യങ്ങൾ ഉൾക്കൊള്ളാൻ പാർട്ടി തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു. "ഈ യുദ്ധം അത്യാവശ്യമായിരുന്നുവെന്നും സെനറ്റിലെ ഭൂരിപക്ഷം ആറ് വർഷത്തേക്ക് നഷ്ടപ്പെടുത്തിയത് ന്യായമാണെന്നും വാദിക്കാൻ ആഗ്രഹിക്കുന്നവർക്ക് അങ്ങനെ ചെയ്യാം. അതൊരു മികച്ച വിലയായിരുന്നു എന്ന് തെളിയിക്കാൻ നോക്കൂ; ആ വാദമെങ്കിലും സത്യസന്ധമായിരിക്കും. പക്ഷേ നമ്മൾ തോറ്റതിന്റെ യഥാർത്ഥ കാരണം എല്ലാവർക്കും അറിയാം. ഇനി മുന്നോട്ടുള്ള വഴികളെക്കുറിച്ചുള്ള ഏതൊരു സത്യസന്ധമായ ചർച്ചയും ഇവിടെ നിന്നാണ് തുടങ്ങേണ്ടത്," വാൻസ് കുറിച്ചു.

തോൽവിയുടെ കാരണങ്ങളെക്കുറിച്ച് പാർട്ടിയിൽ വലിയ തർക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ സാമ്പത്തിക വിഷയങ്ങൾ ശരിയായ രീതിയിൽ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞില്ലെന്ന് പ്രമുഖ സർവേ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്. അത് ഭാഗികമായി ശരിയായിരിക്കാമെങ്കിലും തോൽവിയുടെ യഥാർത്ഥ കാരണം യുദ്ധം തന്നെയാണ്. ട്രംപ് തന്നെ ഇക്കാര്യം സമ്മതിച്ചിട്ടുണ്ടെന്ന് വാൻസ് വ്യക്തമാക്കി.

തങ്ങളെ ഉപേക്ഷിച്ചുപോയ വോട്ടർമാർ തിരികെ വരണമെങ്കിൽ എന്തൊക്കെ മാറ്റങ്ങളാണ് ആഗ്രഹിക്കുന്നതെന്ന് പോളിങ് വിദഗ്ദ്ധർ നടത്തിയ പഠനത്തിൽ പ്രധാനമായും നാല് കാര്യങ്ങളാണ് ഉയർന്നുവന്നതെന്ന് വൈസ് പ്രസിഡന്റ് വെളിപ്പെടുത്തി.

1. ഇറാനുമായുള്ള യുദ്ധം ഉടനടി അവസാനിപ്പിക്കുക.

2. ജീവിതച്ചെലവും പണപ്പെരുപ്പവും കുറയ്ക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

3. 'അമേരിക്ക ഫസ്റ്റ്' (അമേരിക്കയ്ക്ക മുൻഗണന) എന്ന വാഗ്ദാനം പൂർണ്ണമായി പാലിക്കുക.

4. ഇസ്രായേലുമായുള്ള യു.എസ് ബന്ധത്തിൽ മാറ്റം വരുത്തുക.

തങ്ങളുടെ പരമ്പരാഗത അണികളും മേക്കിങ് അമേരിക്ക ഗ്രേറ്റ് എഗൈൻ (MAGA) വോട്ടർമാരും ഭരണകൂടത്തിന്റെ വിദേശനയങ്ങളിൽ കടുത്ത നിരാശരാണെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.

അതേസമയം, വാൻസിന്റെ പ്രസ്താവനയോട് പ്രതികരിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും രംഗത്തെത്തി. റിപ്പബ്ലിക്കൻ പാർട്ടിയുടെ തോൽവിക്ക് ഇറാൻ യുദ്ധം ഒരു പ്രധാന കാരണമായിട്ടുണ്ടാകാമെന്ന വൈസ് പ്രസിഡന്റിന്റെ വിലയിരുത്തൽ ശരിയാണെന്ന് ട്രംപ് സമ്മതിച്ചു. എന്നാൽ വീണ്ടുമൊരു യുദ്ധം വന്നാലും താൻ ഇതേ തീരുമാനം തന്നെ എടുക്കുമെന്നും, ദീർഘകാല സുരക്ഷ കണക്കിലെടുക്കുമ്പോൾ ഇറാനെ ആണവായുധം നിർമ്മിക്കാൻ അനുവദിക്കാതിരിക്കുക മാത്രമാണ് ഏക വഴിയെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.

തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ റിപ്പബ്ലിക്കൻ പാർട്ടിയിലുണ്ടായ ഈ തുറന്ന പോരും അഭിപ്രായവ്യത്യാസങ്ങളും വരും ദിവസങ്ങളിൽ ട്രംപ്-വാൻസ ഭരണകൂടത്തിനുള്ളിൽ വലിയ രാഷ്ട്രീയ പ്രതിസന്ധികൾക്ക് വഴിവെക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.

Tags:    
News Summary - 'Iran war and Israel policies were the setback'; party must be ready to accept defeat: JD Vance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.