ഇസ്‍ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാനെ വധിക്കാനുള്ള ശ്രമത്തിനു പിന്നാലെ ഇസ്‍ലാമാബാദിന്റെ തെരുവുകൾ കൈയടക്കി പ്രതിഷേധക്കാർ. പ്രതിഷേധം രൂക്ഷമായതോടെ ഗതാഗതം തടസപ്പെട്ടു. പ്രതിഷേധക്കാർ പൊലീസുമായി തർക്കം രൂക്ഷമാവുകയും കല്ലേറുണ്ടാവുകയും ചെയ്തു.
'പ്രതിഷേധക്കാർ ഗതാഗതം തടസപ്പെടുത്തിയിരിക്കുകയാണ്. വാഹനങ്ങൾക്ക് തീയിടരുതെന്ന് പ്രതിഷേധക്കാരോട് അഭ്യർഥിക്കുന്നു. കല്ലേറ് നിർത്തണമെന്നും റാവൽപിണ്ടി അധികൃതർ നിരന്തമായി ആവശ്യപ്പെടുന്നു. ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ കല്ലേറ് നടക്കുന്നത് ദുഃഖകരമാണ്' -ഇസ്‍ലാമാബാദ് പൊലീസ് ട്വീറ്റ് ചെയ്തു.
ഗതാഗതം തടസപ്പെട്ടുവെന്ന ഇസ്‍ലാമാബാദ് പൊലീസിന്റെ ട്വീറ്റിന് തൊട്ടുപിന്നാലെ ഫൈസാബാദിൽ ഗതാഗതം തുറന്നുകൊടുത്തു.
വ്യാഴാഴ്ചയാണ് ഇംറാൻ ഖാന് വെടിയേറ്റത്. പാർട്ടിയുടെ സർക്കാർ വിരുദ്ധ മാർച്ച് ഹഖ്വീഖി ആസാദി മാർച്ചിനെ വാസിരാബാദിലെ അല്ലാവാല ചൗക്കിൽ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ഇംറാന് വെടിയേറ്റത്.
വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും ഏഴ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മുസാം നവാസ് എന്നയാളാണ് പ്രതിയെന്ന് പൊലീസ് തിരിച്ചറിഞ്ഞു.
പ്രതി കുറ്റം ഏൽക്കുകയും സ്വയം ചെയ്തതാണെന്നും മറ്റാർക്കും പങ്കില്ലെന്നും പറയുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ പൊലീസ് പങ്കുവെച്ചിരുന്നു. 'ഇംറാൻ മുസ്ലീംകളെ തെറ്റിദ്ധരിപ്പിക്കുകയാണ്. അയാൾ ഒരു ദിവസം പോലും ജീവനോടെയിരിക്കാൻ പാടില്ലെന്ന് എനിക്ക് തോന്നി. ഞാൻ ബൈക്കിൽ പാർട്ടിയുടെ മാർച്ച് നടക്കുന്ന ഇടത്ത് എത്തി വെടിവെക്കുകയായിരുന്നു' പ്രതി കാമറക്ക് മുന്നിൽ പറഞ്ഞു.
അതേസമയം, ഇത് സർക്കാറിന്റെ ഗൂഢാലോചനയാണെന്നാണ് ഇംറാന്റെ ആരോപണം. മത തീവ്രവാദി ഇംറാനെ കൊന്നുവെന്ന് വരുത്തിത്തീർക്കുകയാണ് ലക്ഷ്യം. പിന്നിലുള്ളവരെയെല്ലാം തനിക്കറിയാമെന്നും ഇംറാൻ വിഡിയോ സന്ദേശത്തിൽ പറഞ്ഞിരുന്നു.
പ്രതിയെ തെഹ്‍രീകെ ഇൻസാഫ് അനുയായികൾ തന്നെ പിടികൂടിയാണ് പൊലീസിൽ ഏൽപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.