ബാങ്കോക്ക്: മ്യാൻമറിലെ സൈനിക ഭരണകൂടം (ജുന്റ) പ്രഖ്യാപിച്ച പൊതുതിരഞ്ഞെടുപ്പ് കാലയളവിൽ എഴുന്നൂറിലധികം സിവിലിയന്മാർ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ. കഴിഞ്ഞ വർഷം ആഗസ്റ്റ് മുതൽ ഈ വർഷം ജനുവരി വരെയുള്ള ആറുമാസത്തെ വോട്ടെടുപ്പ് കാലയളവിൽ കുട്ടികളും സ്ത്രീകളുമടക്കം കുറഞ്ഞത് 702 സാധാരണക്കാരാണ് സൈന്യത്തിന്റെ ക്രൂരതയ്ക്ക് ഇരയായതെന്ന് യു.എൻ മനുഷ്യാവകാശ കമീഷൻ പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 224 സ്ത്രീകളും 153 കുട്ടികളുമാണ് കൊല്ലപ്പെട്ടവരിലുള്ളത്.
മ്യാൻമറിലെ ഇന്റർനെറ്റ് വിച്ഛേദിക്കൽ, യാത്ര വിലക്കുകൾ, ഫണ്ട് ദൗർലഭ്യം എന്നിവ കാരണം എല്ലാ മനുഷ്യാവകാശ ലംഘനങ്ങളും പൂർണമായി രേഖപ്പെടുത്താൻ കഴിഞ്ഞിട്ടില്ലെന്നും യഥാർഥ മരണസംഖ്യ ഇതിലും എത്രയോ മുകളിലായിരിക്കുമെന്നും യു.എൻ ഏജൻസി ചൂണ്ടിക്കാട്ടി.
റിപ്പോർട്ട് പ്രകാരം സിവിലിയന്മാരുടെ ജീവനെടുത്തതിൽ ഭൂരിഭാഗവും വ്യോമാക്രമണങ്ങളാണ്. യുദ്ധവിമാനങ്ങൾ, ഡ്രോണുകൾ, പാരാമോട്ടോറുകൾ, ഗൈറോകോപ്റ്ററുകൾ എന്നിവ ഉപയോഗിച്ച് നടത്തിയ അക്രമണങ്ങളിൽ 505 സാധാരണക്കാർ കൊല്ലപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ആഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിലും, തുടർന്ന് ഡിസംബറിലുമാണ് ആക്രമണങ്ങൾ ഏറ്റവും ശക്തമായിരുന്നു. വിമത ഗ്രൂപ്പുകളുമായുള്ള പോരാട്ടത്തിനിടയിൽ പ്രദേശങ്ങളുടെ നിയന്ത്രണം പിടിച്ചെടുക്കാനായിരുന്നു സൈന്യത്തിന്റെ ലക്ഷ്യം.
കഴിഞ്ഞ ഒക്ടോബറിൽ സാഗൈങ്ങിലെ ചൗങ്-യു ടൗൺഷിപ്പിൽ ബുദ്ധമത ഉത്സവ ചടങ്ങിൽ പങ്കെടുത്തവർക്ക് നേരെയുണ്ടായ ആക്രമണത്തിൽ 23 പേർ കൊല്ലപ്പെടുകയും അറുപതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
മ്യാൻമറിലെ സംഘർഷബാധിതർക്ക് ലഭിക്കേണ്ട അന്താരാഷ്ട്ര സഹായങ്ങളിൽ വലിയ കുറവുണ്ടാകുന്നത് ദശലക്ഷക്കണക്കിന് ആളുകളുടെ ദുരിതം ഇരട്ടിയാക്കുന്നതായി റിപ്പോർട്ട് മുന്നറിയിപ്പ് നൽകി. മ്യാൻമറിലെ റോഹിംഗ്യൻ മുസ്ലീം ന്യൂനപക്ഷങ്ങൾ ഇപ്പോഴും സായുധ സംഘടനയായ 'അരകാൻ ആർമി'യുടെ നിർബന്ധിത റിക്രൂട്ട്‌മെന്റുകൾക്കും ലൈംഗിക അതിക്രമങ്ങൾക്കും ഇരയാകുന്നുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. സിവിലിയന്മാർ, സ്കൂളുകൾ, ആശുപത്രികൾ, ആരാധനാലയങ്ങൾ എന്നിവയ്ക്ക് നേരെയുള്ള ആക്രമണങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തടസ്സമില്ലാത്ത അനുമതി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.