ഗസ്സ സിറ്റി: ആഴ്ചകൾക്കിടെ എല്ലാം തീർക്കാനിറങ്ങി 80 നാളുകൾക്കുശേഷവും കാര്യമായ പുരോഗതിയില്ലാതെ കുഴങ്ങുന്ന ഇസ്രായേൽ സൈന്യവും പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും നേരിടുന്നത് രൂക്ഷ പ്രതിസന്ധി. ഭക്ഷണവും വൈദ്യുതിയും ആശുപത്രിയുമടക്കം എല്ലാം മുടക്കി തുടരുന്ന വംശഹത്യ ഓരോ നാളും കൂടുതൽ വ്യക്തതയോടെ ലോകം കാണുന്നതാണ് അധിനിവേശകരെ ചോദ്യമുനയിൽ നിർത്തുന്നത്.
ഗസ്സയിൽ അടിസ്ഥാന സൗകര്യങ്ങളിലേറെയും നാമാവശേഷമാക്കിയിട്ടും ഇസ്രായേൽ അതിർത്തി പ്രദേശങ്ങൾക്കുനേരെ ഇപ്പോഴും ഹമാസ് റോക്കറ്റ് വർഷം പതിവിൻപടിയാണ്. ടണലുകളും ഹമാസ് താവളങ്ങളും തകർത്തെന്ന് നിരന്തരം അവകാശവാദം മുഴക്കുന്നതല്ലാതെ നൂറിലേറെ വരുന്ന ബന്ദികളിൽ ഒരാളെപ്പോലും മോചിപ്പിക്കാൻ സൈന്യത്തിനായിട്ടുമില്ല. എന്നല്ല, വടക്കൻ ഗസ്സയിലെ ശുജാഇയ്യയിൽ മൂന്നു ബന്ദികളെ പോയന്റ് ബ്ലാങ്കിൽ വെടിവെച്ചുകൊന്നതിന്റെ പേരിൽ ഇപ്പോഴും ഇസ്രായേൽ സൈനികർ എതിർപ്പ് നേരിടുകയാണ്.
കൊല്ലപ്പെട്ട നാലു ബന്ദികളെ ഏറ്റുവാങ്ങി മണിക്കൂറുകൾക്കകമായിരുന്നു ഇതെന്നുകൂടി ചേർത്തുവായിക്കണം. കുട്ടികളും നിരപരാധികളുമെന്ന വ്യത്യാസമില്ലാതെ ഫലസ്തീനികൾക്കുമേൽ തുടരുന്ന കശാപ്പിനെതിരെ ലോകമെങ്ങും രൂക്ഷ എതിർപ്പുയരുമ്പോൾ പിന്തുണച്ച് രംഗത്തുവരാൻ അമേരിക്കക്കുപോലും പ്രയാസം നേരിടുന്നതാണ് നിലവിലെ സ്ഥിതി. യൂറോപ്പിൽ ഏറ്റവും ശക്തമായി ഇസ്രായേലിനൊപ്പം നിൽക്കുന്ന ജർമനിയിൽ പോലും 65 ശതമാനം പേരും സർക്കാർ നിലപാടുകൾക്കെതിരാണെന്ന് പുതിയ അഭിപ്രായ സർവേകൾ പറയുന്നു.
അയർലൻഡ് പോലുള്ള മറ്റു രാജ്യങ്ങളിൽ മഹാഭൂരിപക്ഷവും ഇസ്രായേൽ വിരുദ്ധത പരസ്യമാക്കിയവരാണ്. നേരത്തേ വൻതോതിൽ ഇസ്രായേലിനെ പിന്തുണച്ച ബ്രിട്ടനിലും എതിർപ്പ് കൂടിവരുകയാണ്. അമേരിക്കയിൽ ഹാർവഡ്-ഹാരിസ് അഭിപ്രായ സർവേയിൽ യുവാക്കളിൽ 60 ശതമാനം പേരും ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണം ശരിയാണെന്ന തീർപ്പിലേക്ക് മാറിയവരാണ്.
മുഖ്യധാരാ മാധ്യമങ്ങളിൽ ഇസ്രായേൽ ക്രൂരതകൾ വലിയ പ്രാധാന്യത്തോടെ വരുന്ന അറബ് ലോകത്ത് സ്വാഭാവികമായും ഇസ്രായേൽ വിരുദ്ധ വികാരം ശക്തമാണ്. ലക്ഷങ്ങൾ പങ്കെടുക്കുന്ന പ്രകടനങ്ങൾ ഇപ്പോഴും ആഫ്രിക്കൻ, അറബ് രാജ്യങ്ങളിലെ പതിവുകാഴ്ചയുമാണ്. എന്നാൽ, പരമാവധി തമസ്കരിക്കാൻ മാധ്യമങ്ങൾ ശ്രമിച്ച യൂറോപ്പിലും അമേരിക്കയിലുമടക്കം വൻതോതിൽ ഇസ്രായേൽ വിരുദ്ധത അലയടിക്കുന്നതാണ് നെതന്യാഹുവിനെ കുഴക്കുന്നത്.
ടിക് ടോക്, യൂട്യൂബ്, ഇൻസ്റ്റഗ്രാം, എക്സ് തുടങ്ങി സമൂഹമാധ്യമങ്ങൾ വഴി ദശലക്ഷക്കണക്കിന് പേരാണ് പടിഞ്ഞാറൻ രാജ്യങ്ങളിൽ ഗസ്സയിലെ വംശഹത്യക്കെതിരെ രംഗത്തുള്ളത്. ഇവ തടയാൻ ടിക് ടോക്, മെറ്റ അധികൃതർക്കു മുന്നിൽ പരാതിയുമായി ഇസ്രായേൽ എത്തിയത് വാർത്തയായിരുന്നു. ഇസ്രായേലിൽ ഇത്തരം സമൂഹമാധ്യമ ഇടപെടലുകൾ ഏറക്കുറെ അവസാനിപ്പിക്കാനായിട്ടുണ്ടെങ്കിലും പുറംലോകത്ത് ഇവ എതിർപ്പ് അനുദിനം കൂട്ടുന്നുവെന്നതാണ് നിലവിലെ സ്ഥിതി. എല്ലാറ്റിനും പുറമെ നെതന്യാഹുവും യുദ്ധമന്ത്രിസഭയും തമ്മിലെ ഭിന്നതകൾ പുറത്തുവിടാൻ രാജ്യത്തെ മാധ്യമങ്ങൾതന്നെ മത്സരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.