ന്യൂഡൽഹി: ആളുകളെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ടായ ചാറ്റ്ജിപിടിക്കെതിരെ ഏഴ് കേസുകൾ. കാലിഫോർണിയ സ്റ്റേറ്റിലെ കോടതികളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സോഷ്യൽ മീഡിയ വിക്ടിം സെന്ററും ടെക് ജസ്റ്റിസ് ലോ പ്രൊജക്ടും ചേർന്നാണ് കേസ് നൽകിയിരിക്കുന്നത്. ചാറ്റ്ജിപിടിയുടെ ജിപിടി-4o വേർഷൻ മാനസികമായി ആളുകളെ സ്വാധീനിച്ച് ആളുകളെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നുവെന്നാണ് ആരോപണം.
നേരത്തെ 17 വയസുള്ള അമൗരി ലേസ ചാറ്റ്ജിപിടിയോട് സഹായം തേടിയെങ്കിലും അത് ചെയ്യുന്നതിന് പകരം ഇവരെ ആത്മഹത്യക്ക് പ്രേരിപ്പിക്കുകയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂൾ ചെയ്തത്. തുടർന്നാണ് ഇവരുടെ രക്ഷിതാക്കൾ ചാറ്റ്ജിപിടിക്കെതിരെ കേസ് നൽകാൻ തീരുമാനിച്ചത്. ഇതാദ്യമായല്ല ചാറ്റ്ജിപിടിക്കെതിരെ ഇത്തരം ആരോപണം ഉയരുന്നത്. ഇതിന് മുമ്പും ജിപിടി ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നതായുള്ള ആരോപണങ്ങൾ വന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ പ്രതികരിക്കാൻ ഓപ്പൺ എ.ഐ ഇതുവരെ തയാറായിട്ടില്ല.
ഈ വർഷം ആഗസ്റ്റിൽ ആദം റെയ്നെ എന്ന 16കാരന്റെ മാതാവ് ഓപ്പൺ എ.ഐക്കും സാം ആൾട്ട്മാനുമെതിരെ കേസ് നൽകിയിരുന്നു. ആത്മഹത്യ ചെയ്യാനുള്ള മാർഗം ചാറ്റ്ജിപിടി പറഞ്ഞുകൊടുത്തുവെന്ന് ആരോപിച്ചായിരുന്നു കേസ് നൽകിയത്. ഇതിന് പിന്നാലെയാണ് കൂടുതൽ ആളുകൾ ചാറ്റ്ജിപിടിക്കെതിരെ കേസ് നൽകാനായി രംഗത്തെത്തുന്നത്.
ഉപയോക്താക്കളില്‍ മാനസികമായി അപകടം സൃഷ്‌ടിക്കുമെന്ന ആഭ്യന്തര മുന്നറിയിപ്പുണ്ടായിട്ടും ഓപ്പണ്‍എഐ ജിപിടി-4o മോഡല്‍ വേണ്ടത്ര സുരക്ഷാ മുന്‍കരുതലുകളെടുക്കാതെ തിടുക്കത്തിൽ പുറത്തിറക്കിയതായി പരാതികളില്‍ പറയുന്നു. ഇതേ തുടര്‍ന്ന് നാല് ചാറ്റ്‌ജിപിടി ഉപയോക്താക്കള്‍ ആത്മഹത്യ ചെയ്‌തു എന്ന പരാതിയിലെ വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്. ചാറ്റ്‌ബോട്ട് എന്ന നിലയില്‍ സഹായിക്കുന്നതിന് പകരം, ചാറ്റ്‌ജിപിടി ആളുകളെ മാനസിക സമ്മര്‍ദത്തിലേക്കും കടുത്ത വിഷാദത്തിലേക്കും നയിക്കുകയാണെന്നാണ് കോടതികളിലെ കേസുകളിൽ ചൂണ്ടിക്കാട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.