ചൈനയിലെ നാടുചുറ്റും ആനകളിലൊന്ന് 'വീട്ടിൽ' തിരികെയെത്തി

ബീജിങ്: ലോകത്തെ മുഴുവൻ ആകാംക്ഷയിലാക്കി നാടുചുറ്റാനിറങ്ങിയ ചൈനയിലെ ആനകളിൽ ഒന്നിനെ വീട്ടിൽ തിരികെയെത്തിച്ചു. കൂട്ടംതെറ്റിയ ആൺ ആനയെയാണ് യുനാൻ പ്രവിശ്യയിലെ പുയെ നഗരത്തിലെ ജിഷുവാങ്​ബെന സംരക്ഷണകേന്ദ്രത്തിൽ തിരികെയെത്തിച്ചത്. അതേസമയം, അവശേഷിക്കുന്ന ആനകൾ 500 കിലോമീറ്ററിലേറെ പിന്നിട്ട് അജ്ഞാതലക്ഷ്യം തേടിയുള്ള യാത്ര തുടരുകയാണ്.

ഒരു മാസം മുമ്പാണ് ഈ ആന കൂട്ടംതെറ്റിയത്. 190 കിലോമീറ്ററിലേറെ സഞ്ചരിച്ച ആനക്ക് അധികൃതർ ഭക്ഷണം ഒരുക്കി നൽകിയിരുന്നു. ഈ ആന ഗ്രാമങ്ങളിലേക്കും ജനവാസ മേഖലകളിലേക്കും കടക്കാൻ തുടങ്ങിയതോടെ മയക്കിവീഴ്ത്താൻ അധികൃതർ തീരുമാനിക്കുകയായിരുന്നു. ആനക്ക് പരിക്കുകളൊന്നുമില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി. തുടർന്നാണ് കഴിഞ്ഞയാഴ്ച 'സ്വദേശമായ' ജിഷുവാങ്​ബെന സംരക്ഷണകേന്ദ്രത്തിൽ തുറന്നുവിട്ടത്. പൂർണ ആരോഗ്യവാനാണെന്നും തുറന്നുവിട്ടയുടൻ പുഴയിലിറങ്ങി കുളിച്ചതായും അധികൃതർ അറിയിച്ചു.



(അധികൃതർ തിരികെയെത്തിച്ച ആന)

 

അതേസമയം, യാത്ര തുടരുന്ന മറ്റ് ആനകളെ ജീവനക്കാരെ നിയോഗിച്ചും ഡ്രോണുകൾ ഉപയോഗിച്ചും അധികൃതർ 24 മണിക്കൂറും നിരീക്ഷിക്കുകയാണ്. നൂറുകണക്കിന് പൊലീസുകാരെയും ആനകൾക്ക് സുരക്ഷയൊരുക്കാൻ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഈ വർഷം മാർച്ച്​ 15നാണ്​ യുനാൻ പ്രവിശ്യയിലെ പുയെ നഗരത്തിലെ ജിഷുവാങ്​ബെന സംരക്ഷണകേന്ദ്രത്തിൽ നിന്ന്​ ആനക്കൂട്ടം നടന്നുതുടങ്ങിയത്​. 16 ആനകളാണ്​ വടക്കോട്ട്​ ലക്ഷ്യമാക്കി നടന്നത്​. ഏപ്രിൽ 16ന്​ യുഷി നഗരത്തിലെത്തിയപ്പോൾ ഒരു ആനയെ കാണാതാകുകയും രണ്ട്​ കുട്ടികൾ ജനിക്കുകയും ചെയ്​തു. അതോടെ എണ്ണം 17 ആയി. ഏപ്രിൽ 24ന് രണ്ട്​ എണ്ണം മോജിയാങ്​കൗണ്ടിയിലേക്ക്​ തിരികെ പോയതോടെ സംഘത്തിൽ 15 അംഗങ്ങളായി.

ജൂൺ നാലിന്​ ഇവർ നടത്തം തെക്കുപടിഞ്ഞാറൻ ​ദിശയിലേക്കായി. ​അതിനിടെ ആനക്കൂട്ടത്തിന്‍റെ 'ജാഥ'യുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലും ശ്രദ്ധപിടിച്ചുപറ്റി. ആനക്കൂട്ടം യാത്രാമധ്യേ കിടന്നുറങ്ങുന്നതിന്‍റെ ആകാശദൃശ്യം ലോകമെങ്ങും വൈറലായിരുന്നു​. ചൈനയിലെ കുമിങ്​ കാടിനുള്ളില്‍ നടന്നു തളര്‍ന്ന് ആനക്കൂട്ടം കിടന്നുറങ്ങുന്നതിന്‍റെ ഡ്രോണ്‍ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കുട്ടികള്‍ ചാടി പോകാതിരിക്കാനായി അവരെ നടുക്കു കിടത്തി ചുറ്റിനും കിടന്നുറങ്ങുന്ന ആനകളുടെ കരുതലും ലക്ഷക്കണക്കിനാളുകളുടെ ഹൃദയങ്ങൾ കീഴടക്കി.

ആനക്കൂട്ടത്തിന്‍റെ സഞ്ചാരം നിരീക്ഷിക്കാൻ ചൈനീസ്​ അധികൃതർ 14 ഡ്രോണുകളാണ്​ ഏർപ്പെടുത്തിയിരിക്കുന്നത്​. ആനകളുടെയും ആളുകളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്​ 510 പേരെയും നിയോഗിച്ചിട്ടുണ്ട്​. ആനയുടെ സഞ്ചാരദിശ മനസിലാക്കി ആ വഴിയിലുള്ള ജനങ്ങളോട് മുന്‍കരുതലുകളെടുക്കാൻ നിർദേശവും നൽകിയിട്ടുണ്ട്​ അധികൃതര്‍. ആനകൾക്ക്​ തിന്നാനും കുടിക്കാനും പാകത്തില്‍ വീട്ടുവളപ്പിൽ ആഹാരപാനീയങ്ങൾ വെക്കരുതെന്നും സർക്കാറിന്‍റെ നിർദേശമുണ്ട്​. റോഡിൽ തടസ്സമുണ്ടാക്കി ആനകളെ സുരക്ഷിത പാതയിലേക്ക്​ തിരിച്ചുവിടാൻ 110 വാഹനങ്ങളാണ്​ ഉപയോഗിച്ചത്​. രണ്ട്​ ടൺ ഭക്ഷ്യവസ്​തുക്കളും ഇവർ പോകുന്ന വഴിയിൽ വെച്ചിട്ടുണ്ട്​.

ആനക്കൂട്ടത്തിന്‍റെ ഈ സഞ്ചാരം ചൈനയിലെ ടെലിവിഷന്‍ ചാനല്‍ 24 മണിക്കൂറും സംപ്രേക്ഷണം ചെയ്യുന്നുമുണ്ട്. എന്താണ് ഈ ആനസഞ്ചാരത്തിന്‍റെ ലക്ഷ്യകേന്ദ്രമെന്നത് ലോകം കൗതുകത്തോടെ വീക്ഷിക്കുകയാണ്. 

Full View

Tags:    
News Summary - One of China's wandering elephants has finally made it home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.