ലാഹോർ: പാകിസ്താനിൽ കെ.എഫ്.സി റസ്റ്ററന്റ് ശൃംഖലക്കെതിരായ പ്രതിഷേധം ശക്തമാകുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിഷേധത്തിനിടെ ഒരു കെ.എഫ്.സി ജീവനക്കാരൻ കൊല്ലപ്പെട്ടുവെന്ന് ബി.ബി.സി റിപ്പോർട്ട് ചെയ്തു. കെ.എഫ്.സി ഇസ്രായേലിന്റേയും യു.എസിന്റേയും പ്രതീകമാണെന്ന് ആരോപിച്ചാണ് സ്ഥാപനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നത്.
കെ.എഫ്.സിയുടെ 20 ഔട്ട്ലെറ്റുകൾക്കെതിരെ ആക്രമണമുണ്ടായെന്ന് പാകിസ്താൻ മന്ത്രി തലാൽ ചൗധരി പറഞ്ഞു. ഇരുമ്പ് ദണ്ഡുകളുമായി ആളുകൾ കെ.എഫ്.സി ഔട്ട്ലെറ്റുകളിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. കറാച്ചിയിലാണ് രണ്ട് ഔട്ട്ലെറ്റുകൾക്ക് തീവെച്ചത്. കെ.എഫ്.സിയിൽ നിന്ന് ലഭിക്കുന്ന വരുമാനം ഉപയോഗിച്ചാണ് ഇസ്രായേൽ വെടിയുണ്ടകൾ വാങ്ങുന്നുവെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.
45കാരനായ ആസിഫ് നവാസാണ് പ്രതിഷേധങ്ങൾക്കിടെ കൊല്ലപ്പെട്ടതെന്ന് പാകിസ്താൻ പൊലീസ് അറിയിച്ചു. കെ.എഫ്.സി ഔട്ട്ലെറ്റിൽ ജോലി ചെയ്യുന്നതിനിടെ ഇയാൾക്ക് വെടിയേൽക്കുകയായിരുന്നു. പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് 40 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
നേരത്തെ ഇസ്‍ലാമിസ്റ്റ് പാർട്ടി, തെഹ്രീക്-ഇ-ലബൈക് പാകിസ്താൻ തുടങ്ങിയ രാഷ്ട്രീയപാർട്ടികൾ ഇസ്രായേലിനെതിരെ പ്രതിഷേധം നടത്താൻ ആഹ്വാനം നൽകിയിരുന്നു. എന്നാൽ, കെ.എഫ്.സിക്കെതിരെ പ്രതിഷേധിക്കാൻ ആഹ്വാനം നൽകിയിട്ടില്ലെന്നാണ് ഇവരുടെ വിശദീകരണം. പാകിസ്താനിലെ സുന്നി പണ്ഡിതനായ മുഫ്തി താക്വി ഉസ്മാനി ഇസ്രായേൽ ഉൽപന്നങ്ങൾ ബഹിഷ്‍കരിക്കണമെന്ന് ആഹ്വാനം നൽകിയിരുന്നുവെങ്കിലും അക്രമം നടത്താൻ പറഞ്ഞിട്ടില്ലെന്നാണ് അദ്ദേഹത്തിന്റേയും വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.