ഒമിക്രോൺ, കോവിഡിന്‍റെ ഡെൽറ്റ വകഭേദത്തോളം അപകടകാരിയല്ല- യു.എസ് വിദഗ്ധൻ

വാഷിങ്ടൺ: കോവിഡിന്‍റെ ഡെൽറ്റ വകഭേദത്തോളം അപകടകാരിയല്ല ഒമിക്രോണെന്ന് യു.എസ് ഉന്നത വിദഗ്ധനായ ആന്‍റണി ഫോസി. കോവിഡിന്‍റെ മുൻവകഭേദങ്ങളെക്കാളെല്ലാം കുറഞ്ഞ തോതിലുള്ള ബുദ്ധിമുട്ടുകളാണ് ഒമിക്രോൺ വേരിയന്‍റ് ബാധിച്ചവർക്ക് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന്‍റെ മുഖ്യ മെഡിക്കൽ ഉപദേഷ്ടാവാണ് ആന്‍റണി ഫോസി. രോഗം പകരാനുള്ള സാധ്യത, രോഗബാധയുടെ ആഘാതം, കോവിഡ് വാക്സിനോടുള്ള പ്രതികരണം എന്നീ മൂന്ന് കാര്യങ്ങളാണ് പഠന വിധേയമാക്കിയത്.

പുതിയ വകഭേദം തീർച്ചയായും മറ്റ് വകഭേദങ്ങളെക്കാൾ കൂടുതൽ വേഗത്തിൽ പകരുന്നതാണ്. അടുത്ത ഒരാഴ്ചക്കുള്ളിൽ തന്നെ ഒമിക്രോൺ വകഭദത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഫോസി പറഞ്ഞു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജീസ് ആൻഡ് ഇൻഫെക്ഷൻസ് ഡിസീസസ് ഡയറക്ടർ കൂടിയാണ് ആന്‍റണി ഫോസി.

എന്തായാലും കോവിഡ് ഡെൽറ്റ വകഭേദത്തേക്കാൾ നിസ്സാരമായ ലക്ഷണങ്ങളും കുറഞ്ഞ രോഗ ബാധയുമാണ് ഒമിക്രോൺ സൃഷ്ടിക്കുന്നത് എന്ന കാര്യത്തിൽ സംശയമില്ല എന്ന് അദ്ദേഹം പറഞ്ഞു. ദക്ഷിണാഫ്രിക്കയിലെ കേസുകൾ പരിശോധിക്കുമ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുന്ന രോഗികളുടെ എണ്ണം വളരെ കുറവാണെന്ന് വ്യക്തമാകുന്നുണ്ട്. എന്നാൽ രണ്ടാഴ്ചകൾ കൂടി കഴിയുമ്പോൾ മാത്രമേ ഒമിക്രോൺ വകഭേദം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ എന്തെന്ന് കൃത്യമായി മനസ്സിലാക്കാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.

ഇതുവരെ 38 രാജ്യങ്ങളിലാണ് ഒമിക്രോൺ ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 

Tags:    
News Summary - 'Omicron' Not More Severe Than Delta Variant Of Covid- US Scientist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.