'ഇസ്രായേലിലെ അറബികൾ ഇറാനേക്കാൾ വലിയ ഭീഷണി'; വംശീയ അധിക്ഷേപവുമായി നെതന്യാഹുവിന്റെ മകൻ

തെൽഅവീവ്: ഇസ്രായേലിന്റെ നിലനിൽപ്പിന് ഇറാന്റെ ആണവപദ്ധതിക്ക് പുറമെ ഏറ്റവും വലിയ ഭീഷണി രാജ്യത്തെ അറബ് പൗരന്മാരാണെന്ന പരാമർശവുമായി പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ മകൻ യായർ നെതന്യാഹു. 26-ാമത് നെസറ്റ് തെരഞ്ഞെടുപ്പ് ഫലങ്ങളെക്കുറിച്ച് എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് ഇസ്രായേലിലെ അറബ് സമൂഹത്തിനെതിരെയും മുസ്‌ലിംകൾക്കെതിരെയും യായർ വിവാദ പരാമർശങ്ങൾ നടത്തിയത്.

വെസ്റ്റ് ബാങ്കിലെയും ഗസ്സയിലെയും ഫലസ്തീനികൾ, തുർക്കിയ, പാശ്ചാത്യ രാജ്യങ്ങളിലെ ജൂതവിരുദ്ധത എന്നിവയെക്കാൾ വലിയ ഭീഷണിയാണ് ഇസ്രായേൽ അറബികളെന്നാണ് യായറിന്റെ വാദം. രാജ്യത്തെ ജനസംഖ്യയുടെ 20 ശതമാനം വരുന്ന ഒരു വിഭാഗം തങ്ങളുടെ ശത്രുക്കളോട് ആഭിമുഖ്യം പുലർത്തുകയും രാജ്യത്തിന്റെ നാശം ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ ആ രാജ്യത്തിന് ദീർഘകാലം നിലനിൽക്കാനാവില്ലെന്നും യായർ കുറിച്ചു.

ഫ്രാൻസിലെ മുസ്‌ലിം ജനസംഖ്യയുടെ അനുപാതം കാരണം രാജ്യം തകർച്ചയിലേക്ക് നീങ്ങുകയാണെന്നും യായർ ആരോപിച്ചു. ഇസ്‌ലാം കേവലം മതമല്ലെന്നും രാഷ്ട്രീയ പ്രത്യയശാസ്ത്രമാണെന്നും സമാധാനപരമായി അയൽക്കാരോടൊപ്പം ജീവിക്കാൻ ആ പ്രത്യയശാസ്ത്രം അനുവദിക്കുന്നില്ലെന്നുമായിരുന്നു യായറിന്റെ വാദം. ജൂതന്മാർക്കും ക്രിസ്ത്യാനികൾക്കും ബുദ്ധമതക്കാർക്കും ഹിന്ദുക്കൾക്കും പരസ്പരം നല്ല അയൽക്കാരായി ജീവിക്കാൻ കഴിയുമെങ്കിലും ഭൂരിഭാഗം മുസ്‌ലിംകൾക്കും അതിന് കഴിയില്ലെന്നും മായർ കൂട്ടിച്ചേർത്തു.

യായറിന്റെ വിവാദ പ്രസ്താവനക്കെതിരെ അറബ് പാർലമെന്റ് അംഗം അഹ്മദ് തിബി രൂക്ഷമായി പ്രതികരിച്ചു. മയാമിയിൽ താമസിക്കുന്ന യായർ വീണ്ടും വംശീയവും ജൂതവിരുദ്ധവുമായ പരാമർശങ്ങൾ നടത്തിയിരിക്കുകയാണെന്ന് അദ്ദേഹം പരിഹസിച്ചു. അറബ് പൗരന്മാർ മാന്യമായി അധ്വാനിച്ച് ജീവിക്കുമ്പോൾ യായർ മയാമിയിലെ വസതിയിലിരുന്ന് സമൂഹമാധ്യമങ്ങളിൽ പ്രസ്താവനകൾ നടത്തുകയാണെന്നും തിബി പറഞ്ഞു. വംശീയ അധിക്ഷേപങ്ങൾക്കിടയിലും ഇസ്രായേലിൽ സഹകരണത്തിനും തുല്യാവകാശങ്ങൾക്കും വേണ്ടിയുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. വീണ്ടും തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ കൂടുതൽ വലിയ പങ്കാളിത്തത്തോടെ ജനങ്ങൾ രംഗത്തിറങ്ങുമെന്നും തിബി കൂട്ടിച്ചേർത്തു.

പബ്ലിക് റിലേഷൻസ് കൺസൾട്ടന്റായ റാനി റഹാവും യായറിന്റെ പരാമർശത്തെ വിമർശിച്ചു. പ്രധാനമന്ത്രി നെതന്യാഹുവിനെ നേരിട്ട് അഭിസംബോധന ചെയ്തായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 2016-ൽ അറബ് വോട്ടർമാരെക്കുറിച്ച് നെതന്യാഹു നടത്തിയ വിവാദ പ്രസ്താവനയും പിന്നീട് നടത്തിയ ഖേദപ്രകടനവും ഉൾപ്പെടുന്ന വിഡിയോയും റഹാവ് പങ്കുവെച്ചു.

26-ാമത് നെസറ്റ് തെരഞ്ഞെടുപ്പിൽ വിദേശ ഇടപെടൽ നടന്നെന്ന സംശയത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് യായറിന്റെ പ്രസ്താവന പുറത്തുവന്നത്. ഇതുമായി ബന്ധപ്പെട്ട രഹസ്യാന്വേഷണ വിവരങ്ങൾ പരിശോധിക്കുന്നതിനായി മൊസാദ് അന്വേഷണത്തിൽ പങ്കുചേർന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. ജോയിന്റ് അറബ് ലിസ്റ്റിന്റെ പ്രവർത്തനങ്ങൾക്കായി കൈമാറിയ പണത്തിന് പിന്നിൽ ഖത്തറാണോയെന്ന സാധ്യതയും അന്വേഷണത്തിന്റെ ഭാഗമാണ്. എന്നാൽ, ഈ സംശയങ്ങൾ തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കില്ലെന്നും ഫലം മാറ്റാൻ സാധ്യതയില്ലെന്നും ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. 

Tags:    
News Summary - PM's son Yair Netanyahu deems Israeli Arabs 'greatest danger' to Israel besides Iran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.