മദുറോയെ തട്ടിക്കൊണ്ടുപോയതിൽ ട്രംപിന് നന്ദി അറിയിച്ച് മഷാദോ; വെനിസ്വേലയിൽ തെരഞ്ഞെടുപ്പ് വേണമെന്ന് ആവശ്യം
കറാക്കസ്: വെനിസ്വേലയിൽ ജനാധിപത്യം പുനഃസ്ഥാപിക്കാൻ വഴിതുറന്നത് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉറച്ച നിലപാടുകളാണെന്ന് നോബൽ സമ്മാന ജേതാവും വെനിസ്വേലൻ പ്രതിപക്ഷ നേതാവുമായ മരിയ കൊരീന മഷാദോ. വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദൂറോയെ തട്ടിക്കൊണ്ടുപോയതിലൂടെ രാജ്യത്ത് ‘സ്വാതന്ത്ര്യത്തിലേക്കുള്ള വാതിൽ തുറന്നുവെന്ന്’ മഷാദോ പറഞ്ഞു.
10 മാസത്തെ പ്രവാസ ജീവിതത്തിന് ശേഷം രാജ്യത്ത് തിരിച്ചെത്തിയ മഷാദോ, തലസ്ഥാനമായ കറാക്കസിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് പ്രതികരണങ്ങൾ നടത്തിയത്. രാജ്യത്ത് 2027-ൽ സ്വതന്ത്രവും നിഷ്പക്ഷവുമായ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.
ട്രംപിനൊപ്പം യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോക്കും മഷാദോ നന്ദി അറിയിച്ചു. ട്രംപിന്റെയും ഭരണകൂടത്തിന്റെയും ധീരമായ നടപടികളാണ് വെനിസ്വേലയിൽ സ്വാതന്ത്ര്യത്തിലേക്കുള്ള വഴി തുറന്നതെന്ന് അവർ പറഞ്ഞു. 2027ൽ രാജ്യത്ത് ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്ന രീതിയിലാണ് നിലവിലെ നീക്കങ്ങളെന്നും അവർ കൂട്ടിച്ചേർത്തു.
നേരത്തെയും ട്രംപിനെ പ്രശംസിച്ചിട്ടുള്ള മഷാദോ, 2025ൽ ട്രംപ് ഏറെ ആഗ്രഹിച്ചിരുന്ന നൊബേൽ സമാധാന പുരസ്കാരം അദ്ദേഹത്തിന് സമർപ്പിക്കുകയും ചെയ്തിരുന്നു. ദീർഘകാലമായി രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന മഷാദോ, നൊബേൽ പുരസ്കാരം സ്വീകരിക്കുന്നതിനായി കഴിഞ്ഞ ഡിസംബറിലാണ് നോർവേയിലെ ഓസ്ലോയിലേക്ക് പോയത്. മദൂറോ ഭരണകൂടത്തിൽനിന്ന് രക്ഷപ്പെടാൻ ഒരു വർഷത്തോളം ഒളിവിൽ കഴിഞ്ഞ അവർ, പിന്നീട് ബോട്ടിൽ രാജ്യം വിട്ടതായാണ് റിപ്പോർട്ട്. ഗ്രേ ബുൾ റെസ്ക്യൂ എന്ന സംഘടനയിലെ മുൻ അമേരിക്കൻ പ്രത്യേക സേനാംഗങ്ങളാണ് രക്ഷപ്പെടാൻ സഹായിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.
യു.എസ് ഭരണകൂടവുമായും ഇസ്രായേലുമായും നിരന്തരം അടുത്ത ബന്ധം പുലർത്തുന്ന മഷാദോ, വെനിസ്വേലയുടെ ദേശീയ പരമാധികാരം വിദേശ ശക്തികൾക്ക് പണയം വെക്കുകയാണെന്ന വിമർശനം അതിശക്തമാണ്.
ജനുവരിയിൽ മദുറോയെ അമേരിക്കൻ സേന പിടിച്ചുകൊണ്ടുപോയതിനു പിന്നാലെ അദ്ദേഹത്തിന്റെ മുൻ വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസാണ് വെനിസ്വേലയുടെ ഭരണം നടത്തുന്നത്. റോഡ്രിഗസുമായി കൂടിക്കാഴ്ച നടത്താനുള്ള സാധ്യതയെക്കുറിച്ച് ചോദിച്ചപ്പോൾ, അവരിൽനിന്നോ വാഷിങ്ടണിൽനിന്നോ തനിക്ക് ഇതുവരെ സന്ദേശമൊന്നും ലഭിച്ചിട്ടില്ലെന്ന് മഷാദോ പറഞ്ഞു. അതേസമയം, വ്യാഴാഴ്ച മഷാദോയുടെ വാർത്താസമ്മേളനത്തിന് തൊട്ടുമുമ്പ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്തുമെന്ന് റോഡ്രിഗസ് ഉറപ്പുനൽകിയിരുന്നു. ലോകം സാക്ഷിയായിരിക്കെ തെരഞ്ഞെടുപ്പ് നടക്കുമെന്നായിരുന്നു അവരുടെ പ്രഖ്യാപനം. എന്നാൽ തീയതി വ്യക്തമാക്കിയില്ല.
അമേരിക്കയുമായി അടുത്തിടെ ഉണ്ടാക്കിയ എണ്ണക്കരാറും മഷാദോ വിമർശിച്ചു. വെനിസ്വേലയുടെ വൻ എണ്ണശേഖരത്തിന്റെ 20 ശതമാനം കൈമാറുന്നതുമായി ബന്ധപ്പെട്ടതാണ് വിവാദമായ കരാർ. വെനിസ്വേലൻ സമൂഹം ആഗ്രഹിക്കുന്ന സുതാര്യതയുടെ നിലവാരം ഈ കരാറിൽ പ്രതിഫലിക്കുന്നില്ലെന്ന് മഷാദോ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.