യോസെഫ് (യോസി) മിസ്രാച്ചി
‘ഇന്ത്യയിൽ ഡോക്ടർമാരും ഗോമൂത്രം കുടിക്കുന്നു’; ഇസ്രായേൽ ജൂത പുരോഹിതന്റെ പ്രസ്താവന വിവാദത്തിൽ
തെൽഅവീവ്: ഹിന്ദു ആചാരങ്ങളെയും ഇന്ത്യൻ ഡോക്ടർമാരെയും അപഹസിച്ചുകൊണ്ടുള്ള ഇസ്രായേലി-അമേരിക്കൻ ജൂത പുരോഹിതൻ (റബ്ബി) യോസെഫ് (യോസി) മിസ്രാച്ചിയുടെ പരാമർശം വലിയ വിവാദത്തിന് തിരികൊളുത്തി. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ ഓർത്തഡോക്സ് ജൂത മതപ്രഭാഷകന്റെ പ്രസ്താവനയ്ക്കെതിരെ ഇന്ത്യയിലും ഇസ്രായേലിലും സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. മിസ്രാച്ചി വംശീയ അധിക്ഷേപം നടത്തുകയാണെന്നും ഹിന്ദു മതവിശ്വാസങ്ങളെ അവഹേളിക്കുകയാണെന്നും വിമർശകർ കുറ്റപ്പെടുത്തി. തന്റെ ഫേസ്ബുക്ക് പേജിൽ മുൻപ് ജോലി ചെയ്തിരുന്ന ഒരു ഇന്ത്യൻ യുവാവ് ജൂതമതത്തിലേക്ക് മാറാൻ ആഗ്രഹിച്ച സംഭവത്തെക്കുറിച്ച് സംസാരിക്കവെയാണ് മിസ്രാച്ചി അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയത്. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയായിരുന്നു.
വിവാദ പരാമർശങ്ങൾ ഇങ്ങനെ
'പശുവിനെ ആരാധിക്കുന്ന ഇന്ത്യക്കാരെ നിങ്ങൾക്കറിയില്ലേ? ഹിന്ദുക്കൾ,' എന്ന് പറഞ്ഞ അദ്ദേഹം, ആളുകൾ തറയിൽ നിന്ന് ഗോമൂത്രം കുടിക്കുമെന്നും, അതുമാത്രമല്ല, അത്തരം കാര്യങ്ങൾ ചെയ്യുന്ന ചില ആളുകൾ ഡോക്ടർമാർ കൂടിയാണ്, എന്നും പറഞ്ഞ മിസ്രാച്ചി, തന്നെ ഒരു ഇന്ത്യക്കാരനായി സൃഷ്ടിക്കാതിരുന്നതിന് ദൈവത്തോട് നന്ദി പറയുന്നുവെന്നും കൂട്ടിച്ചേർത്തു. ന്യൂഡൽഹിയിലുള്ള ഒരു ഡോക്ടറുമായുള്ള സാങ്കൽപ്പിക കൂടിക്കാഴ്ചയെ പരിഹസിച്ച അദ്ദേഹം, തെരുവിൽ പശുക്കൾ തടസ്സമുണ്ടാക്കിയാലും മതപരമായ വിശ്വാസങ്ങൾ കാരണം ആളുകൾ അതിനെ മാറ്റാൻ മടിക്കുമെന്നും പറഞ്ഞു കളിയാക്കി.
ഇസ്രായേലിന്റെ പ്രതിച്ഛായ തകർത്തെന്ന് ഗവേഷകൻ; വംശീയതയ്ക്കെതിരെ ഫലസ്തീൻ അംബാസഡർ
യോസി മിസ്രാച്ചിയുടെ അധിക്ഷേപ പ്രസ്താവനയ്ക്കെതിരെ പ്രമുഖ ഇസ്രായേലി ഗവേഷകനും എഴുത്തുകാരനുമായ യെഷായ റോസൻമാൻ രംഗത്തെത്തി. മിസ്രാച്ചിയുടെ പരാമർശം ഇസ്രായേലിന്റെ അന്താരാഷ്ട്ര പ്രതിച്ഛായയ്ക്ക് വരുത്തിവെച്ച കേടുപാടുകൾ വളരെ വലുതാണെന്ന് അദ്ദേഹം വിലയിരുത്തി. ഇതര മതവിശ്വാസികൾ, ഭിന്നശേഷിക്കാർ, കാൻസർ രോഗികൾ എന്നിവരെക്കുറിച്ച് മുൻപും ഇയാൾ മോശം പരാമർശങ്ങൾ നടത്തിയിട്ടുണ്ടെന്നും റോസൻമാൻ ചൂണ്ടിക്കാട്ടി.
പേര് പരാമർശിക്കാതെയാണെങ്കിലും, മതവിദ്വേഷ പ്രചാരണങ്ങൾക്കെതിരെ ഇന്ത്യയിലെ ഫലസ്തീൻ അംബാസഡർ അബ്ദുല്ല എം. അബു ഷാവേഷും രംഗത്തെത്തി. 'വംശീയവാദികൾ നമ്മൾക്കെല്ലാവർക്കും ഒരേപോലെ ഭീഷണിയാണ്,' എന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. നിരവധി ഇന്റർനെറ്റ് ഉപയോക്താക്കളും പുരോഹിതന്റെ നിലപാട് കടുത്ത വംശീയതയും അപലപനീയവുമാണെന്ന് വ്യക്തമാക്കി.
മുൻപും വിവാദനായകൻ
ഇസ്രായേലിൽ ജനിച്ച മിസ്രാച്ചി നിലവിൽ 'ഡിവൈൻ ഇൻഫർമേഷൻ' എന്ന പേരിൽ ഒരു ഓൺലൈൻ മതപ്രചാരണ പ്ലാറ്റ്ഫോം നടത്തിവരികയാണ്. മുൻപും ഇയാളുടെ വിവാദ നിലപാടുകൾക്കെതിരെ ജൂത മതനേതാക്കൾ തന്നെ രംഗത്തെത്തിയിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിലെ ഹോളോകോസ്റ്റിൽ പത്തുലക്ഷത്തിൽ താഴെ ജൂതന്മാർ മാത്രമാണ് കൊല്ലപ്പെട്ടതെന്ന് 2015-ൽ ഇയാൾ വ്യാജമായി അവകാശപ്പെട്ടിരുന്നു. യഥാർത്ഥത്തിൽ അറുപത് ലക്ഷത്തോളം ജൂതന്മാരാണ് ഈ വംശഹത്യയിൽ കൊല്ലപ്പെട്ടത്.
ഈ പ്രസ്താവന വലിയ വിവാദമായതിനെ തുടർന്ന് പിന്നീട് ഇയാൾക്ക് പരസ്യമായി മാപ്പ് പറയേണ്ടി വന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.