തെഹ്‌റാൻ: സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ ഇറാനിലെ തുറമുഖങ്ങൾ ഉപരോധിക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്ക് വിചിത്രമായ രീതിയിൽ മറുപടി നൽകി ഇറാൻ. വെറുമൊരു രാഷ്ട്രീയ പ്രസ്താവനക്ക് പകരം ഒരു ഗണിത സമവാക്യം ഉപയോഗിച്ചാണ് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ് അമേരിക്കക്ക് മുന്നറിയിപ്പ് നൽകിയത്. ഹുർമുസ് കടലിടുക്ക് ഉപരോധിച്ചാൽ ലോകം നേരിടാൻ പോകുന്ന സാമ്പത്തിക ആഘാതം എത്രത്തോളം വലുതായിരിക്കുമെന്ന് ഈ സമവാക്യം വ്യക്തമാക്കുന്നു.
'ΔO_BSOH>0 ⇒ f(f(O))>f(O)' എന്നതാണ് ആ വിചിത്രമായ സമവാക്യം. ഇത് അർഥമാക്കുന്നത്, ലോകത്തെ പ്രധാന എണ്ണക്കടത്തു പാതയായ ഹുർമുസ് കടലിടുക്കിൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയാൽ എണ്ണവിലയിൽ വലിയ വർധനയുണ്ടാകും. എന്നാൽ, ആ വിലക്കയറ്റം അവിടെ അവസാനിക്കില്ല. വിപണിയിലെ പരിഭ്രാന്തിയും എണ്ണലഭ്യതയിലുണ്ടാകുന്ന കുറവും കാരണം രണ്ടാമതൊരു വിലക്കയറ്റം കൂടി തൊട്ടുപിന്നാലെ എത്തും. ഈ രണ്ടാമത്തെ ആഘാതം ആദ്യത്തേതിനേക്കാൾ ഭീകരമായിരിക്കുമെന്നാണ് ഇറാൻ ഈ ഫോർമുലയിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.
നിലവിലെ ഇന്ധനവില കണ്ട് അമേരിക്കക്കാർ സന്തോഷിച്ചോളൂ എന്ന് ഖാലിബാഫ് പരിഹസിച്ചു. വൈറ്റ് ഹൗസിന് സമീപമുള്ള ഒരു പെട്രോൾ പമ്പിലെ വിലയുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ഇറാന്റെ പരിഹാസം. ഉപരോധം വരുന്നതോടെ അമേരിക്കയിലെ ഇന്ധനവില 5 ഡോളറിന് മുകളിൽ കടക്കുമെന്നും അപ്പോൾ അമേരിക്കൻ ജനത പഴയ വിലക്കായി കൊതിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. എണ്ണവില വർധന വിപണിയിൽ കൂടുതൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകുന്നു.
യു.എസും ഇറാനും തമ്മിൽ പാകിസ്താനിലെ ഇസ്‌ലാമാബാദിൽ വെച്ച് നടന്ന സമാധാന ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് ഇറാന്റെ തുറമുഖങ്ങൾ ഉപരോധിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചത്. തിങ്കളാഴ്ച മുതൽ ഉപരോധം നിലവിൽ വരുമെന്നാണ് യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചിരിക്കുന്നത്. ഇറാനിയൻ തുറമുഖങ്ങളിലേക്കുള്ള കപ്പലുകളെല്ലാം തടയുന്നതോടെ ആഗോള എണ്ണ വിപണിയിൽ വൻ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.