ന്യൂയോർക്ക്: ചരിത്രം കുറിച്ച് ഇന്ത്യൻ വംശജനായ സൊഹ്റാൻ മംദാനി ന്യൂയോർക്ക് മേയർ. ന്യൂയോർക്ക് നഗര ചരിത്രത്തിലെ ആദ്യ മുസ്‌ലിം മേയറാണ് സോഷ്യലിസ്റ്റ് നിലപാടുള്ള 34കാരൻ തെരഞ്ഞെടുക്കപ്പെട്ടത്. സ്വതന്ത്ര സ്ഥാനാർഥി ആൻഡ്രൂ കുമോയെ പരാജയപ്പെടുത്തിയാണ് ഡെമോക്രാറ്റിക് സ്ഥാനാർഥി മംദാനിയുടെ ചരിത്ര വിജയം. 51.5 ശതമാനം വോട്ടുകൾ നേടി. കുമോക്ക് 39.7 ശതമാനം വോട്ടുകളാണ് ലഭിച്ചത്.
ന്യൂയോർക്ക് മേയറാകുന്ന ആദ്യ ഇന്ത്യൻ വംശജനും ഏറ്റവും പ്രായം കുറഞ്ഞയാളുമാണ് 34കാരനായ മംദാനി. റിപ്പബ്ലിക്കൻ സ്ഥാനാർഥി കർട്ടിസ് സ്ലീവക്ക് എട്ടു ശതമാനം വോട്ടുകൾ മാത്രമാണ് നേടാനായത്. അമേരിക്കയിലെ ഏറ്റവും ജനസാന്ദ്രതയേറിയ നഗരമായ ന്യൂയോർക്കിന്റെ മേയറെ തെരഞ്ഞെടുക്കുന്ന വോട്ടെടുപ്പിൽ 85 ലക്ഷത്തോളം നഗരവാസികളാണ് വോട്ട് ചെയ്തത്. ബ്രൂക്‍ലിൻ, ക്വീൻസ്, മാൻഹാട്ടൻ, ദി ബ്രോൺക്സ്, സ്റ്റേറ്റൺ ഐലൻഡ് എന്നീ അഞ്ചു നഗരങ്ങൾ ചേർന്നാണ് ന്യൂയോർക്ക് സിറ്റി. ഡെമോക്രാറ്റിക് സ്ഥാനാർഥി സൊഹ്റാൻ മംദാനി ന്യൂയോർക്ക് മേയറാകുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു.
പുതിയ മേയർ 2026 ജനുവരി ഒന്നിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഇന്ത്യൻ വംശജയായ ചലച്ചിത്ര സംവിധായക മീര നയാറുടെയും ഉഗാണ്ടൻ അകാദമിക് വിദഗ്ധൻ മഹ്മൂദ് മംദാനിയുടെയും മകനാണ് മംദാനി. മംദാനിയുടെ മേയർ തെരഞ്ഞെടുപ്പ് വിജയം അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനും കനത്ത തിരിച്ചടിയായി. മംദാനിയുടെ സ്ഥാനാർഥിത്വത്തിനെതിരെ ട്രംപ് പരസ്യമായി രംഗത്തുവന്നിരുന്നു.
‘ന്യൂയോർക്ക് സിറ്റി മേയർ തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് സ്ഥാനാർഥി സൊഹ്റാൻ മംദാനി വിജയിച്ചാൽ, എന്റെ പ്രിയപ്പെട്ട ആദ്യ ഭവനത്തിന് ആവശ്യമായ ഏറ്റവും കുറഞ്ഞ തുകയല്ലാതെ ഫെഡറൽ ഫണ്ടുകൾ സംഭാവന ചെയ്യുകയില്ലെന്നായിരുന്നു ട്രംപിന്റെ ഭീഷണി. ‘ഒരു ‘കമ്യൂണിസ്റ്റിലൂടെ ഈ മഹാ നഗരത്തിന് ഒരിക്കലും വിജയ സാധ്യതയില്ല. അതിജീവനത്തിന് പോലും കഴിയില്ല. മഹാദുരന്തമായിരിക്കും ന്യൂയോർക്കിനെ കാത്തിരിക്കുന്നത് -ട്രംപ് ട്രൂത്ത് സോഷ്യലിൽ എഴുതി.
ഒരു കമ്യൂണിസ്റ്റ് അധികാരത്തിലിരുന്നാൽ കാര്യങ്ങൾ കൂടുതൽ വഷളാകുകയേ ഉള്ളൂ. മംദാനി വിജയിച്ചാൽ ന്യൂയോർക്ക് നഗരം സമ്പൂർണ്ണമായ സാമ്പത്തിക, സാമൂഹിക ദുരന്തമാകുമെന്നും ട്രംപ് പറഞ്ഞിരുന്നു. മുൻ ഗവർണർ ആൻഡ്രൂ കുമോക്കാണ് ട്രംപ് മേയർ സ്ഥാനത്തേക്ക് ഔദ്യോഗികമായി പിന്തുണ നൽകിയിരുന്നത്. സാമൂഹിക മാധ്യമങ്ങളും നൂതന സാങ്കേതിക വിദ്യകളുമെല്ലാം പ്രചാരണത്തിന് പരമാവധി ഉപയോഗിച്ച മംദാനി യുവാക്കൾക്കിടയിൽ വലിയ സ്വാധീനമുണ്ടാക്കി.
വിര്‍ജിനിയയുടെ ചരിത്രത്തിലെ ആദ്യ വനിതാ ഗവര്‍ണറായി ഡെമേക്രാറ്റിക് സ്ഥാനാര്‍ഥി അബിഗെയ്ല്‍ സ്പാന്‍ബെര്‍ഗര്‍ തെരഞ്ഞെടുക്കപ്പെട്ടു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വിന്‍സം ഏര്‍ലി സിയേഴ്‌സിനെയാണ് പരാജയപ്പെടുത്തിയത്. വിര്‍ജിനിയയുടെ ആദ്യ വനിതാ ഗവര്‍ണറാണ്. ന്യൂജേഴ്‌സി ഗവര്‍ണര്‍ തെരഞ്ഞെടുപ്പിലും ഡെമോക്രാറ്റിക് സ്ഥാനാർഥി വിജയിച്ചു. മിക്കി ഷെറില്‍ ആണ് ന്യൂജേഴ്‌സി ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെട്ടത്. ന്യൂയോര്‍ക്കിലും വിര്‍ജിനിയയിലും ന്യൂജേഴ്‌സിയിലുമെല്ലാം ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വിജയം ട്രംപിന് കനത്ത തിരിച്ചടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.