കിം ജോങ് ഉൻ
പ്യോങ്യാങ്:അമേരിക്കയിൽ നിന്നും ദക്ഷിണ കൊറിയയിൽ നിന്നുമുള്ള സുരക്ഷാ വെല്ലുവിളികൾ നേരിടാൻ നാവികസേനയെ പൂർണ്ണമായും ആണവായുധ സജ്ജമാക്കുമെന്നും ഭീമൻ യുദ്ധക്കപ്പലുകൾ നിർമ്മിക്കുമെന്നും ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ പ്രഖ്യാപിച്ചു. ഉത്തരകൊറിയയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ കെ.സി.എൻ.എ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ വർഷം നിർമ്മാണം പൂർത്തിയാക്കിയ 5,000 ടൺ ഭാരമുള്ള 'ചോ ഹ്യോൺ' എന്ന അത്യാധുനിക യുദ്ധക്കപ്പൽ നാവികസേനയ്ക്ക് സമർപ്പിക്കുന്ന ചടങ്ങിലാണ് കിമ്മിന്റെ നിർണായക പ്രഖ്യാപനം. ഇതോടെ, നാവികസേനയെ ആണവായുധ ശേഷിയുള്ളതാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തതുപോലെ മുന്നോട്ട് പോകുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ചോ ഹ്യോണിന് പിന്നാലെ 'കാങ് കോൺ' എന്ന ഡിസ്ട്രോയർ കപ്പലും, തുടർന്ന് 10,000 ടൺ ഭാരമുള്ള കൂറ്റൻ തന്ത്രപ്രധാന യുദ്ധക്കപ്പലുകളും ഒന്നിനുപുറകെ ഒന്നായി രാജ്യം നിർമ്മിക്കുമെന്നും കിം കൂട്ടിച്ചേർത്തു. വർഷത്തിൽ ഇത്തരം രണ്ട് കപ്പലുകളെങ്കിലും നിർമ്മിക്കുകയാണ് പ്യോങ്‌യാങ്ങിന്റെ ലക്ഷ്യം.
നിലവിൽ ദക്ഷിണ കൊറിയയ്ക്ക് അയ്യായിരം ടണ്ണിലധികം ഭാരമുള്ള പത്തിലധികം യുദ്ധക്കപ്പലുകൾ ഉള്ളപ്പോൾ ഉത്തരകൊറിയയ്ക്ക് ഇത് രണ്ടെണ്ണം മാത്രമാണ്. പുതിയ 10,000 ടൺ കപ്പലുകൾ സമുദ്രമേഖലയിലെ ദക്ഷിണ കൊറിയയുടെ ആധിപത്യത്തിന് തടയിടാനുള്ള കിമ്മിന്റെ മറുപടിയാണെന്ന് പ്രതിരോധ വിദഗ്ദ്ധർ വിലയിരുത്തുന്നത്.
കൊറിയൻ ഉപദ്വീപിൽ യുദ്ധമുണ്ടായാൽ അമേരിക്കൻ സൈന്യത്തിന്റെ ഇടപെടൽ തടയുക എന്ന തന്ത്രപരമായ ലക്ഷ്യവും ഈ നീക്കത്തിന് പിന്നിലുണ്ട്. തന്ത്രപരമായ ആണവ പോർമുനകൾ വഹിക്കാൻ ശേഷിയുള്ള ക്രൂയിസ് മിസൈലുകൾ കപ്പലുകളിൽ വിന്യസിക്കുന്നതോടെ ദക്ഷിണ കൊറിയയുടെയും അമേരിക്കയുടെയും പ്രതിരോധ ചെലവുകൾ വൻതോതിൽ വർദ്ധിക്കും. അമേരിക്കയും ദക്ഷിണ കൊറിയയും ചേർന്ന് കൊറിയൻ ഉപദ്വീപിനെ ആണവയുദ്ധത്തിന്റെ വക്കിലേക്ക് തള്ളിവിടുകയാണെന്ന് കിം ജോങ് ഉൻ കഴിഞ്ഞ ദിവസങ്ങളിൽ കുറ്റപ്പെടുത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് നാവികസേനയെ കൂടുതൽ ശക്തമാക്കാനുള്ള പുതിയ പ്രഖ്യാപനവുമായി ഉത്തരകൊറിയ രംഗത്തെത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.