പാരീസ്

44 ഡിഗ്രി ചൂടിൽ വെന്തുരുകി യൂറോപ്പ്; ഫ്രാൻസിൽ മാത്രം 40 മുങ്ങി മരണം

പാരിസ്: കനത്ത ചൂടിൽ വെന്തുരുകി യൂറോപ്പ്. റെക്കോർഡ് താപനിലയെത്തുടർന്ന് ജനജീവിതം സ്തംഭിച്ച അവസ്ഥയിലാണ്. കടുത്ത ചൂടിൽ നിന്ന് രക്ഷനേടാനായി പുഴകളിലും തടാകങ്ങളിലും നീന്തിക്കുളിക്കാൻ ശ്രമിക്കുന്നതിനിടെ ഫ്രാൻസിൽ മാത്രം കഴിഞ്ഞ ദിവസങ്ങളിൽ മുങ്ങിമരിച്ചത് 40 പേരാണ്. ജൂൺ 18 മുതൽ നടന്ന ഈ മരണങ്ങൾ ഒരു വലിയ ദുരന്തമാണെന്നും, അതീവ ജാഗ്രത പാലിക്കണമെന്നും പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർനു വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

രാജ്യ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന ചൂടാണ് ഫ്രാൻസ് ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്. തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ ഒരു നഗരത്തിൽ താപനില 44.3 ഡിഗ്രി സെൽഷ്യസിലെത്തി. അടിയന്തര സാഹചര്യത്തെ തുടർന്ന് രാജ്യത്തെ 54 ഡിപ്പാർട്ട്‌മെന്റുകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. സ്ഥിതിഗതികൾ ഗുരുതരമായതോടെ ബുധനാഴ്ചയോടെ റെഡ് അലേർട്ട് ഉള്ള മേഖലകളുടെ എണ്ണം 58 ആയി ഉയരുമെന്ന് മെറ്റിയോ ഫ്രാൻസ് അറിയിച്ചു.

ഫ്രാൻസിന് പുറമെ ബ്രിട്ടൻ, ഇറ്റലി, സ്വിറ്റ്സർലൻഡ്, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിലും ഉഷ്ണതരംഗം ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. താപനില ക്രമാതീതമായി ഉയർന്നതോടെ പലയിടത്തും സ്കൂളുകൾക്ക് അവധി നൽകി. പൊതുഗതാഗത സംവിധാനങ്ങൾ പലയിടത്തും താളം തെറ്റി. പാരിസിലെ ഐഫൽ ടവർ ഉൾപ്പെടെയുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ ചൂട് കാരണം അടച്ചിട്ടു. സ്‌പെയിനിലും ഇറ്റലിയിലും കടുത്ത ജാഗ്രത നിർദേശമാണ് അധികൃതർ നൽകിയിരിക്കുന്നത്. കാട്ടുതീ ഭീഷണി നിലനിൽക്കുന്നതിനാൽ സ്പെയിനിൽ പരമ്പരാഗതമായി നടത്തിവരാറുള്ള പല ആഘോഷങ്ങളും റദ്ദാക്കിയിട്ടുണ്ട്.

'ഒമേഗ ബ്ലോക്ക്' എന്ന് വിളിക്കപ്പെടുന്ന പ്രതിഭാസമാണ് ഈ ഉഷ്ണതരംഗത്തിന് പിന്നിലെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. തണുത്ത വായുസഞ്ചാരത്തിന് തടസ്സം സൃഷ്ടിച്ചുകൊണ്ട് ചൂടുകാറ്റ് തങ്ങിനിൽക്കുന്ന ഈ അവസ്ഥ താപനില ദിവസേന വർധിക്കാൻ കാരണമാകുന്നു. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ഇത്തരത്തിലുള്ള ദീർഘകാല ഉഷ്ണതരംഗങ്ങൾ യൂറോപ്പിൽ വർധിക്കുമെന്ന് ലോക കാലാവസ്ഥാ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഫാനുകളും എയർകണ്ടീഷണറുകളും വിപണിയിൽ നിന്നും അപ്രത്യക്ഷമായിരിക്കുകയാണ്. കടുത്ത ചൂടിൽ നിന്ന് രക്ഷനേടാൻ ജനങ്ങൾ പെടാപ്പാട് പെടുകയാണ്. ലണ്ടനിലെയും പാരിസിലെയും കടകളിൽ ഫാനുകൾ വാങ്ങാൻ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ചൂട് കുറഞ്ഞ പ്രദേശങ്ങളിലേക്ക് വിനോദസഞ്ചാരികൾ ചേക്കേറുന്ന 'കൂൾക്കേഷൻ' എന്ന പുതിയ ട്രെൻഡും യൂറോപ്പിൽ കണ്ടുതുടങ്ങിയിട്ടുണ്ട്. വെള്ളിയാഴ്ചയോടെ താപനിലയിൽ നേരിയ കുറവുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. അതുവരെ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നാണ് ഭരണകൂടത്തിന്റെ നിർദേശം.

Tags:    
News Summary - 40 Drown Across France As It Sees Its Hottest Day Ever

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.