ന്യൂയോർക്ക്: ട്വിറ്ററിലെ ജീവനക്കാരുടെ കൂട്ടരാജിയിൽ ആശങ്കയില്ലെന്ന് ഇലോൺ മസ്ക്. സമയം നോക്കാതെ പണിയെടുക്കണമെന്നും അല്ലാത്തവർക്ക് പിരിഞ്ഞുപോകാമെന്നുമുള്ള ഇലോൺ മസ്കിന്‍റെ അന്ത്യശാസനത്തിനു പിന്നാലെയാണ് ട്വിറ്ററിൽ ജീവനക്കാർ കൂട്ടത്തോടെ രാജിവെക്കുന്നത്.
നൂറുകണക്കിന് ജീവനക്കാരാണ് ഇതിനകം രാജിവെച്ചത്. ഇതോടെ കമ്പനിയുടെ ഓഫിസുകൾ പലതും താൽക്കാലികമായി അടച്ചുപൂട്ടി. മസ്ക് ട്വിറ്റർ ഏറ്റെടുത്തതിനു പിന്നാലെ ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി 3000ഓളം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. 'മികച്ചവർ നിൽക്കും, അതിനാൽ വലിയ ആശങ്കയില്ല' -മസ്ക് ട്വീറ്റ് ചെയ്തു. നൂറുകണക്കിന് ജീവനക്കാർ ട്വിറ്ററിന്റെ ഇന്‍റേണൽ മെസ്സേജിങ് പ്ലാറ്റ്ഫോമായ സ്ലാക്കിൽ രാജിവെച്ചതായുള്ള സന്ദേശങ്ങളും ഇമോജികളും പോസ്റ്റ് ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
'പുതിയ ട്വിറ്ററിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നുണ്ടോ' എന്ന പോളിൽ വ്യാഴാഴ്ച വൈകീട്ട് അഞ്ചിനകം നിലപാട് അറിയിക്കാനാണ് നിർദേശം നൽകിയത്. അല്ലാത്തവർക്ക് പിരിഞ്ഞുപോകാം. നിശ്ചിത സമയത്തിനകം വിവരം അറിയിക്കാത്തവരെ മൂന്നു മാസത്തെ ശമ്പളം നൽകി പിരിച്ചുവിടുമെന്നും മസ്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.