കിം ജോങ് ഉൻ മിസൈൽ സംവിധാനം അനാവരണം ചെയ്യുന്നു
ഉത്തരകൊറിയയിൽ ശക്തമായ ആണവായുധം അനാച്ഛാദനം ചെയ്ത് കിം ജോങ് ഉൻ. അന്താരാഷ്ട്ര പ്രമുഖർ പങ്കെടുത്ത ഒരു പ്രധാന സൈനിക പരേഡിൽ അധ്യക്ഷത വഹിക്കുകയായിരുന്നു കിം . രാജ്യത്തിന്റെ ഏറ്റവും പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പ്രദർശിപ്പിച്ചതായി കെ.സി.എൻ.എ റിപ്പോർട്ട് ചെയ്തു. കൊറിയൻ വർക്കേഴ്സ് പാർട്ടിസ്ഥാപിതമായതിന്റെ 80-ാം വാർഷികാഘോഷങ്ങൾക്ക് ശേഷം വെള്ളിയാഴ്ച രാത്രി സൈനികപരേഡും നടന്നു. പ്യോങ്‌യാങ്ങിലെ വിദേശ അതിഥികളിൽ ചൈനീസ് പ്രധാനമന്ത്രി ലി കെക്വിയാങ്, മുൻ റഷ്യൻ പ്രസിഡന്റ് ദിമിത്രി മെദ്‌വദേവ്, വിയറ്റ്നാമീസ് കമ്യൂണിസ്റ്റ് പാർട്ടി നേതാവ് ടോ ലാം എന്നിവരും ഉൾപ്പെടുന്നു.
പരേഡിനിടെ, ഉത്തരകൊറിയ തങ്ങളുടെ ഏറ്റവും പുതിയതും പ്രഹരശേഷി കൂടിയതുമായ ഹ്വാസോങ്-20 ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പ്രദർശിപ്പിച്ചു, രാജ്യത്തിന്റെ ഏറ്റവും ശക്തമായ തന്ത്രപരമായ ആണവ ആയുധ സംവിധാനം എന്ന് കെ.സി.എൻ.എ വിശേഷിപ്പിച്ചു. ഹ്വാസോങ് ഐസിബിഎം സീരീസിലുള്ള മിസൈലുകൾക്ക് അമേരിക്കയിലെവിടെയും ആക്രമിക്കാനുള്ള പ്രഹരശേഷിയുള്ളതാണ്. എന്നാൽ അതിന്റെ ലക്ഷ്യ കൃത്യതയെയും അന്തരീക്ഷത്തിലേക്ക് വീണ്ടും പ്രവേശിക്കാനുള്ള വാർഹെഡിന്റെ കഴിവിനെയും കുറിച്ച് വിദഗ്ധർക്ക് ഉറപ്പില്ല.
ദീർഘദൂര ആണവശേഷി കൈവരിക്കാനുള്ള ഉത്തരകൊറിയയുടെ അഭിലാഷങ്ങളുടെ പ്രതീകമാണ് ഹ്വാസോങ്-20. യുഎസ് ആസ്ഥാനമായുള്ള കാർണീജ് എൻഡോവ്‌മെന്റ് ഫോർ ഇന്റർനാഷനൽ പീസിലെ അങ്കിത് പാണ്ഡ പറഞ്ഞു.ഒന്നിലധികം യുദ്ധമുനകൾ വഹിക്കാൻ ശേഷിയുള്ള രീതിയിലാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. നിലവിലുള്ള യുഎസ് മിസൈൽ പ്രതിരോധ സംവിധാനങ്ങൾക്കു പോലും വെല്ലുവിളി ഉയർത്തുന്നവയാണിത്. വാഷിംഗ്ടണിനെതിരെ പ്രതിരോധം കൈവരിക്കുന്നതിന് ആവശ്യമായ ആണവശേഷി വർധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് കിം പറഞ്ഞു.
പരേഡിനിടെ നടത്തിയ പ്രസംഗത്തിൽ, വിദേശത്ത്, പ്രത്യേകിച്ച് റഷ്യയുടെ യുക്രെയ്ൻ യുദ്ധത്തിൽ സേവനമനുഷ്ഠിക്കുന്ന ഉത്തരകൊറിയൻ സൈനികരെ കിം അഭിനന്ദിച്ചു.നമ്മുടെ സൈന്യം എല്ലാ ഭീഷണികളെയും നശിപ്പിക്കാൻ കഴിയുന്ന ഒരു അജയ്യ ശക്തിയായി മാറുമെന്നും കിം പ്രഖ്യാപിച്ചു.
വെള്ളിയാഴ്ച മെദ്‌വദേവുമായും കിം കൂടിക്കാഴ്ച നടത്തി.യുക്രെയ്‌നിൽ റഷ്യയ്ക്കുവേണ്ടി പോരാടുന്ന ഉത്തരകൊറിയൻ സൈന്യം ഇരു രാജ്യങ്ങളും തമ്മിലുള്ള വിശ്വാസം പ്രകടമാക്കിയെന്ന് അദ്ദേഹം പറഞ്ഞു. റഷ്യയുമായുള്ള സഹകരണം ശക്തിപ്പെടുത്താനും പരസ്പര ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി വൈവിധ്യമാർന്ന കൈമാറ്റങ്ങൾ നടത്താനുമുള്ള ആഗ്രഹം കിം പ്രകടിപ്പിച്ചതായി കെ.സി.എൻ.എ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.