മാധ്യമങ്ങളുടെ വായ മൂടിക്കെട്ടി റഷ്യ; ലൈവ് ഓൺ-എയറിൽ രാജി പ്രഖ്യാപിച്ച് ചാനൽ ജീവനക്കാർ

മോസ്കോ: യുക്രെയ്നിലെ സൈനിക നടപടിക്കെതിരെ ജനരോഷം വർധിക്കുന്നതിനിടെ റഷ്യയിൽ മാധ്യമങ്ങളെ വരിഞ്ഞുകെട്ടാൻ പുടിൻ ഭരണകൂടം. യുക്രെയ്ൻ അധിനിവേശ വാർത്ത റിപ്പോർട്ട് ചെയ്ത നിരവധി റഷ്യൻ ചാനലുകളുടെ പ്രവർത്തനം നിർത്തിവെപ്പിച്ചു. തത്സമയം (ലൈവ് ഓൺ-എയർ) എല്ലാ ജീവനക്കാരും രാജി പ്രഖ്യാപിച്ചാണ് ഒരു റഷ്യൻ ചാനൽ സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധിച്ചത്. ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

റഷ്യൻ അധികൃതർ പ്രവർത്തനാനുമതി റദ്ദാക്കിയതോടെയാണ് ഡോസ്ദ് (റെയിൻ ടിവി) ചാനലിൽ ജീവനക്കാരെല്ലാവരും സ്ക്രീനിൽ പ്രത്യക്ഷപ്പെട്ട് രാജി പ്രഖ്യാപിച്ചത്. ചാനലിന്‍റെ സ്ഥാപകരിലൊരാളായ നതാലിയ 'നോ ടു വാർ' എന്ന് പറഞ്ഞതിനു പിന്നാലെ സ്റ്റുഡിയോയിൽനിന്ന് ജീവനക്കാരെല്ലാം ഇറങ്ങിപോകുന്നതിന്‍റെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പിന്നാലെ പ്രവർത്തനം അനിശ്ചിതമായി നിർത്തിവെച്ചതായി ചാനൽ അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു. സൈനിക നടപടികൾ സംബന്ധിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് 15 വർഷംവരെ തടവുശിക്ഷ നിർദേശിക്കുന്ന ബിൽ റഷ്യൻ പാർലമെന്റ് പാസാക്കിയിരുന്നു.

ഇതിനുപിന്നാലെയാണ് രാജ്യത്തെ ചില വാർത്ത മാധ്യമങ്ങൾ പ്രവർത്തനം നിർത്തിവെച്ചത്. യുക്രെയ്ൻ അധിനിവേശത്തിന്‍റെ തുടർച്ചയായി റഷ്യയിൽ മാധ്യമസ്ഥാപനങ്ങൾക്കുനേരെ സർക്കാർ വിവിധ തലങ്ങളിൽ ഭീഷണി ഉയർത്തിവരുകയായിരുന്നു. ഉപരിസഭയിൽ അവതരിപ്പിച്ചശേഷം പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഒപ്പിടുന്നതോടെ ബിൽ നിയമമായി മാറും. ശനിയാഴ്ചയോടെ നിയമം പ്രാബല്യത്തിൽവരുമെന്ന് സ്പീക്കർ വ്യാചെസ്‍ലാവ് വൊളോദിൻ പറഞ്ഞു.

വ്യാജമെന്ന് അധികൃതർ വിലയിരുത്തുന്ന വാർത്തകൾ പ്രചരിപ്പിച്ചാൽ മൂന്നു വർഷംവരെ തടവാണ് ശിക്ഷ. ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്ന വിഷയമാണെങ്കിൽ തടവ് 15 വർഷം വരെയാകാം. റഷ്യക്കെതിരെ ഉപരോധം ഏർപ്പെടുത്തണമെന്നതുപോലുള്ള പ്രചാരണങ്ങളും ബിൽ വിലക്കുന്നുണ്ട്. ബിൽ പാസായി രണ്ടു മണിക്കൂറിനുള്ളിൽ, വാർത്ത വെബ്സൈറ്റായ സ്നാക് പ്രവർത്തനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. അടുത്തിടെ കൊണ്ടുവന്ന മാധ്യമനിയന്ത്രണ നിയമങ്ങൾ കാരണം പ്രവർത്തനം ബുദ്ധിമുട്ടായ സാഹചര്യത്തിലാണ് തീരുമാനമെന്ന് സ്നാക് അറിയിച്ചു.

രാജ്യത്തെ പ്രമുഖ സ്വതന്ത്ര റേഡിയോ സ്റ്റേഷനായ എക്കോ മോസ്കി വ്യാഴാഴ്ച അടച്ചുപൂട്ടിയിരുന്നു.

Tags:    
News Summary - "No To War": Entire Staff Of Russian TV Channel Resigns Live On-Air

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.