ബ്രസൽസ്: വെടിനിർത്തൽ ചർച്ചയിൽനിന്ന് യുക്രെയ്നെയും യൂറോപ്പിനെയും ഒഴിവാക്കുന്നതിനെതിരെ മുന്നറിയിപ്പുമായി നാറ്റോ സഖ്യ രാജ്യങ്ങൾ രംഗത്ത്. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി ഉടൻ ചർച്ച നടത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചതിന് പിന്നാലെയാണ് വിമർശനവുമായി നാറ്റോ മുന്നോട്ടുവന്നത്. യുക്രെയ്നെ ഉൾപ്പെടുത്താതെ ആ രാജ്യത്തെക്കുറിച്ച് ഒരു ചർച്ചയും സാധ്യമല്ലെന്ന് ബ്രിട്ടന്റെ പ്രതിരോധ സെക്രട്ടറി ജോൺ ഹീലി പറഞ്ഞു.
യുക്രെയ്ന്റെ അഭിപ്രായമായിരിക്കണം ഏതൊരു ചർച്ചയുടെയും കാതൽ. യുക്രെയ്നുമപ്പുറം റഷ്യ ഒരു ഭീഷണിയാണെന്ന കാര്യം മറക്കരുതെന്നും ഹീലി ചൂണ്ടിക്കാട്ടി. നാറ്റോ സഖ്യ രാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാരുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ വർഷം യുക്രെയ്ന് ആവശ്യമായ സൈനിക സഹായത്തിന്റെ 60 ശതമാനവും നൽകിയ യൂറോപ്പിനെ സമാധാന ചർച്ചയിൽ ഉൾപ്പെടുത്തണമെന്ന് സ്വീഡന്റെ പ്രതിരോധ മന്ത്രി പാൽ ജോൺസണും ആവശ്യപ്പെട്ടു.
അതേസമയം, യുക്രെയ്ന്റെ സുരക്ഷക്ക് വേണ്ടി യൂറോപ്യൻ യൂനിയൻ കോടികൾ മുടക്കുകയും റഷ്യക്കെതിരെ ഉപരോധം ഏർപ്പെടുത്തുകയും ചെയ്ത കാര്യം എടുത്തുപറഞ്ഞ എസ്തോണിയൻ പ്രതിരോധ മന്ത്രി ഹന്നോ പെവ്കൂർ, യൂറോപ്യൻ യൂനിയനെ മാറ്റിനിർത്തിയുള്ള സമാധാന പദ്ധതികൾ ദീർഘകാലം നിലനിൽക്കില്ലെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.