നൈജർ: പുറത്താക്കപ്പെട്ട പ്രസിഡന്‍റിന് പിന്തുണയുമായി അമേരിക്ക

നിയമി: നൈജറിൽ അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് ബാസൂമിന് പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്ത് അമേരിക്ക. അട്ടിമറിയിലൂടെ കോടിക്കണക്കിന് ഡോളർ സഹായം അനിശ്ചിതാവസ്ഥയിലായെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസമാണ് പ്രസിഡൻഷ്യൽ ഗാർഡ് യൂണിറ്റിന്റെ തലവൻ ജനറൽ അബ്ദുറഹ്മാൻ ചിയാനി അട്ടിമറിയിലൂടെ ബാസൂമിനെ പുറത്താക്കിയത്.

നൈജറിെന്റ പുതിയ നേതാവായി അദ്ദേഹം സ്വയം പ്രഖ്യാപിക്കുകയും ചെയ്തു. മേഖലയിലെ ഭീകരർക്കെതിരായ പോരാട്ടത്തിൽ പാശ്ചാത്യ രാജ്യങ്ങളുടെ പ്രധാന സഖ്യകക്ഷിയായി ബാസൂം കണക്കാക്കപ്പെട്ടിരുന്നു. പുതിയ നേതാവിെന്റ കീഴിൽ രാജ്യം എങ്ങോട്ട് തിരിയുമെന്ന കാര്യത്തിൽ പടിഞ്ഞാറൻ രാജ്യങ്ങളിൽ ആശങ്കയുണ്ട്. നൈജറിന്റെ അയൽക്കാരായ ബുർക്കിന ഫാസോയും മാലിയും അട്ടിമറിക്ക് ശേഷം റഷ്യയുമായി അടുത്തിരുന്നു.

തടവിലുള്ള ബാസൂമിനെ ആന്റണി ബ്ലിങ്കൻ രണ്ടുതവണ വിളിച്ചതായും നൈജറിൽ ജനാധിപത്യ ഭരണം പുനഃസ്ഥാപിക്കാനുള്ള ശ്രമം നടത്തുമെന്ന് ഉറപ്പ് നൽകിയതായും സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് പറഞ്ഞു. അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്തവരെ അംഗീകരിക്കില്ലെന്നും രാജ്യത്തലവനായി ബാസൂമിനെ മാത്രമേ അംഗീകരിക്കൂ എന്നും ഫ്രാസ് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, റഷ്യയിലെ വാഗ്നർ കൂലിപ്പടയാളി സംഘത്തിന്റെ നേതാവ് അട്ടിമറിയെ വിജയമെന്നാണ് വിശേഷിപ്പിച്ചത്. കോളനി വാഴ്ചക്കെതിരായ ജനങ്ങളുടെ പോരാട്ടമാണ് നൈജറിൽ സംഭവിച്ചതെന്ന് വാഗ്നറുമായി ബന്ധപ്പെട്ട ടെലിഗ്രാം ചാനലിൽ യെവ്ജെനി പ്രിഗോഷിൻ പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. തങ്ങളുടെ നിയമങ്ങൾ അടിച്ചേൽപ്പിക്കാനും നൂറുകണക്കിന് വർഷങ്ങൾക്ക് മുമ്പുള്ള അവസ്ഥയിൽതന്നെ ആഫ്രിക്കയെ നിലനിർത്താനും ശ്രമിക്കുന്നവർക്കെതിരായ പോരാട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.

സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, മാലി എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിൽ വാഗ്നറിന് ആയിരക്കണക്കിന് പോരാളികൾ ഉണ്ടെന്ന് കരുതപ്പെടുന്നു. ബിസിനസ് താൽപര്യങ്ങൾക്കൊപ്പം റഷ്യയുടെ നയതന്ത്ര, സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുകയുമാണ് ഇവരുടെ ദൗത്യം. പല ആഫ്രിക്കൻ രാജ്യങ്ങളിലും വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുന്നതായി വാഗ്നർ കൂലിപ്പടക്കെതിരെ ആരോപണമുണ്ട്.

Tags:    
News Summary - Niger coup: US offers ‘unflagging’ support to ousted leader as sanctions threatened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.