ഹാവിയർ മിലെയ്
3.5ലക്ഷം ഡോളർ നിക്ഷേപിക്കാനുണ്ടോ? മെസ്സിയുടെ നാട്ടിൽ പൗരത്വം കിട്ടും
ബ്യൂണസ് ഐറിസ്: വിദേശ നിക്ഷേപകരെ ആകർഷിക്കുന്നതിനും രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമാക്കുന്നതിനുമായി പുതിയ 'സിറ്റിസൺഷിപ്പ് ബൈ ഇൻവെസ്റ്റ്‌മെന്റ്' (ഗോൾഡൻ പാസ്‌പോർട്ട്) പദ്ധതി പ്രഖ്യാപിച്ച് അർജന്റീന സർക്കാർ. പാരീസിൽ നടക്കുന്ന 'അർജന്റീന വീക്ക്' ആഘോഷങ്ങൾക്കിടയിലാണ് പ്രസിഡന്റ് ഹാവിയർ മിലെയ്‌യുടെ ഭരണകൂടം തങ്ങളുടെ സാമ്പത്തിക പരിഷ്കരണ നടപടികളുടെ ഭാഗമായി ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.
എന്നാൽ മിലെയ് സർക്കാരിന്റെ ഈ നീക്കം രാജ്യത്തിന്റെ പരമാധികാരം പണയം വെക്കുന്നതാണെന്നും രാജ്യത്തിന്റെ സുരക്ഷക്ക് ഭീഷണിയാണെന്നും ആരോപിച്ച് വൻ വിമർശനമാണ് ഉയരുന്നത്. അർജന്റീനിയൻ പാസ്‌പോർട്ട് ലഭിക്കുന്നതിനായി ലളിതവും സുതാര്യവുമായ രണ്ട് മാർഗ്ഗങ്ങളാണ് സർക്കാർ മുന്നോട്ടുവെച്ചിരിക്കുന്നത്.
അപേക്ഷകർക്ക് രാജ്യത്തിന്റെ ട്രഷറിയിലേക്ക് 3,50,000 യു.എസ് ഡോളർ (ഏകദേശം 2.9 കോടി രൂപ) തിരിച്ചുകിട്ടാത്ത തുകയായി നേരിട്ട് സംഭാവന നൽകാം. അല്ലെങ്കിൽ ഈ ആവശ്യത്തിനായി പ്രത്യേകമായി പുറത്തിറക്കുന്ന 8,00,000 യു.എസ് ഡോളറിന്റെ സർക്കാർ ബോണ്ടുകൾ വാങ്ങാം. പങ്കാളിക്കും 18 വയസ്സിന് മുകളിലുള്ള കുട്ടികൾക്കും ട്രഷറിയിലേക്ക് 1,00,000 ഡോളർ വീതവും, 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് 25,000 ഡോളർ വീതവും അധികമായി നൽകിയാൽ മതിയാകും.
പദ്ധതി വഴി ലഭിക്കുന്ന തുക അർജന്റീനയുടെ സാമ്പത്തിക സ്ഥിതിയും വിദേശനാണ്യ ശേഖരവും മെച്ചപ്പെടുത്താൻ ഉപയോഗിക്കുമെന്ന് സാമ്പത്തിക മന്ത്രാലയം വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനും ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിനുമായി തുകയുടെ ഉറവിടം കൃത്യമായി പരിശോധിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
സർക്കാരിന്റെ നയങ്ങൾക്കെതിരെ രൂക്ഷമായ വിമർശനമാണ് സാമ്പത്തിക വിദഗ്ധരിൽ നിന്നും പ്രതിപക്ഷത്തു നിന്നും ഉയരുന്നത്. ഈ പദ്ധതിയിലൂടെ മറ്റ് രാജ്യങ്ങളിൽ പ്രവേശനം നിഷേധിക്കപ്പെട്ട ക്രിമിനലുകളും മയക്കുമരുന്ന് മാഫിയ തലവൻമാരും അർജന്റീനയിലേക്ക് കടന്നുകൂടാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധൻ പാബ്ലോ തിഗാനി മുന്നറിയിപ്പ് നൽകി. അർജന്റീനയുടെ സാമ്പത്തിക മാറ്റങ്ങൾ ദീർഘകാലത്തേക്ക് നിലനിൽക്കുമോ എന്ന് വിദേശ നിക്ഷേപകർ സംശയത്തോടെയാണ് കാണുന്നതെന്ന് സാമ്പത്തിക ശാസ്ത്രജ്ഞൻ മാർസെലോ എലിസോണ്ടോയും ചൂണ്ടിക്കാട്ടി.
വിദേശികൾക്ക് ഗ്രാമീണ ഭൂമി വാങ്ങുന്നതിനുള്ള പരിധി നീക്കം ചെയ്ത സുപ്രീംകോടതി വിധിക്ക് തൊട്ടുപിന്നാലെയാണ് മിലെയ്‌യുടെ പുതിയ പാസ്‌പോർട്ട് പദ്ധതി പ്രഖ്യാപനം. 2011 മുതൽ നിലവിലുണ്ടായിരുന്ന 15 ശതമാനം പരിധിയാണ് എടുത്തുകളഞ്ഞത്. 1982ലെ ഫോക്ക്‌ലാൻഡ് യുദ്ധത്തിലെ പൂർവ്വ സൈനികർ ഇതിനെതിരെ രംഗത്തുവരികയും മിലെയ് അർജന്റീനയെ വിൽപ്പനക്ക് വെച്ചിരിക്കുകയാണെന്ന് വെച്ചിരിക്കുകയാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു.
ഈ നിയമമാറ്റത്തിനെതിരെ അടുത്ത ആഴ്ച തലസ്ഥാനത്ത് വൻ പ്രതിഷേധ മാർച്ച് നടക്കും. ഒ.ഇ.സി.ഡി യോഗത്തിന്റെ ഭാഗമായി പാരിസിലെത്തിയ പ്രസിഡന്റ് ഹാവിയർ മിലെയ്‌ക്ക് ചില പ്രമുഖ വിദേശ കമ്പനികളിൽ നിന്ന് നിക്ഷേപ വാഗ്ദാനങ്ങൾ ലഭിച്ചിട്ടുണ്ട്. ഫ്രഞ്ച് കമ്പനിയായ ടോട്ടൽ എനർജീസ് പാറ്റഗോണിയയിലെ എണ്ണ-വാതക ഖനനത്തിനായി 10 ബില്യൺ ഡോളറും, സ്വിസ് കമ്പനിയായ ഗ്ലെൻകോർ ചെമ്പ് പദ്ധതിക്കായി 4 ബില്യൺ ഡോളറും നിക്ഷേപിക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്.
എങ്കിലും ബ്രസീൽ (76.87 ബില്യൺ ഡോളർ), മെക്സിക്കോ (40.87 ബില്യൺ ഡോളർ) എന്നീ അയൽരാജ്യങ്ങളെ അപേക്ഷിച്ച് അർജന്റീനയിലേക്ക് എത്തുന്ന വിദേശ നേരിട്ടുള്ള നിക്ഷേപം ഇപ്പോഴും വളരെ കുറവാണ്. ഈ വിടവ് നികത്താൻ ലക്ഷ്യമിട്ടാണ് മിലെയ് സർക്കാർ പുതിയ വിവാദ പദ്ധതികളുമായി മുന്നോട്ട് പോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.