നെതന്യാഹു-ട്രംപ് കൂടിക്കാഴ്ചയിൽ പുതിയ വെടിനിർത്തൽ പദ്ധതി?

തെൽഅവിവ്: ഇസ്രായേൽ പ്രധാനമ​ന്ത്രി ബിന്യമിൻ നെതന്യാഹു യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചക്ക് എത്തിയത് ഗസ്സയിൽ പുതിയ വെടിനിർത്തൽ പദ്ധതിയുമായെന്ന് റിപ്പോർട്ട്. 

ഞായറാഴ്ച യു.എസിലേക്ക് പുറപ്പെടുംമുന്നേ, ഫോക്സ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിൽ ഇതുസംബന്ധിച്ച സൂചന നെതന്യാഹു നൽകി. പുതിയ വെടിനിർത്തൽ പദ്ധതി തങ്ങൾ തയാറാക്കിക്കൊണ്ടിരിക്കുകയാണെന്നും വൈറ്റ് ഹൗസ് ചർച്ചയിൽ ഇതുസംബന്ധിച്ച് അന്തിമരൂപം നൽകാൻ കഴിയുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. അതേസമയം, പദ്ധതിയുടെ വിശദാംശങ്ങൾ പങ്കുവെക്കാൻ അദ്ദേഹം തയാറായില്ല.

കഴിഞ്ഞയാഴ്ച, യു.എൻ പൊതുസഭയിൽ ഗസ്സ വം​ശഹത്യ സംബന്ധിച്ച് നടന്ന ചർച്ചയും കൂടുതൽ രാജ്യങ്ങൾ ഫലസ്തീനെ അംഗീകരിച്ച് പ്രഖ്യാപനം നടത്തിയതും ഇസ്രായേലിനെ സമ്മർദത്തിലാക്കിയിട്ടുണ്ട്. തുടർന്നാണ്, വെടിനിർത്തൽ ഉൾപ്പെടെ വിഷയങ്ങൾ ചർച്ച ചെയ്യുന്നാതിനായി അദ്ദേഹം വൈറ്റ്ഹൗസിലേക്ക് തിരിച്ചത്. നേരത്തേ, യു.എൻ പൊതുസഭ സമ്മേളനത്തിനെത്തിയ അറബ് നേതാക്കളുമായി ട്രംപ് വെടിനിർത്തൽ പദ്ധതി ചർച്ച ചെയ്തിരുന്നു.

21 ഇന വെടിനിർത്തൽ പദ്ധതിയിൽ 48 മണിക്കൂറിനുള്ളിൽ ബന്ദികളെ മോചിപ്പിക്കണമെന്നതാണ് പ്രധാന വ്യവസ്ഥ. ഗസ്സയുടെ ഗവർണറായി മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറെ നിയമിക്കണമെന്നും ഹമാസ് നേതാക്കൾക്ക് ഉപാധികളോടെ ​പൊതുമാപ്പ് നൽകണമെന്നുമൊക്കെയാണ് മറ്റു നിർദേശങ്ങൾ. അതേസമയം, വെടിനിർത്തൽ സംബന്ധിച്ച പ്രപ്പോസൽ ലഭിച്ചിട്ടില്ലെന്നാണ് ഹമാസ് വക്താക്കൾ പറയുന്നത്. നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയിൽ 21ഇന നിർദേശങ്ങളായിരിക്കും പ്രധാന ചർച്ച. ഇതിന് നെതന്യാഹു വഴങ്ങിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

വെടിനിർത്തൽ ചർച്ച തുടരുമ്പോഴും ഗസ്സയിൽ ഇസ്രായേലിന്റെ വ്യോമാക്രമണം തുടരുകയാണ്. കഴിഞ്ഞ 36 മണിക്കൂറിനിടെ 60ൽ അധികം പേർ ഗസ്സയുടെ വിവിധ ഭാഗങ്ങളിൽ കൊല്ലപ്പെട്ടു. 

Tags:    
News Summary - New ceasefire plan in Netanyahu-Trump meeting?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.